18 October 2017, Wednesday

സെക്രട്ടറിയറ്റ് കലക്ടറേറ്റ് ഉപരോധം വന്‍വിജയമാക്കുക: വൈക്കം വിശ്വന്‍

ധനമന്ത്രി കെ എം മാണി രാജിവയ്ക്കുക , സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടറിയറ്റ്-കലക്ടറേറ്റ് ഉപരോധം വന്‍വിജയമാക്കാന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പ് അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും ആ മന്ത്രി സ്ഥാനത്ത് തുടരുകയാണ്. ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ കേരളമൊന്നാകെ അണിനിരക്കേണ്ടതുണ്ട്.

നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയ വനിതാ അംഗങ്ങളെ യുഡിഎഫ് പുരുഷ എംഎല്‍എമാര്‍ ആക്രമിക്കുകയും ലൈംഗിക ചുവയോടുകൂടി അപമര്യാദയായി പെരുമാറുകയും ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. നിയമസഭയ്ക്കകത്തുപോലും വനിതാ എംഎല്‍എമാര്‍ക്ക് സംരക്ഷണം ലഭിക്കാത്ത അവസ്ഥയിലേക്ക് കേരളം മാറി. ഇതുസംബന്ധിച്ച് വനിതാ എംഎല്‍ എമാര്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നും അഴിമതിക്കേസില്‍ പ്രതിയായ കെ എം മാണി രാജിവയ്ക്കണമെന്നുമുള്ള മുദ്രാവാക്യം എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്കാരം സംരക്ഷിക്കുന്നതിനും അഴിമതിക്കെതിരെയും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുംവേണ്ടി നടത്തുന്ന പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.