20 July 2018, Friday

സൂനാമി : വിറച്ച് വിറങ്ങലിച്ച് ജപ്പാൻ

വിറച്ച്, വിറങ്ങലിച്ച് ജപ്പാന്‍

ടോക്യോ:രാജ്യത്തിന്റെ വടക്കന്‍ഭാഗം തരിപ്പണമാക്കിയ സുനാമിദുരന്തം നേരിടാന്‍ കഴിയാതെ ജപ്പാന്‍ കിതയ്ക്കുന്നു. പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ സര്‍വസന്നാഹവുമുള്ള രാജ്യമായിട്ടും ആര്‍ത്തിരമ്പി വന്ന തിരകള്‍ സാങ്കേതികവിദ്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമമാര്‍ഗമാണ് പ്രധാനമായും സ്വീകരിക്കുന്നത്. കെട്ടിടത്തിനിടയില്‍ കുടുങ്ങിയവരെയും മറ്റും രക്ഷിക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. സാമ്പത്തികരംഗത്ത് വര്‍ഷങ്ങളായി തളര്‍ച്ച അനുഭവിക്കുന്ന ജപ്പാന് സുനാമി കനത്ത തിരിച്ചടിയായി. നാശനഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല. ആള്‍നാശത്തെക്കുറിച്ചും കൃത്യമായ വിവരം ലഭ്യമായിട്ടില്ല. വാര്‍ത്താവിനിമയ, വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ താറുമാറായതിനാല്‍ വിവരശേഖരണം അസാധ്യമായിരിക്കുന്നു. ദ്വീപ്സമൂഹ രാജ്യത്തിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തില്‍ കളിപ്പാട്ടം പോലെ ഒഴുകി നടക്കുകയായിരുന്നു. വന്‍ ദുരന്തത്തെ തുടര്‍ന്ന് എല്ലാ മേഖലയും നിശ്ചലമായി. അഗ്നിവിഴുങ്ങുന്ന വ്യവസായശാലകള്‍, നിശ്ചലമായ ബൂള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍, അടച്ചിട്ട വിമാനത്താവളങ്ങള്‍, ആര്‍ത്തലച്ചു വന്ന തിരമാലകളില്‍ കെട്ടിടങ്ങളും വാഹനങ്ങളും ഒഴുകിനീങ്ങുന്ന കാഴ്ച ഭീതിദമായിരുന്നു. സുനാമിയുടെ ആകാശദൃശ്യങ്ങള്‍ ലോകമെങ്ങുമുള്ള ജനങ്ങളെ 2004ലെ സുനാമിയുടെ ഭീകരതയിലേക്കു കൂട്ടിക്കൊണ്ടുപോയി. 44 ലക്ഷം വീട്ടില്‍ വൈദ്യുതി നഷ്ടമായി. ജനങ്ങള്‍ പലയിടത്തും തെരുവുകളില്‍ കുടുങ്ങി. തലസ്ഥാനമായ ടോക്യോയില്‍ ഇത്തരത്തില്‍ ആയിരങ്ങളാണ് പെട്ടുപോയത്. ആണവനിലയങ്ങള്‍ക്കു സമീപംനിന്ന് ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. ഇവരെ സുരക്ഷാകേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. വടക്കന്‍ നഗരമായ സെന്‍ദായിയില്‍നിന്ന് 30,000 പേരെയും ആമോറിയില്‍ നിന്ന് 15,000 പേരെയും ഒഴിപ്പിച്ചു. രാജ്യത്തെ ഭൂരിപക്ഷം മേഖലയിലും ജലവിതരണം താറുമാറായി. ടോക്യോയിലെ കിറ്റാ ഇബാറകി നഗരത്തില്‍ 20,000 വീട്ടില്‍ ജലവിതരണം മുടങ്ങി. ഇലക്ട്രോണിക്സ് ഭീമനായ സോണി കോര്‍പറേഷന്‍ അവരുടെ ആറു ഫാക്ടറി അടച്ചു. ജപ്പാനിലെ ആണവനിലയങ്ങളില്‍ ഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത് സുനാമി ആഞ്ഞടിച്ച മേഖലയിലാണ്. ഇത് വന്‍ ഭീതിയുയര്‍ത്തി.


