18 November 2017, Saturday

ഹര്‍ത്താല്‍ വിജയിപ്പിച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു:വൈക്കം വിശ്വന്‍

നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും പോലീസ്‌ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ വിജയിപ്പിച്ച മുഴുവന്‍ പേരെയും എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിവാദ്യം ചെയ്‌തു.

അഴിമതിക്കാരനായ മന്ത്രി കെ.എം.മാണി ബഡ്‌ജറ്റ്‌ അവതരിപ്പിക്കരുതെന്ന്‌ നിലപാടെടുത്ത എല്‍.ഡി.എഫ്‌ എം.എല്‍.എമാരെ പോലീസും ഭരണകക്ഷി എം.എല്‍.എമാരും ചേര്‍ന്ന്‌ ക്രൂരമായാണ്‌ മര്‍ദ്ദിച്ചത്‌. വനിത എം.എല്‍.എമാരെ ഉള്‍പ്പെടെ അക്രമിക്കുന്ന സ്ഥിതിയും ഉണ്ടായി. നിയമസഭയ്‌ക്ക്‌ പുറത്ത്‌ ജനാധിപത്യപരമായി സമരം ചെയ്‌ത സമര വളണ്ടിയര്‍മാരെ പോലീസ്‌ അകാരണമായി ആക്രമിക്കുകയും ചെയ്‌തു. എന്നിട്ടും ബഡ്‌ജറ്റ്‌ അവതരിപ്പിക്കാന്‍ കഴിയാത്ത ജാള്യതയില്‍ കള്ള പ്രചാരവേല നടത്തുന്ന സമീപനമാണ്‌ യു.ഡി.എഫ്‌ സ്വീകരിക്കുന്നത്‌. ഇത്തരം പ്രചാരവേലകളെ തള്ളിക്കളഞ്ഞുകൊണ്ടും യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടും ഹര്‍ത്താലുമായി കേരളത്തിലെ ജനങ്ങള്‍ സഹകരിക്കുകയുണ്ടായി. സമാധാനപരമായി അങ്കമാലിയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ്‌ നടത്തിയ അക്രമണത്തിലും വൈക്കം വിശ്വന്‍ പ്രതിഷേധിച്ചു.