23 August 2018, Thursday

ലോക് പാൽ സമിതിയിൽ നിന്ന് ആന്റണി പുറത്ത്

ലോക്പാല്‍ബില്ലിന്റെ കരടു രൂപീകരണസമിതിയില്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെ ഉള്‍പ്പെടുത്തിയില്ല. സര്‍ക്കാര്‍ നേരത്തെ രൂപംകൊടുത്ത അഴിമതിവിരുദ്ധ നിയമനിര്‍മാണത്തിനുള്ള മന്ത്രിതല സമിതിയില്‍ ആന്റണി അംഗമായിരുന്നു. കളങ്കിതരായ മന്ത്രിമാര്‍ സമിതിയില്‍ ഉണ്ടാകരുതെന്ന അണ്ണ ഹസാരെയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആന്റണിയെ സമിതിയിലേക്ക് പ്രധാനമന്ത്രി പരിഗണിക്കാതിരുന്നത്.

പ്രതിരോധവകുപ്പില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിഎജി പുറത്തുകൊണ്ടുവന്ന ഒന്നിലധികം ക്രമക്കേടുകളും ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുമാണ് ആന്റണിയെ പുറത്തുനിര്‍ത്താന്‍ കാരണം. നരസിംഹറാവു മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ പഞ്ചസാര കുംഭകോണത്തിലും ആന്റണി ആരോപണവിധേയനായിരുന്നു.

പ്രണബ് മുഖര്‍ജി നേതൃത്വം നല്‍കിയ അഴിമതിവിരുദ്ധ നിയമനിര്‍മാണത്തിനുള്ള മന്ത്രിതലസമിതിയില്‍ അദ്ദേഹത്തിനുപുറമെ എ കെ ആന്റണി, വീരപ്പമൊയ്‌ലി, കപില്‍സിബല്‍, പി ചിദംബരം, പി കെ ബന്‍സല്‍ എന്നിവരായിരുന്നു കോഗ്രസില്‍നിന്നുള്ള അംഗങ്ങള്‍. ഇവര്‍ക്കുപുറമെ ശരദ്പവാര്‍, മമത ബാനര്‍ജി, എം കെ അഴഗിരി എന്നിവരും ഉണ്ടായിരുന്നു. ശരദ്പവാര്‍ കഴിഞ്ഞദിവസം സമിതി അംഗത്വം രാജിവച്ചു.

അണ്ണ ഹസാരെയുടെ സമരത്തിന്റെ ഫലമായി ശനിയാഴ്ച രൂപം നല്‍കിയ പുതിയ സമിതിയില്‍ ആന്റണിയെ ഒഴിവാക്കി പകരം സല്‍മന്‍ ഖുര്‍ഷിദിനെ ഉള്‍പ്പെടുത്തി. ആന്റണിയും ഒഴിച്ചുള്ള പ്രമുഖ നേതാക്കളെല്ലാം പുതിയ സമിതിയിലും സ്ഥാനം പിടിച്ചു. മുഖര്‍ജി തന്നെയാണ് സമിതി ചെയര്‍മാൻ. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പല അഴിമതിക്കേസുകളുമായി പ്രതിരോധമന്ത്രാലയത്തിനുമുള്ള ബന്ധമാണ് ലോക്പാല്‍ ബില്ലിന്റെ കരടു രൂപീകരിക്കുന്ന സമിതിയില്‍നിന്ന് ആന്റണിയെ മാറ്റിനിര്‍ത്തുന്നതിലേക്ക് നയിച്ചത്.

ഗവൺമെന്റിന്റെ പ്രതിച്ഛായ ഇടിച്ച അഴിമതിയാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം. കാര്‍ഗില്‍ രക്തസാക്ഷികളുടെ ആശ്രിതര്‍ക്ക് അര്‍ഹതപ്പെട്ട കോടികള്‍ വിലമതിക്കുന്ന ഫ്ളാറ്റുകള്‍ കോഗ്രസ് നേതാക്കളും അവരുടെ സ്വന്തക്കാരും കൈവശപ്പെടുത്തി. പ്രതിരോധമന്ത്രാലയത്തിന്റെ ഭൂമി കൈകാര്യം ചെയ്യുന്നതിലും വന്‍ അഴിമതി നടക്കുന്നതായി സിഎജി കണ്ടെത്തിയിരുന്നു.

ഡല്‍ഹിയില്‍ വിലപിടിപ്പുള്ള ഭൂമി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റഡീസ് ആന്‍ഡ് അനാലിസിന് (ഐഡിഎസ്എ) പ്രതിരോധമന്ത്രാലയം നല്‍കിയിരുന്നു. ഈ ഭൂമി പിന്നീട് റസിഡന്‍സി ഹോട്ടല്‍ ഗ്രൂപ്പിനു കൈമാറി. പ്രതിരോധമന്ത്രാലയത്തിലെ നിലവിലുള്ള ചട്ടം അനുസരിച്ച് ഉപപാട്ടം അനുവദനീയമല്ല. ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രിയുടെ പങ്കും സിഎജിയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു.

