16 March 2019, Saturday

സ്വാതന്ത്ര്യ സമരത്തെ എതിർത്ത ആർഎസ്എസ് ദേശസ്‌നേഹം പഠിപ്പിക്കുമ്പോൾ

കെ എ വേണുഗോപാലൻ

ആർഎസ്എസും ഇന്ത്യൻ സ്വാതന്ത്യസമരവും തമ്മിലുള്ള ബന്ധമെന്ത് എന്നു ചോദിച്ചാൽ അവർ ആകെ പറയുക സവർക്കറുടെ പേരാണ്. ഹിന്ദുമഹാസഭയുടെ രൂപീകരണാനന്തരം സവർക്കർ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായിട്ടുണ്ടോ? ഇല്ല എന്നത് സംശയരഹിതമായ കാര്യം. സവർക്കറുടെ കണ്ണിൽ ഹിന്ദുവിന്റെ ഏറ്റവും വലിയ ശത്രുക്കൾ മുഗൾഭരണവും മുസ്ലീങ്ങളും തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ശത്രുക്കളായ മുഗളരെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാർ ശത്രുവിന്റെ ശത്രു ബന്ധു എന്ന ന്യായേന സവർക്കറുടെ സഖ്യശക്തികളായിരുന്നു.

1942ലെ ക്വിറ്റിന്ത്യാസമരകാലത്ത് പ്രാദേശികഭരണസമിതികളിലെയും നിയമനിർമ്മാണസഭകളിലെയും ഹിന്ദുമഹാസഭ അംഗങ്ങൾ സ്വന്തം തസ്തികകളിൽ തുടരുകയും സ്വാഭാവിക കർത്തവ്യങ്ങൾ നിർവ്വഹിക്കുകയുമാണ് ചെയ്യേണ്ടത് എന്ന് ആഹ്വാനം ചെയ്തയാളാണ് സവർക്കർ. മാത്രമല്ല ആ സമയത്ത് രൂക്ഷമായ മുസ്ലിം വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടുകൊണ്ട് രാഷ്ട്രീയത്തെ ഹിന്ദുത്വവത്കരിക്കാനും ഹിന്ദുത്വത്തെ സൈനികവത്കരിക്കാനും ആഹ്വാനം ചെയ്ത സവർക്കർ ബ്രിട്ടീഷുകാരുമായി സഹകരണാത്മക പാതയിൽ സഞ്ചരിക്കുകയാണ് ചെയ്തത്. ആർ എസ് എസിന് രൂപം കൊടുത്ത ഹെഗ്‌ഡേവാറാവട്ടെ കോൺഗ്രസിൽ പ്രവർത്തിച്ചുവന്നിരുന്നയാളാണെങ്കിലും ആർ എസ് എസ് രൂപീകരണത്തോടെ സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്.

1920കളുടെ തുടക്കത്തിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനമാണ് എല്ലാവിഭാഗം ജനങ്ങളെയും സ്വാതന്ത്ര്യ സമരത്തിൽ അണിനിരത്തുന്നതിൽ വൻവിജയം നേടിയത്. ഗാന്ധിജിയും കോൺഗ്രസും സമരം പിൻവലിക്കുകയും സമരരംഗത്തുനിന്ന് പിന്മാറുകയും ചെയ്തു. ഏറെ ആവേശമുണർത്തിയ ആ സമരപങ്കാളിത്തത്തെ കുറിച്ച് നിന്ദാസൂചകമായ പരാമർശമാണ് ഹെഡ്‌ഗേവാറിൽ നിന്നുണ്ടായത്. ''മഹാത്മാഗാന്ധിയുടെ നിസ്സഹകരണ സമരം മൂലം (ദേശീയതയ്ക്കു വേണ്ടിയുള്ള) രാജ്യത്തെ ആവേശം തണുത്തുറയുകയും ആ പ്രസ്ഥാനം ഉണർത്തിവിട്ട സാമൂഹ്യജീവിതത്തിലെ ദുഷ്ടശക്തികൾ തലയുയർത്തുകയും അത് ഭീഷണി സൃഷ്ടിക്കുകയും ചെയ്തു. നിസ്സഹകരണത്തിന്റെ പാലുകുടിച്ചു വളർന്ന യവനസർപ്പങ്ങൾ അവയുടെ വിഷം നിറഞ്ഞ സീൽക്കാരങ്ങൾ കൊണ്ട് രാജ്യത്ത് ലഹളകൾ കെട്ടഴിച്ചുവിടുകയും ചെയ്തു'' എന്നാണ് വിസ്സഹകരണസമരത്തിന്റെ അനന്തരഫലത്തെ കുറിച്ചുള്ള ഹെഡ്‌ഗേവാറുടെ വിലയിരുത്തൽ. (ദിഷികർ 1979 പേജ് 7)

1927ൽ സ്വാതന്ത്ര്യസമരപ്രസ്ഥാനം വീണ്ടും മുന്നേറ്റത്തിന്റെതായ പാതയിലെത്തി. സൈമൺ കമ്മീഷനുനേരെ നടന്ന പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു അത്. എന്നാൽ ആർഎസ്എസ് ആ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിൽക്കുകയും നാഗ്പൂരിൽ വെച്ച് അതിന്റെ പ്രധാന പ്രവർത്തകർക്കായി പരീശീലന ക്യാമ്പ് നടത്തുകയുമാണ് അക്കാലത്ത് ചെയ്തത്. മാത്രമല്ല 1927ൽ നാഗ്പൂരിൽ ആർ എസ് എസ് മുൻകൈയിൽ ഒരു വർഗീയലഹളയും സംഘടിപ്പിക്കപ്പെട്ടു.