വെള്ളവും വെളിച്ചവുമില്ലാതെ മഹാനഗരം


വിജയ്

image: Scientific American


തിരു: ഓഫീസ് കെട്ടിടം കുലുങ്ങിയപ്പോള്‍ വല്ലാതെ ഭയന്നു... എലിവേറ്ററുകള്‍ സ്തംഭിച്ചു. മിനിറ്റുകള്‍ക്കകം പലതവണ ഭൂമികുലുക്കം... ടോക്യോ റൊപ്പോങ്കി ഹില്‍സിലെ ഗാള്‍ഡ്മാന്‍ ഫാച്ചസ് കമ്പനിജീവനക്കാരനായ തൃശൂര്‍ സ്വദേശി ലാജ്ലാല്‍ ദേശാഭിമാനിയോട് ഫോണില്‍ സംസാരിക്കുമ്പോള്‍ നടുക്കം വിട്ടുമാറിയിട്ടില്ല. ഫോണും വൈദ്യുതിയും നിലച്ചിരുന്നു. റോഡില്‍ നോക്കിയപ്പോള്‍ ഗതാഗതം സ്തംഭിച്ചതായി കണ്ടു. എന്തു ചെയ്യണമെന്നറിയാതെ സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശത്തിനായി കാത്തിരുന്നു. അല്‍പ്പം കഴിഞ്ഞ് ഫോ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ സമാധാനമായി. അപകടാവസ്ഥ തരണംചെയ്തതായി മനസ്സിലായി. തൃശൂരിലുള്ള വീട്ടില്‍ ഉടനെ വിളിച്ചു. ഗതാഗതം സ്തംഭിച്ചതിനാല്‍ കാവസാക്കിയിലുള്ള ഫ്ളാറ്റില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഫ്ളാറ്റ് 26-ാമത്തെ നിലയിലാണ്. വൈദ്യുതിയില്ലാത്തതിനാല്‍ ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമല്ല. ഓഫീസില്‍ത്തന്നെ ചെലവഴിക്കുകയാണെന്ന് ലാജ്ലാല്‍ പറഞ്ഞു. മകളെ സ്കൂളില്‍ വിളിക്കാന്‍ പോയപ്പോഴാണ് ഭൂമികുലുക്കമുണ്ടായതെന്ന് കോഴിക്കോട് സ്വദേശിയായ വീട്ടമ്മ സീന പറഞ്ഞു. ഉടന്‍ കുട്ടിയുമായി വീട്ടിലേക്ക് ഓടി. മൂന്നുതവണ വീണ്ടും ഭൂചലനമുണ്ടായി. ഫ്ളാറ്റിലുള്ളവരെല്ലാം താഴത്തെ നിലയിയിലേക്ക് എത്തി. ഫ്ളാറ്റും കുലുങ്ങി. ടോക്യോ തരിമയിലാണ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ പ്രമോദും ഭാര്യ സീനയും കുടുംബവും താമസിക്കുന്നത്. ജപ്പാനിലെ മലയാളി സമൂഹം സുരക്ഷിതരാണെന്ന് ജപ്പാന്‍ മലയാളി അസോസിയേഷനായ നിഹോ കൈരളിയുടെ പ്രസിഡന്റായിരുന്ന സുരേഷ്ലാല്‍ പറഞ്ഞു. ഭൂകമ്പം നടന്ന പ്രദേശം ടോക്യോയില്‍നിന്ന് നൂറുകണക്കിനു കിലോമീറ്റര്‍ ദൂരെയാണ്്. ജപ്പാനില്‍ നാനൂറോളം മലയാളികളാണുള്ളത്. ദുരന്തമുണ്ടായ സെന്‍ദായിയില്‍ മലയാളികള്‍ കുറവാണ്. നെല്‍ക്കൃഷി, പച്ചക്കറി, ഫലവര്‍ഗ കൃഷികള്‍ കൂടുതലുള്ള സ്ഥലമാണിത്. കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രമേ ഈ പ്രദേശത്തുള്ളൂവെന്നും സുരേഷ്ലാല്‍ പറഞ്ഞു. 1995ല്‍ ഒസാക്കയ്ക്കടുത്ത കോബയില്‍ നടന്ന ഭൂമികുലുക്കത്തിനുശേഷമുണ്ടാകുന്ന ഭയാനകമായ ഭൂകമ്പമാണിത്. ആണവനിലയങ്ങള്‍ അടച്ചതിനാല്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. ആണവനിലയങ്ങള്‍വഴിയാണ് 70 ശതമാനവും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്്. രണ്ടുദിവസംമുമ്പ് ഭൂകമ്പമുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇത്ര ഭീകരമാകുമെന്ന് ആരും കരുതിയില്ല.

