12 September 2018, Wednesday

വിചാരണ ചെയ്യപ്പെടുന്ന മാധ്യമ പ്രവര്‍ത്തനം

ഇന്നത്തെ ഇന്ത്യന്‍ മാധ്യമരംഗം നേരിടുന്ന അപചയത്തിന്റെ നഖചിത്രമാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് തയ്യാറാക്കിയ 2010-11 ദക്ഷിണേഷ്യയിലെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലേത്. ദക്ഷിണേഷ്യയിലെ മറ്റുരാജ്യങ്ങളിലാകെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും പ്രതികൂല ഘടകങ്ങള്‍ക്കും ഇടയില്‍ ഞെരിഞ്ഞ് മാധ്യമപ്രവര്‍ത്തനം നടക്കുമ്പോള്‍ , ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍ . ഇവിടത്തെ മാധ്യമങ്ങള്‍ ഫാഷന്‍ റിപ്പോര്‍ട്ടിങ്ങിലേക്കും പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള കഥയെഴുത്തുകളിലേക്കും ചുവടുമാറ്റുകയാണ്. പരസ്യവിഭാഗത്തില്‍നിന്നുള്ള സമ്മര്‍ദവും വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവുമൂലമുള്ള വരുമാനനഷ്ടവുംമൂലമുള്ള ഈ ചുവടുമാറ്റം വാര്‍ത്തയുടെ ഉള്ളടക്കത്തിന്റെ വില കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


നാം ദൈനംദിനം കാണുകയും അനുഭവിക്കുകയുംചെയ്യുന്ന അവസ്ഥയാണ് മാധ്യമ പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സംഘടനതന്നെ പഠനറിപ്പോര്‍ട്ടിന്റെ രൂപത്തില്‍ നമുക്കുമുന്നില്‍ വയ്ക്കുന്നത്. റിപ്പോര്‍ട്ട് ഊന്നിപ്പറയുന്ന ആപത്ത് "പണത്തിനു പകരം വാര്‍ത്ത" എന്ന പ്രവണതയാണ്. തെരഞ്ഞെടുപ്പുകാലത്ത് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വ്യാപകമായി അരങ്ങേറിയ പെയ്ഡ് ന്യൂസ് സമ്പ്രദായം ആശങ്കാജനകമാണ്. അതിനുമപ്പുറം മാധ്യമപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പുകാലത്ത് നേരിട്ട് പണംവാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്ന അതീവഗുരുതരമായ ആക്ഷേപവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

ഞങ്ങള്‍ ഇതേ പംക്തിയില്‍ പലതവണ സോദാഹരണം ചൂണ്ടിക്കാട്ടിയ അപകടമാണിത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും എഡിറ്റേഴ്സ് ഗില്‍ഡും അടക്കമുള്ള ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളും മാധ്യമരംഗത്തെ ഇത്തരം ദുഷ്പ്രവണതകളെ തുറന്നെതിര്‍ത്തിട്ടുണ്ട്. എന്നിട്ടും ഇവ നിയന്ത്രിക്കാനോ സ്വയം തിരുത്തലിന് വിധേയമാകാനോ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തക സംഘടനകളും വേണ്ട ശ്രദ്ധ കാട്ടിയില്ല എന്ന വസ്തുതയിലേക്കാണ് പഠനറിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഇക്കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്തതന്നെ ഉദാഹരണമായെടുക്കാം. 2ജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെ മാധ്യമപ്രവര്‍ത്തകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച വാര്‍ത്തയാണത്. കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയക്കുവേണ്ടി സഹാറ ന്യൂസ് നെറ്റ്വര്‍ക്കിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഉപേന്ദ്ര റായിയാണ് കൈക്കൂലി വാഗ്ദാനംചെയ്തത്. എന്‍ഫോഴ്സ്മെന്റ് അക്കാര്യം സിബിഐയെ അറിയിച്ചു. അവരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. 2ജി സ്പെക്ട്രം ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലും വിദേശനാണയ വിനിമയച്ചട്ടലംഘനവുമാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.

റാഡിയക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ ചോദിക്കുന്ന പണം നല്‍കാമെന്നാണത്രെ ഉപേന്ദ്ര റായ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെ അറിയിച്ചത്. നീര റാഡിയയെപ്പോലുള്ള കോര്‍പറേറ്റ് ലോബിയിസ്റ്റുകളാണ് യുപിഎ സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്ക് ഒത്താശചെയ്യുന്നത് രാജ്യത്തെ പ്രമുഖ മാധ്യമ പ്രൊഫഷണലുകളാണെന്നും അനിഷേധ്യമാംവിധം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ നയിക്കുന്ന മാധ്യമങ്ങള്‍ എങ്ങനെ വാര്‍ത്തകളോടും യാഥാര്‍ഥ്യങ്ങളോടും നീതി പുലര്‍ത്തും എന്ന ഗുരുതരമായ സംശയംതന്നെയാണ് പഠനറിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇങ്ങനെ കെട്ടുപോകുമ്പോള്‍ ജനാധിപത്യം എന്ന സങ്കല്‍പ്പംതന്നെ അര്‍ഥരഹിതമാകും. കടുത്ത മത്സരം നിലനില്‍ക്കുന്ന റിപ്പോര്‍ട്ടിങ് രംഗത്ത് വാര്‍ത്തകളുടെ ഉള്ളടക്കത്തിന്റെ നിലവാരവും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ വരുമാനവുമായി സംയോജിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. പരസ്യത്തെ അതിരുകവിഞ്ഞ് ആശ്രയിക്കുന്നതാണ് ഇന്ത്യന്‍ പ്രവണത എന്നാണ് റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തല്‍ . പരസ്യ ദാതാക്കള്‍ക്കുവേണ്ടിയുള്ള പബ്ലിക്ക് റിലേഷന്‍സ് പണിയായി അധഃപതിക്കുന്ന മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തെ പുറകോട്ട് തള്ളിയിടുകയും മൂലധനശക്തികളുടെ ആധിപത്യത്തിന് പരവതാനി വിരിക്കുകയുംചെയ്യുന്നു. ലോബിയിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ മാധ്യമങ്ങളിലുള്ള സ്വാധീനത്തെ റാഡിയ ടേപ്പ് സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ട് കടുത്ത വിമര്‍ശമുയര്‍ന്നതിനോടൊപ്പം തിരുത്തല്‍ നടപടികളുടെ അനിവാര്യതയ്ക്ക് അടിവരയിടുന്നുമുണ്ട്.

