21 March 2019, Thursday

വാജീകരണ രസായനം (മനോരമ സ്‌പെഷ്യല്‍)

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യറൗണ്ടില്‍ മേല്‍ക്കൈ നേടാനായി എന്ന ആത്മവിശ്വാസത്തിലാണത്രേ, യുഡിഎഫ്. പറയുന്നത് മനോരമയാണ്. എഴുതിയത് സുജിത് നായരും. ആദ്യ റൗണ്ടില്‍ യുഡിഎഫ്, ഒപ്പമെത്താന്‍ എല്‍ഡിഎഫ് എന്നാണ് തലക്കെട്ടു തന്നെ (മാര്‍ച്ച് 20). അനൈക്യവും അപസ്വരങ്ങളുമാണ് യുഡിഎഫിന്‍റെ കൂടപ്പിറപ്പ് എന്നും പക്ഷേ, ഇവയൊക്കെ ഇത്തവണ എല്‍ഡിഎഫിലേയ്ക്കു ചേക്കേറി എന്നുമാണ് സുജിത് നായര്‍ കണ്ടുപിടിച്ചിരിക്കുന്നത്. യുഡിഎഫില്‍ വയനാടു മാത്രമാണത്രേ, ചില്ലറ എതിര്‍സ്വരങ്ങളുയര്‍ത്തിയത്. അതുകൊണ്ടാണ് യുഡിഎഫിനു മേല്‍ക്കൈ മനോരമ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്.

മനോരമയുടെ ഏതു പേജെടുത്താലും കാഴ്ചയ്ക്കു മാറ്റമില്ല. വാര്‍ത്താവിശകലനമെന്ന വാജീകരണ രസായനം ഇളക്കിക്കോരുന്ന ലേഖകരും അതും മോന്തി മസിലു പെരുപ്പിക്കുന്ന യുഡിഎഫ് നേതാക്കളും. ചീഫ് റിപ്പോര്‍ട്ടറോ ട്രെയിനികളോ എന്ന ഭേദമൊന്നുമില്ലാതെ എല്ലാവരെയും ഏല്‍പ്പിച്ചിരിക്കുന്നത് ഈയൊറ്റ ദൗത്യം. ദോഷം പറയരുതല്ലോ, അവരത് വൃത്തിയായി ചെയ്യുന്നുമുണ്ട്. കോളം സെന്‍റീമീറ്റര്‍ കണക്കിലാണ് കെപിസിസി ഓഫീസുമായി പ്രതിഫലം പറഞ്ഞുറപ്പിച്ചിരിക്കുന്നത്. അറിഞ്ഞു പണിയെടുക്കണം. ഫലം യുഡിഎഫിനു പ്രതികൂലമായാല്‍ പ്രതിഫലം റീഫണ്ടു ചെയ്യണം എന്ന നിഷ്‌കര്‍ഷയൊന്നുമില്ല. അതുകൊണ്ട് എല്ലാ തിരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നത് തേഞ്ഞു പഴകിയ പ്രയോഗങ്ങളാണ്; യുഡിഎഫ് മുന്നേറി, യുഡിഎഫിന് മേല്‍ക്കൈ, യുഡിഎഫിന് ആത്മവിശ്വാസം, യുഡിഎഫിന് അനുകൂലമായ അടിയൊഴുക്ക്.. എന്നൊക്കെ.

ബോറടിച്ചതുകൊണ്ടാവാം, സുജിത് നായര്‍ ഇത്തവണ ഒന്നു മാറ്റിപ്പിടിച്ചു നോക്കിയതാണ്. ഒന്നാം റൗണ്ടില്‍ത്തന്നെ യുഡിഎഫിന് ആത്മവിശ്വാസത്തിന്‍റെ കുട്ടയെടുത്ത് യുഡിഎഫിന്‍റെ തലയില്‍ വെച്ചുകൊടുത്തു. ഇക്കണക്കിനു പോയാല്‍ അവസാന റൗണ്ടാകുമ്പോള്‍ ആത്മവിശ്വാസത്തിന്‍റെ ആധിക്യത്തില്‍ ശ്വാസം തന്നെ നിലച്ചുപോകുമോ എന്നു വായനക്കാര്‍ സംശയിച്ചു പോകും വിധമാണ് ആ ആത്മവിശ്വാസത്തില്‍ യുഡിഎഫ് നേതാക്കള്‍ കുതിച്ചു പായുന്നത് ഭയപ്പെടും. എം ഐ ഷാനവാസ് വയനാട് മണ്ഡലം കണ്‍വെന്‍ഷനില്‍ നിന്ന് ഓടിയ ഓട്ടം ഓര്‍മ്മയുളളവര്‍ പ്രത്യേകിച്ചും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും മനോരമയില്‍ ഇതുപോലെ ഒരവലോകന റിപ്പോര്‍ട്ടു പ്രത്യക്ഷപ്പെട്ടത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. നാളെയാണ് നാളെ എന്ന തലക്കെട്ടില്‍ സുജിത് നായരടക്കം ഒരു സംഘം ലേഖകര്‍ തയ്യാറാക്കിയ കലാസൃഷ്ടി. പ്രത്യക്ഷപ്പെട്ടതോ തിരഞ്ഞെടുപ്പിനു കൃത്യം തലേന്നും. വോട്ടെടുപ്പിന്‍റെ തൊട്ടുതലേന്ന് ഒരു പ്രചാരണവും പാടില്ലെന്നാണ് വെപ്പ്. പക്ഷേ, പൊതുമാധ്യമം എന്ന ലേബലുളള മനോരമയില്‍ യുഡിഎഫ് ജില്ലാക്കമ്മിറ്റികളുടെ പ്രചാരണ നോട്ടീസ് പതിച്ചാല്‍ ഇലക്ഷന്‍ കമ്മിഷനെ പറ്റിക്കാം. ആ പഴുതുപയോഗിച്ചായിരുന്നു പ്രയോഗം. അതില്‍ നിന്ന് ചില സാമ്പിളുകള്‍ താഴെ.. 

