7 February 2019, Thursday

“അരിയിൽ മണ്ണു”വാരിയിട്ടത് കോൺഗ്രസ്സ്എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നത് മുടക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത് കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍. അരിവിതരണം തടഞ്ഞതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച പരാതി നല്‍കും. കുറഞ്ഞ വിലയ്ക്ക് അരി നല്‍കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന പരാതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചവരുടെ കൂട്ടത്തില്‍ കെ സുധാകരന്‍ എംപിയുമുണ്ട്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പദ്ധതിക്കെതിരെ രംഗത്തിറങ്ങിയതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി.

രണ്ടു രൂപയ്ക്ക് അരി എല്ലാ കുടുംബത്തിനും നല്‍കാന്‍ ഫെബ്രുവരി 23ന്റെ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതാകട്ടെ മാര്‍ച്ച് ഒന്നിനും. രാജ്യത്തിന് മാതൃകയായ തീരുമാനം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തതോടെ യുഡിഎഫ് അങ്കലാപ്പിലായി. തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും വ്യാപകമായി പരാതി അയക്കാന്‍ യുഡിഎഫ് നേതാക്കള്‍ നിര്‍ദേശം നല്‍കി.

പദ്ധതി തടഞ്ഞ് തിങ്കളാഴ്ച രാത്രി വൈകി പുറപ്പെടുവിച്ച ഉത്തരവ് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. പദ്ധതിയെപ്പറ്റി പ്രചാരണം നടത്തരുതെന്നുവരെ ഉത്തരവില്‍ പറയുന്നു. നേരത്തെതന്നെ തുടങ്ങിയ പദ്ധതികളും പ്രവൃത്തികളും കമീഷന്റെ അനുമതി കൂടാതെ സര്‍ക്കാരിന് തുടരാമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അരിവിതരണത്തിനുള്ള നടപടി ആരംഭിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍വന്നിരുന്നില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അരിവിതരണത്തിനുള്ള നടപടിക്രമങ്ങള്‍ ചട്ടലംഘനമല്ല. പദ്ധതിയില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയതുമാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും.


അരി തടയാന്‍ പരാതിപ്പെട്ടത് തെറ്റല്ലെന്ന് ചെന്നിത്തല

രണ്ടുരൂപക്ക് അരി നല്‍കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയത് തങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല. പരാതി നല്‍കിയതില്‍ ഒരു തെറ്റും കാണുന്നില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിന് പദധതി ഉപയോഗിക്കുന്നതിനെതിരെയാണ് പരാതി നല്‍കിയതെന്ന് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ചെന്നിത്തല പറഞ്ഞു.


രണ്ടു രൂപ അരി വിതരണം തടഞ്ഞത് ഗൂഢാലോചന

രണ്ടുരൂപയുടെ അരി വിതരണം 70 ലക്ഷം കുടുംബത്തിലേക്ക് വ്യാപിക്കുന്നത് തടഞ്ഞതിനു പിന്നില്‍ ഗൂഢാലോചന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുംമുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെന്നും നിലവിലുള്ള പദ്ധതി വ്യാപിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള സര്‍ക്കാരിന്റെ വാദം അംഗീകരിക്കാതെയാണ് അരി വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പു കമീഷന്‍ തടഞ്ഞത്. സമീപകാല സംഭവങ്ങളില്‍ അടിപതറിയ യുഡിഎഫ് രണ്ടുരൂപ അരിക്കെതിരെ വ്യാപകമായ പ്രചാരണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കൊല്ലം കലക്ടറാണ് അരി വിതരണത്തിനുള്ള അപേക്ഷയുടെ വിതരണം ആദ്യം തടഞ്ഞത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചിരുന്നു. പുതിയ ആനുകൂല്യമല്ല സര്‍ക്കാര്‍ നല്‍കുന്നതെന്നും കലക്ടറുടെ നടപടി ചട്ടവിരുദ്ധമാണെന്നും സര്‍ക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത് ഫയലില്‍ സ്വീകരിച്ചശേഷം സര്‍ക്കാരിന് മറുപടി പോലും നല്‍കാതെ അരി വിതരണം സംസ്ഥാന വ്യാപകമായി തടഞ്ഞ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ തിങ്കളാഴ്ച രാത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