ഗതാഗതമാര്‍ഗമെല്ലാം സ്തംഭിച്ചതിനാല്‍ ജനങ്ങള്‍ റോഡുകളിലും പാര്‍ക്കുകളിലും കഴിയുകയാണ്. ഇവര്‍ക്ക് ഭക്ഷണം നല്‍കാന്‍ വേണ്ട ഏര്‍പ്പാട് അധികൃതര്‍ ചെയ്തിട്ടുണ്ടെന്നും മലയാളികള്‍ പറഞ്ഞു. പ്രകൃതി വേട്ടയാടുന്ന ജനത ഏഴായിരത്തോളം ചെറുദ്വീപുകളുടെ സമൂഹമായ ജപ്പാന്‍ ലോകശക്തികളുടെ മുന്‍നിരയില്‍ നില്‍ക്കുന്നത് ഒരു ജനതയുടെ ഇഛാശക്തിക്ക് ഏറ്റവും വലിയ തെളിവാണ്. എന്നാല്‍, പ്രകൃതിയുടെയും ശത്രുക്കളുടെയും പ്രഹരം ജപ്പാനെ വിടാതെ പിന്തുടരുന്നു. യൂറേഷ്യ, പസഫിക്, ഫിലിപ്പീന്‍സ് സമുദ്ര ഫലകങ്ങളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ജപ്പാനില്‍ പ്രകൃതി ദുരന്തങ്ങള്‍ പതിവാണ്. ഇതിനുപുറമെ അമേരിക്കയുടെ ആണവാക്രമണത്തിന്റെ ഇനിയും ഒടുങ്ങാത്ത കെടുതികളും.

പസഫിക് അഗ്നിവലയം എന്ന പ്രത്യേക ഭൂമേഖലയിലെ കിടപ്പു നിമിത്തം ഭൂചലനവും അഗ്നിപര്‍വത സ്ഫോടനങ്ങളും ജപ്പാനില്‍ പതിവാണ്. പ്രതിവര്‍ഷം ദുര്‍ബലമായ 1500 ഭൂചലനങ്ങള്‍ ജപ്പാനില്‍ രേഖപ്പെടുത്തുന്നു. വിനാശകാരികളായ ഭൂചലനങ്ങളും പലതവണ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ 73 ശതമാനവും പര്‍വത മേഖലയാണ്. 1923 ല്‍ ഉണ്ടായ കാന്റോ ഭൂകമ്പത്തില്‍ 1.30 ലക്ഷം പേര്‍ മരിച്ചിരുന്നു. പര്‍വതങ്ങള്‍ കഴിഞ്ഞുള്ള സമതലങ്ങള്‍ വലിപ്പം കുറഞ്ഞവയും. കടല്‍ നികത്തി വ്യവസായിക, തുറമുഖ ആവശ്യങ്ങള്‍ക്കായി കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതീവ വ്യത്യസ്തമായ കാലാവസ്ഥയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. ഓഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ കുറഞ്ഞത് അഞ്ച് ചുഴലിക്കാറ്റെങ്കിലും ജപ്പാനിലൂടെ കടന്നുപോകാറുണ്ട്. ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളില്‍ പത്തു ശതമാനവും ജപ്പാനിലാണ്.