തിരുവനന്തപുരം ജില്ലയെക്കുറിച്ചുളള വിലയിരുത്തല്‍ - "രണ്ടു മണ്ഡലങ്ങളാണ് എല്‍ഡിഎഫിന് ഉറപ്പിച്ചു പറയാവുന്നത്. 14 സീറ്റില്‍ 11 മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന വിലയിരുത്തലാണ് യുഡിഎഫിന്".

വോട്ടെണ്ണിയപ്പോള്‍ ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നേമം, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. രണ്ടു മുന്നണികള്‍ക്കും കിട്ടിയ ആകെ വോട്ടിന്‍റെ കണക്കെടുത്താല്‍ 1298 വോട്ടുകള്‍ക്ക് എല്‍ഡിഎഫാണ് മുന്നിലെത്തിയത്.
അടുത്തടുത്ത രണ്ടു വാചകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് കേമം. എല്‍ഡിഎഫിന് കിട്ടാവുന്ന സീറ്റുകളുടെ എണ്ണം മനോരമയുടെ സ്വന്തം നിരീക്ഷണമാണ്. യുഡിഎഫിന്‍റെ കാര്യത്തില്‍ അതല്ല. യുഡിഎഫിന്‍റെ സ്വന്തം സ്വപ്നം അതേപടി റിപ്പോര്‍ട്ടു ചെയ്യുന്നു. അതായത്, എല്‍ഡിഎഫിന് രണ്ടുസീറ്റിലേ പ്രതീക്ഷയുളളൂ എന്നു ധ്വനി. യുഡിഎഫാണെങ്കില്‍ തൂത്തുവരാന്‍ നില്‍ക്കുന്നുവെന്നും. ആള്‍ക്കൂട്ടത്തിനൊപ്പം ഓടാനൊരുങ്ങി നില്‍ക്കുന്നവര്‍ യുഡിഎഫിലേയ്ക്ക് ചാഞ്ഞോളൂ എന്ന ആഹ്വാനം. 

കൊല്ലം ജില്ലയെക്കുറിച്ച് - "ഇടതുപക്ഷത്തിന്‍റെ എണ്ണപ്പെട്ട ഇടമെന്ന മേലൊഴുക്കിലും യുഡിഎഫിന് ഏതുവിധത്തിലും ചായ്‌വ് കിട്ടുമെന്നും പ്രതീക്ഷിക്കാവുന്ന അടിയൊഴുക്കിലുമാണ് കൊല്ലം ജില്ല നാളെ പോളിങ്ബൂത്തിലേയ്ക്കു പോകുന്നത്. പതിനൊന്നു സീറ്റില്‍ ഒമ്പതില്‍ വരെ ജയിക്കാമെന്ന ഇടതുപക്ഷത്തിന്‍റെ ആത്മവിശ്വാസം തകര്‍ത്ത് യുഡിഎഫ് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു എന്നതാണ് കഴിഞ്ഞ പത്തുദിവസത്തിലുണ്ടായ പ്രധാന മാറ്റം".

മനോരമ ഉറപ്പിച്ചു പറഞ്ഞ അടിയൊഴുക്കിനെ വിശ്വസിച്ച് മനപ്പായസം വാരി വിഴുങ്ങിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ബോധക്ഷയമുണ്ടായി. പ്രതീക്ഷിച്ചതുപോലെ പതിനൊന്നില്‍ ഒമ്പതും എല്‍ഡിഎഫിന്. ജില്ലയിലാകെ എല്‍ഡിഎഫിന് ഭൂരിപക്ഷം 1,06,302 വോട്ടുകള്‍.

കൊല്ലം ജില്ലയെ സംബന്ധിച്ച് ശരിയായ കണക്കുകൂട്ടലാണ് ഇടതുമുന്നണി നടത്തിയത് എന്നര്‍ത്ഥം. ഇല്ലാത്ത അടിയൊഴുക്കിന്‍റെ കഥ പറഞ്ഞ് തിരഞ്ഞെടുപ്പിന്‍റെ തലേന്ന് ഇടതുമുന്നണിയെ ഒന്നു പേടിപ്പിച്ചു നോക്കിയതാണ് മനോരമ. പഞ്ചസാര ഭരണിയുടെ പുറത്ത് എലിവിഷത്തിന്‍റെ സ്റ്റിക്കറൊട്ടിച്ച് ഉറുമ്പിനെ പറ്റിച്ചതുപോലെ ഒരു കൊച്ചു നമ്പര്‍. തുറന്നു പറഞ്ഞാല്‍ പെയ്ഡ് ന്യൂസിന്റെ പ്രതിഫലത്തുകയ്ക്കു ചേരുംവിധമുളള അടവുകളൊന്നും മനോരമയുടെ കൈവശമില്ല. 