കേരളത്തില്‍ പട്ടിണി കിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിന് എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും കിലോക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ ഫെബ്രുവരി 23നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഏഴു ദിവസത്തിനു ശേഷമാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. അരിവിതരണത്തിനുള്ള നടപടിക്രമങ്ങള്‍ അതിനു മുമ്പേ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് കാര്‍ഡുടമകള്‍ക്ക് രണ്ടുരൂപ നിരക്കില്‍ 14,235 റേഷന്‍കടയിലൂടെ വിതരണം ചെയ്യുക. 70 ലക്ഷത്തിലേറെ കുടുംബത്തിന് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിമാസം 27 കോടിയുടെ അധിക ബാധ്യതയാണ് സര്‍ക്കാര്‍ ഇതിലൂടെ ഏറ്റെടുത്തത്. 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ രണ്ടര ഏക്കറില്‍ കൂടുതല്‍ സ്ഥലമോ ഉള്ളവര്‍ക്ക് ഈ ആനുകൂല്യമില്ല. രണ്ടുലക്ഷത്തില്‍ താഴെ കാര്‍ഡുടമകളേ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടൂ

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ പൊതുവിതരണ ശൃംഖലയില്‍നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനം എല്ലാ കുടുംബത്തിനും രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ സര്‍ക്കാര്‍ തുടക്കമിട്ടത്. കേന്ദ്രം 6.20 രൂപയ്ക്ക് നല്‍കുന്ന ബിപിഎല്‍ അരി രണ്ടുരൂപയ്ക്ക് വിതരണം ചെയ്യുമ്പോള്‍ കിലോക്ക് 4.20 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നു. എപിഎല്‍ കുടുംബങ്ങള്‍ക്കായി 8.90 രൂപയ്ക്ക് കിട്ടുന്ന അരിയും 6.70 രൂപയ്ക്ക് തരുന്ന ഗോതമ്പും രണ്ടുരൂപ നിരക്കില്‍ ജനങ്ങളിലെത്തിക്കാന്‍ യഥാക്രമം 6.90 രൂപയും 4.70 രൂപയും സബ്സിഡി നല്‍കുന്നു. എല്ലാ കുടുംബത്തിലേക്കും രണ്ടുരൂപയുടെ അരി എത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റം തടയുന്നതില്‍ നിര്‍ണായകമാകും.

 

രണ്ടു രൂപ അരിക്ക് വിലക്ക്; കേരളം കമ്മിഷന് കത്തയയ്ക്കും

തിരുവനന്തപുരം: എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് അരി  നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തടഞ്ഞുകൊണ്ടുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റെയും പരാതിയെ തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം തടഞ്ഞുകൊണ്ട് തിങ്കളാഴ്ച രാത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന്റെ ഈ ജനപ്രിയ പദ്ധതിയെ തടയുന്നത്. പദ്ധതിക്കായി ഗുണഭോക്താക്കള്‍ പൂരിപ്പിച്ച് നല്‍കേണ്ട അപേക്ഷാ ഫോമിന്റെ വിതരണവും തടഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസം 23 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചെറിയ നിബന്ധനകള്‍ക്ക് വിധേയമായി എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഉപഭോക്താക്കള്‍ക്ക് പരമാവധി വേഗത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ തന്നെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയുമെന്ന തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ്  കമ്മിഷന്റെ തീരുമാനത്തോടെ രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി ജനങ്ങളിലെത്തുന്നത് തടയപ്പെടുകയാണ്.

സാധാരണക്കാര്‍ക്ക് പരമാവധി പ്രയോജനം ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാനത്തെ 14,235 റേഷന്‍ കടകളിലൂടെ  പ്രതിമാസം 12 കിലോ ഭക്ഷ്യധാന്യം രണ്ട് രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ 70 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2010-11 ബജറ്റിലാണ് 35 ലക്ഷം കുടൂംബങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ബജറ്റില്‍ ഇത് 41 ലക്ഷം ആയി വര്‍ധിപ്പിച്ചു. ഘട്ടം ഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ വിപുലീകരിച്ചുകൊണ്ടിരുന്ന പദ്ധതി കൂടുതല്‍ വിപുലീകരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതും മാര്‍ച്ച് ഒന്നിനാണ്. ഫെബ്രുവരി 23ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനം നടപ്പാക്കാന്‍ കഴിയില്ലെന്ന കമ്മിഷന്റെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാന സര്‍ക്കാര്‍ പരാതി നല്‍കും. വിലക്കയറ്റം തടയാന്‍ ചെറുവിരല്‍ പോലും അനക്കാത്ത കോണ്‍ഗ്രസാണ് സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ്.

 

Image modified from Greenpeace photograph.