ഏകദേശം 40 എണ്ണം. 1945 ഓഗസ്ത് ആറിന് ഹിരോഷിമയിലും ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചപ്പോള്‍ ലക്ഷങ്ങള്‍ മരിച്ചു വീണു. ലക്ഷങ്ങള്‍ അണുപ്രസരണത്തിന് ഇരയായി. ഹോഷു ദ്വീപിലെ ഹിരോഷിമയില്‍ 78150 പേര്‍ നിമിഷനേരം കൊണ്ട് ഇല്ലാതായി. 343000 പേര്‍ മരിച്ചു. 137000 പേര്‍ക്ക് പ്രത്യാഘാതത്തിന് ഇരയായത്. ക്യൂഷു ദ്വീപിലെ നാഗസാക്കിയില്‍ 73884 പേര്‍ മരിച്ചു 76796 പേര്‍ക്ക് പരിക്ക്. ടോക്യോ, ഒസാക്ക, യോക്കോഹാമ എന്നീ രാജ്യങ്ങളും തുടര്‍ച്ചയായ അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ 1945 സെപ്തംബര്‍ രണ്ടിന് കീഴടങ്ങുമ്പോള്‍ മഹത്തായ പാരമ്പര്യവും സംസ്കാരവും ഉള്ള രാജ്യം ഒരു ചാരക്കൂനയായി മാറിയിരുന്നു. ആ ചാരത്തില്‍നിന്നാണ് ജപ്പാന്‍ ഉയിര്‍ത്തെഴുന്നേറ്റത്. അവിശ്വസനീയ വേഗത്തിലുള്ള ആ തിരിച്ചുവരവ് ഇരുപതാം നൂറാണ്ടിലെ ലോകവിസ്മയങ്ങളില്‍ ഒന്നാണ്. 1950 മുതല്‍ 80 വരെയുള്ള മൂന്നു ദശകംകൊണ്ട് ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി. 'സാമ്പത്തിക അത്ഭുതം' എന്നറിയപ്പെട്ട ആ പ്രതിഭാസത്തില്‍ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയിലും കാര്‍ നിര്‍മാണത്തിലും ഘന വ്യവസായത്തിലും ജപ്പാനെ മുന്‍നിരയില്‍ എത്തി. 'മെയ്ഡ് ഇന്‍ ജപ്പാന്‍' എന്ന വാക്യം മതി ഒരു സാധനം കമ്പോളത്തില്‍ വിറ്റുപോകാന്‍. കലയിലും കളിയിലും അവര്‍ മികവ് കാട്ടി. തൊണ്ണൂറുകളില്‍ സാമ്പത്തികരംഗത്ത് ജപ്പാന് തിരിച്ചടി നേരിട്ടു. അതില്‍നിന്ന് കരകയറാനുള്ള ശ്രമത്തിനിടെയാണ് സാമ്പത്തികമാന്ദ്യം. ജപ്പാനെ എന്നും പരിരക്ഷിച്ചു പോന്ന അമേരിക്ക മാന്ദ്യത്തിന്റെ കേന്ദ്രകൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട ജപ്പാന്‍ സാമ്പത്തികരംഗത്ത് ചൈനക്കു പിന്നിലായി. ഇപ്പോള്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം സുനാമിയുടെ രൂപത്തില്‍ എത്തി.

Blurb Image courtesy : webmotto.com

news: Desabhimani online