നാല് സംസ്ഥാന നിയമസഭയിലേക്ക് 2008ലും പാര്‍ലമെന്റിലേക്ക് 2009ലും നടന്ന പൊതു തെരഞ്ഞെടുപ്പിലുമാണ് പെയ്ഡ് ന്യൂസ് പ്രവണതയ്ക്ക് തുടക്കമായത് എന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ പക്ഷേ, ഇടതുപക്ഷ വേട്ടയ്ക്കും കമ്യൂണിസ്റ്റ് നേതാക്കളെ വ്യക്തിഹത്യചെയ്യാനും വലതുപക്ഷത്തെ സംരക്ഷിച്ചുനിര്‍ത്താനും ഇത്തരം അനാശാസ്യമായ രീതികള്‍ മുമ്പുതന്നെ ശക്തിപ്പെട്ടിട്ടുണ്ട്. നേരത്തെ ഉയര്‍ന്ന മാധ്യമ സിന്‍ഡിക്കറ്റ് എന്ന പ്രയോഗം അത്തരമൊരവസ്ഥയുടെ ഉല്‍പ്പന്നമാണ്. ഒരുപറ്റം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും യോജിച്ച് ചില വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചിലത് തമസ്കരിക്കുകയും മറ്റുചിലത് പൊലിപ്പിക്കുകയുംചെയ്യുന്ന രീതിയെയാണ് മാധ്യമ സിന്‍ഡിക്കറ്റിന്റെ പ്രവര്‍ത്തനമായി വിമര്‍ശിച്ചത്.

ആ വിമര്‍ശത്തെ അസഹിഷ്ണുതയോടെ മാധ്യമരംഗത്തെ ചിലര്‍ അന്ന് നേരിട്ടു. ഇന്ന് മാധ്യമ പ്രവര്‍ത്തകരുടെ സാര്‍വദേശീയ സംഘടനതന്നെ ആ വിമര്‍ശം അംഗീകരിക്കുകയാണ്. ഉടമയുടെ താല്‍പ്പര്യത്തിനനുസരിച്ചുള്ള പ്രവര്‍ത്തനം മാത്രമല്ല, അവിഹിതമായി കിട്ടുന്ന പണത്തിന്റെ തോതനുസരിച്ചുള്ള വിഷപ്രയോഗംകൂടി മാധ്യമങ്ങളില്‍ നടക്കുമ്പോള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശം കൊത്തിയെടുക്കപ്പെടുകയാണ്. എല്ലാ അര്‍ഥത്തിലും ജനത കബളിപ്പിക്കപ്പെടുകയാണ്. കേരളത്തിലേക്ക് നോക്കിയാല്‍ , കഴിഞ്ഞ ദിവസം കൊല്ലം ആശ്രാമം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലുണ്ടായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട രീതി അവഗണിക്കാനാവില്ല. അവിടത്തെ ഒരുദ്യോഗസ്ഥനെ മര്‍ദിക്കാന്‍ ക്യാമറകളുടെ ഒരു സംഘത്തെയും കൂട്ടിയാണ് ഏതാനും സ്ത്രീകള്‍ എത്തിയത്. ക്യാമറകള്‍ക്കുവേണ്ടി ഒരാളെ ചൂലെടുത്തടിക്കുന്നു-കൂടുതല്‍ "മികച്ച" ദൃശ്യം ലഭിക്കാനായി തല്ലും കൈയേറ്റവും ആവര്‍ത്തിക്കുന്നു. അതായത്, അക്രമത്തിന് കൂട്ടുനിന്നടക്കം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായി നമ്മുടെ മാധ്യമങ്ങളില്‍ പലതും തരംതാണിരിക്കുന്നു എന്നര്‍ഥം. ഇവിടത്തെ ഈ അവസ്ഥയുടെ വലിയ രൂപത്തെയാണ് ഐഎഫ്ജെ റിപ്പോര്‍ട്ട് അനാവരണംചെയ്യുന്നത്. ഇത് മാധ്യമ സമൂഹത്തെമാത്രം ബാധിക്കുന്നതല്ല; രാജ്യത്തെയും ജനാധിപത്യത്തെയും നിയമവാഴ്ചയെയുമടക്കം ബാധിക്കുന്ന ഒരു രോഗമാണ്. ഈ രോഗം തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചയും മുന്‍കൈയും മാധ്യമ പ്രവര്‍ത്തക സംഘടനയില്‍നിന്നുതന്നെ ഉയര്‍ന്നത് സ്വാഗതാര്‍ഹമാണ്.

ദേശാഭിമാനി മുഖപ്രസംഗം 05.05.2011