കേന്ദ്രസര്‍ക്കാരിന് വീണ്ടും പ്രഹരം

അഴിമതിക്കാര്യത്തില്‍ ആറുമാസത്തിനിടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച അഞ്ചാമത്തെ പ്രഹരമാണിത്. അണ്ണ ഹസാരെ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാണ് സര്‍ക്കാര്‍ മുട്ടുകുത്തിയത്. പൌരസമൂഹത്തിനും സര്‍ക്കാരിനും തുല്യ പ്രാതിനിധ്യമുള്ള ലോക്പാല്‍ കരടുബില്‍ സമിതി രൂപീകരിക്കുന്നതിനോടൊപ്പം അതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ആദ്യഘട്ടത്തില്‍ അണ്ണ ഹസാരയെ ആര്‍എസ്എസ് ഏജന്റ് എന്നുപോലും വിളിച്ച് അധിക്ഷേപിച്ച കോഗ്രസ് നേതൃത്വം പിന്നീട് പൌരസമൂഹത്തിന് തുല്യപദവിയുള്ള സമിതി രൂപീകരിക്കാനാകില്ലെന്നും ശഠിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആയിരക്കണക്കിന് ജനങ്ങള്‍ അഴിമതിക്കെതിരെ രംഗത്തുവരികയും പ്രതിപക്ഷപാര്‍ടികള്‍ ഒന്നടങ്കം ഹസാരെയുടെ പ്രക്ഷോഭത്തിനു പിന്തുണ നല്‍കുകയും ചെയ്തതോടെയാണ് കേന്ദ്രസര്‍ക്കാരിനും കോഗ്രസിനും ഈ ഗാന്ധിയനുമുമ്പില്‍ കീഴടങ്ങേണ്ടിവന്നത്.

രണ്ടാം യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടതുമുതല്‍ അഴിമതി വിടാതെ പിടികൂടുകയാണ്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിനു തൊട്ടുമുമ്പാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം പുറത്തുവന്നത്. ശീതകാല സമ്മേളനം തടസ്സപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ് മഹാരാഷ്ട്രമുഖ്യമന്ത്രി അശോക് ചവാനെ മാറ്റി ആദ്യം കീഴടങ്ങിയത്. ഇതിന് തൊട്ടുപിറകെയാണ് 2ജി സ്പെക്ട്രം അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടുവന്നത്.

1.76 ലക്ഷം കോടി രൂപയുടെ ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. പിഎസി മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ശീതകാല സമ്മേളനം പൂര്‍ണമായും സ്തംഭിച്ചപ്പോഴാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ ജെപിസി രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. രണ്ടാമത്തെ കീഴടങ്ങലായിരുന്നു അത്. ബജറ്റ് സമ്മേളനം പുരോഗമിക്കവേ എസ് ബാന്റ് സ്പെക്ട്രം അഴിമതി പുറത്തുവന്നു.

പൊതുമേഖലാസ്ഥാപനമായ ആന്‍ഡ്രിക്സും ദേവാസ് കമ്യൂണിക്കേഷന്‍സും തമ്മിലുള്ള കരാര്‍ വഴി കേന്ദ്ര ഖജനാവിന് രണ്ടുലക്ഷം കോടിരൂപയുടെ നഷ്ടം ഉണ്ടാകുമെന്നായിരുന്നു വെളിപ്പെടുത്തല്‍. അവസാനം പ്രധാനമന്ത്രിക്ക് തെറ്റ് സമ്മതിച്ച് കരാര്‍ റദ്ദാക്കേണ്ടി വന്നു. സിവിസി നിയമനത്തിലാണ് സര്‍ക്കാര്‍ വീണ്ടും നാണംകെട്ടു.

പാമോയില്‍ അഴിമതിക്കേസില്‍ പ്രതിയായ പി ജെ തോമസിനെ അഴിമതി തടയാനുള്ള ഭരണഘടനാസ്ഥാപനത്തിന്റെ തലവനായി നിയമിക്കുന്ന ഘട്ടത്തില്‍തന്നെ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്തിരുന്നു. അതിന് വഴങ്ങാതെ മുന്നോട്ടുപോയ സര്‍ക്കാരിന് അവസാനം സുപ്രീംകോടതിയുടെ കനത്ത തിരിച്ചടി ലഭിച്ചു. ഇക്കാര്യത്തില്‍ താന്‍ തെറ്റുകാരനാണെന്ന് പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ കുറ്റസമ്മതം നടത്തി.

അവസാനമായി അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് അണ്ണ ഹസാരെക്കുമുമ്പിലും യുപിഎ സര്‍ക്കാരിന് കീഴടങ്ങേണ്ടിവന്നു.

 

വി ബി പരമേശ്വരന്‍ / ദേശാഭിമാനി