1930ലെ പൂർണ്ണസ്വരാജ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തപ്പോഴും ആർഎസ്എസിനെ എവിടെയും കാണാനുണ്ടായിരുന്നില്ല. 1930 ജനുവരി 26ന് സ്വാതന്ത്ര്യദിനം ആചരിക്കുന്നതിന് കോൺഗ്രസ് ആഹ്വാനം ചെയ്തപ്പോൾ കാവിക്കൊടി ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യദിനാചരണം നടത്തുന്നതിനാണ് ആർഎസ്എസ് ശാഖകളോട് ഹെഡ്‌ഗേവാർ ആഹ്വാനം ചെയ്തത്. സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരപ്പോരാളികളും കൊളോണിയൽ പോലീസും തമ്മിൽ പലേടത്തും ഏറ്റുമുട്ടലുകളുണ്ടായെങ്കിലും ഒരിടത്തും ദണ്ഡുമായി ഒരൊറ്റ ആർ എസ് എസുകാരനെയും കാണാനുണ്ടായിരുന്നില്ല.

1940ലാണ് ഹെഡ്‌ഗേവാറിൽ നിന്ന് ഗോൾവാൾക്കർ സർ സംഘ് ചാലക് പദവി ഏറ്റെടുക്കുന്നത്. അതോടെ മുസ്ലിം വിരുദ്ധ- ബ്രിട്ടീഷ് അനുകൂല നിലപാട് കൂടുതൽ ശക്തിപ്പെട്ടു. ''പൊതുവായ ശത്രുവിനെയും ഭൂപ്രദേശപരമായ ദേശീയതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ആണ് ഇന്ന് രാഷ്ട്രം സംബന്ധിച്ച നമ്മുടെ സങ്കല്പത്തിന് അടിത്തറയായിരിക്കുന്നത് എന്നത് ഹിന്ദുരാഷ്ട്രമെന്നതിന്റെ ക്രിയാത്മകതയും ആവേശകരമായ ഉള്ളടക്കവും ചോർത്തിക്കളയുകയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ വെറും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്‌നേഹവും ദേശീയതയുമായി സമീകരിച്ചിരിക്കുന്നു. ഈ പിന്തിരിപ്പൻ കാഴ്ചപ്പാടിന് മൊത്തം സ്വാതന്ത്ര്യസമരപോരാട്ടത്തിലും അതിന്റെ നേതാക്കളിലും സാധാരണ ജനങ്ങളിലും വരെ ദോഷകരമായ ഫലങ്ങൾ ഉളവാക്കാൻ കഴിയുന്നുണ്ട്.'' (ഗോൾവാൾക്കർ പേജ് 142-143-1966) ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ചുള്ള ആർഎസ്എസ് കാഴ്ചപ്പാടാണിത് വ്യക്തമാക്കുന്നത്. കൊളോണിയൽ നുകം വലിച്ചെറിയുന്നതിനുവേണ്ടി, സ്വാതന്ത്ര്യസമരം ആളിക്കത്തുമ്പോൾ ആണ് ബ്രിട്ടീഷ് വിരുദ്ധതയെ തള്ളിപ്പറയാൻ ഹെഡ്‌ഗേവാർ തയ്യാറാവുന്നത്.

ആർ എസ് എസ് അവരുടെ ദേശീയവാദപരവും ദേശസ്‌നേഹപരവുമായ എല്ലാ സമരങ്ങളുടെയും കുന്തമുനതിരിച്ചുവെക്കുന്നത് ഇസ്ലാമിക മേധാവിത്വത്തിന്റെ കഴിഞ്ഞകാല ഓർമ്മകൾക്കു നേരെയാണ്. അവസാന മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെതിരായി ശിവജി നടത്തിയ യുദ്ധത്തോടെ അവരുടെ ചരിത്രം അവസാനിക്കുകയാണ്. ബ്രിട്ടീഷ് മേധാവിത്വത്തിന് മുഗൾ ഭരണത്തെ അപ്രസക്തമാക്കാൻ കഴിഞ്ഞുവെന്ന് കാണുന്ന ആർ എസ് എസ് ബ്രിട്ടീഷുകാരെ ഹിന്ദുക്കളുടെ സഖ്യശക്തിയായാണ് കണ്ടത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിനകത്ത് ഹിന്ദു-മുസ്ലിം ഭിന്നിപ്പുണ്ടാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാനാണ് ആർ എസ് എസ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ 1940-41കാലത്തെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിലൊ, 1942ലെ ക്വിറ്റിന്ത്യാസമരത്തിലൊ, 1947ലെ നാവികകലാപത്തിലൊ, ഐ എൻ എ പോരാളികളെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള സമരത്തിലൊ, ഒന്നുംതന്നെ ആർ എസ് എസ് ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ത്രിവർണ്ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിച്ചതിനും ഇന്ത്യൻ ഭരണഘടനയ്ക്കുതന്നെയും എതിരായിരുന്നു അവർ. അവരാണിപ്പോൾ ദേശസ്‌നേഹം പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.