[Greenpeace / John Novis]

____________________________________________

 

2 രൂപ അരി തടഞ്ഞതിനെ ന്യായീകരിച്ച് ഉമ്മന്‍ചാണ്ടിയുംതിരു: എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി തടഞ്ഞതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും രംഗത്ത്. കോഗ്രസ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ അരിവിതരണം തടഞ്ഞത്. പദ്ധതിക്കെതിരെ പരാതി നല്‍കിയതിനെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അനുകൂലിച്ചിരുന്നു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പദ്ധതിയായതിനാലാണ് കമീഷന് പരാതി നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതി നല്‍കിയതിനെ തെറ്റായി കാണുന്നില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം, ഭരണനേട്ടമായി എല്‍ഡിഎഫ് പദ്ധതിയെ ഉപയോഗിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനുമുമ്പാണ് പദ്ധതി തുടങ്ങിയതെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള്‍ ആ കാര്യത്തില്‍ തനിക്ക് തര്‍ക്കമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതു നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ല. റേഷന്‍കടയുടമകള്‍ക്കും താല്‍പ്പര്യമില്ല. പദ്ധതിക്കായി പുതിയ ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടില്ല. കെ എം മാണിയുമായുള്ള തര്‍ക്കം സീറ്റുകളുടെ എണ്ണത്തിലാണ്. അതു അംഗീകരിക്കാന്‍ പ്രായോഗികമായുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ കാണണം. പമോയില്‍ കേസില്‍ സാങ്കേതികത്വം പറഞ്ഞ് തലയൂരാന്‍ ശ്രമിക്കില്ല. കേസിനെ ധാര്‍മികമായും നിയമപരമായും നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

 

Comments

കേരളത്തിലെ ജനങ്ങള്‍ അരി വാങ്ങുന്നതു കോണ്‍ഗ്രസ്‌ നേതൃത്വത്തിന് എങ്ങനെയാണു സഹിക്കാന്‍ കഴിയുക? വിലക്കയറ്റം കൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഒന്നടങ്കം അരിവാങ്ങാതെ പട്ടിണി കിടക്കുമ്പോള്‍ എങ്ങനെയാണു ജനങ്ങളൊടു ഇത്രയധികം സ്നേഹമുള്ള ഒരു പാര്‍ട്ടിക്കു (കോണ്‍ഗ്രസ്‌ നു) കേരളത്തിലെ മാത്രം ജനങ്ങല്‍ 2 രൂപയ്ക്കു അരിവാങ്ങി കഞ്ഞി കുടിക്കുന്നതു സഹിക്കാന്‍ കഴിയുക..

ജനം പട്ടിണി കിടന്നു മരിച്ചാലും കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിക്കു യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തിനു നന്നായി അറിയം... അതുകൊണ്ടു അരിയല്ല കുടിവെള്ളം പോലും അവര്‍ മുടക്കും... പാവപ്പെട്ടവനു എന്തു സംഭവിച്ചാലും ഞങ്ങള്‍ക്കെന്താ..., ഞങ്ങള്‍ക്കു വലുതു വോട്ടും പണക്കാരുമാണു എന്ന സത്യം വിളിച്ചു പറയുകയാണു കോണ്‍ഗ്രസ്‌ ഇപ്പോള്‍... മനോരമ പോലുള്ള മാധ്യമങ്ങള്‍ കുടെ ഉണ്ടെങ്കില്‍ ഇതൊന്നും ജനം അറിയില്ല എന്നാണു അവരുടെ വിചരം... ആരെല്ലാം കൂടെ ഉണ്ടെങ്കിലും ഈ ജനദ്രോഹം ജനം തിരിച്ചറിയുക തന്നെ ചെയ്യും. ജനത്തെ കഷ്ടത്തിലാക്കുന്ന കോണ്‍ഗ്രസ്സ്‌ നുള്ള മറുപടി ഈ തിരഞ്ഞെടുപ്പില്‍ ജനം നല്‍കുക തന്നെ ചെയ്യും

സമ്പന്നരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ക്കു പാവങ്ങള്‍ പട്ടിണി കിടന്നുപോലും, ഇല്ലപോലും, അവര്‍ക്കൊരും കുഴപ്പവും ഇല്ല. വെറും രാഷ്ട്രീയചിന്തയുമായി കഴിയുകയാണ്. അധികാരം, അഴിമതി, എന്ന ചിന്ത മാത്രം. അതിന്റെ വില അവര്‍ ഈ ഇലക്ഷനില്‍ കൊടുക്കേണ്ടിവരും. ഉറപ്പ്.