സൂചനകള്‍ മണത്തു പിടിക്കാന്‍ സവിശേഷമായ ഘ്രാണശക്തിയുളള ഒരു ലേഖകന്‍റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ മനോരമാ ലേഖകര്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതായിരുന്നു - "സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്‍റണി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ മിന്നുന്ന സന്ദര്‍ശനം അവസാന റൗണ്ടില്‍ യുഡിഎഫിന് മേല്‍ക്കൈ സമ്മാനിച്ചിട്ടുണ്ട്".

വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ആലപ്പുഴ ഡിസിസി ഓഫീസിലാണ് ഇടിയും മിന്നലുമേറ്റത്. ആകെ ഒമ്പതു മണ്ഡലങ്ങളില്‍ ഏഴും എല്‍ഡിഎഫിന്. ജില്ലയിലാകെ 64504 വോട്ടുകള്‍ക്ക് യുഡിഎഫിനു മുന്നിലെത്തി. മേപ്പടി ടീമിന്‍റെ മിന്നുന്ന സന്ദര്‍ശനം നല്‍കിയ മേല്‍ക്കൈയുടെ ആഘാതത്തില്‍ നിന്ന് ഡിസിസി ഇനിയും മോചനം നേടിയിട്ടില്ല. ഈ തിരഞ്ഞെടുപ്പിലും അതേ ടീം വക മിന്നുന്ന സന്ദര്‍ശനം ഉണ്ടാകും. ഫലവും മറ്റൊന്നാവില്ല. 

"തുടക്കത്തില്‍ പിന്നിലായതിന്‍റെ കേടുതീര്‍ത്ത് അഭിപ്രായസര്‍വേകളിലും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളിലും മുന്നിലെത്തിയത് യുഡിഎഫിനു ഗുണം ചെയ്തു" എന്നാണ് കോഴിക്കോട് ജില്ലയിലെ മനോരമക്കാര്‍ എഴുതിപ്പിടിപ്പിച്ചത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടെന്നു പറഞ്ഞ് ആരോ തങ്ങളെ വഹിച്ചതാണെ്ന്ന് വോട്ടെണ്ണല്‍ കഴിഞ്ഞേ പാവങ്ങള്‍ക്കു മനസിലായുളളൂ. പതിമൂന്നില്‍ പത്തും എല്‍ഡിഎഫിന്. ജില്ലയില്‍ 54131 വോട്ടിന്‍റെ മേല്‍ക്കൈയും.

ഇത്രേയുളളൂ, മനോരമാ വിശകലനവും വസ്തുതയും തമ്മിലുളള ബന്ധം. ഒരു ജില്ലയിലെ ഒട്ടുമിക്ക സീറ്റുകളും തൂത്തുവാരുന്ന മേല്‍ക്കൈ ഏതെങ്കിലും മുന്നണിയ്ക്കുണ്ടെങ്കില്‍, സാമാന്യബുദ്ധിയുളള ഒരു പത്രലേഖകന് അത് അനായാസം ബോധ്യമാകാവുതേയുളളൂ. അഞ്ചോ പത്തോ ചായക്കടകളില്‍ കയറിയിറങ്ങി വെറുതേ കൊച്ചുവര്‍ത്തമാനം പറഞ്ഞാല്‍ തിരിച്ചറിയാവുന്ന പള്‍സാണത്. അങ്ങനെ അളന്നറിയാവുന്ന മേല്‍ക്കൈ തന്നെയാണ് കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോടുമൊക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫിനുണ്ടായിരുന്നത്. പക്ഷേ മനോരമയുടെ ലേഖകര്‍ക്ക് ശമ്പളം കൊടുക്കുന്നത് അക്കാര്യം റിപ്പോര്‍ട്ടു ചെയ്യാനല്ല. എല്‍ഡിഎഫിനുളള മേല്‍ക്കൈ മറച്ചുവെയ്ക്കാന്‍, യുഡിഎഫ് മുന്നേറുന്നേ എ്ന്നു നിര്‍ലജ്ജം വിളിച്ചു കൂവണം. ആരെങ്കിലും വിശ്വസിച്ചാല്‍ അത്രയും ലാഭം.

ഇക്കുറി യുഡിഎഫിന്‍റെ ആത്മവിശ്വാസം ഗണിച്ചെടുത്തത് കുറച്ചു നേരത്തേ ആയിപ്പോയെന്നേയുളളൂ. ഉദ്ദേശമൊക്കെ പഴയതു തന്നെ.ഏപ്രില്‍ പത്തുവരെ ഇതുപോലുളള പലതും കാണാം, വായിക്കാം.