28 January 2019, Monday

100 വര്‍ഷം പിന്നിട്ട സാര്‍വദേശീയ വനിതാ ദിനം


വൃന്ദ കാരാട്ട്    1910 ആഗസ്റ് 27നാണ് കോപ്പന്‍ ഹേഗനില്‍ ചേര്‍ന്ന സാര്‍വദേശീയ സോഷ്യലിസ്റ് വനിതാ സമ്മേളനത്തില്‍ വിപ്ളവ നേതാവ് ക്ളാര സെറ്റ്കിന്‍, അലക്സാന്ദ്ര കൊല്ലന്തായ് തുടങ്ങിയ മറ്റു സഖാക്കള്‍ക്കൊപ്പം "സാര്‍വദേശീയ വനിതാദിനം'' ആചരിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്.

    ഐതിഹാസികമായ പ്രമേയം

    പ്രമേയം ഇങ്ങനെ ആയിരുന്നു- "വര്‍ഗബോധത്തിന് അനുസൃതമായി, തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ സംഘടനകളും ട്രേഡ് യൂണിയന്‍ സംഘടനകളുമായി ചേര്‍ന്ന് എല്ലാ രാജ്യങ്ങളിലേയും സോഷ്യലിസ്റ് വനിതകള്‍ ഓരോ വര്‍ഷവും അതാത് രാജ്യങ്ങളില്‍ വനിതാദിനം ആചരിക്കണം. വനിതകള്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതിന് സഹായകമാവുക എന്നതായിരിക്കണം അതിന്റെ പരമമായ ലക്ഷ്യം. ഈ ആവശ്യം ഉന്നയിക്കേണ്ടത് സോഷ്യലിസ്റ് കാഴ്ചപ്പാടനുസരിച്ച് മൊത്തം സ്ത്രീപ്രശ്നവുമായി ബന്ധപ്പെടുത്തി ആയിരിക്കണം. വനിതാ ദിനത്തിന് ഒരു സാര്‍വദേശീയ സ്വഭാവം ഉണ്ടായിരിക്കണം; ശ്രദ്ധാപൂര്‍വമായിരിക്കണം അത് തയ്യാറാക്കേണ്ടത്.'' അംഗീകരിക്കപ്പെട്ട മുദ്രാവാക്യം ഇതായിരുന്നു. "സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ വനിതകള്‍ക്ക് വോട്ടവകാശം നേടുന്നത് നമ്മുടെ ശക്തി സംയോജിപ്പിക്കും.'' ആ ഘട്ടത്തില്‍ അത് ആചരിക്കാന്‍ പ്രത്യേക തീയതി നിശ്ചയിച്ചിരുന്നില്ല.

    ആദ്യത്തെ ദിനാചരണം

    ട്രേഡ് യൂണിയനുകള്‍, സോഷ്യലിസ്റ് പാര്‍ടികള്‍, തൊഴിലെടുക്കുന്ന സ്ത്രീകളുടെ ക്ളബ്ബുകള്‍ എന്നിവയെ പ്രതിനിധീകരിച്ച് ഫിന്നിഷ് പാര്‍ലമെന്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുത്ത 17 രാജ്യങ്ങളില്‍ നിന്നുള്ള 100 വനിതാ പ്രതിനിധികള്‍ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. കോപ്പന്‍ ഹേഗന്‍ ഇനിഷ്യേറ്റീവിന്റെ ഫലമായി തൊട്ടടുത്ത വര്‍ഷം, 1911-ല്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 10 ലക്ഷം ആളുകള്‍ ജര്‍മ്മനിയിലും ആസ്ട്രിയയിലും ഡെന്മാര്‍ക്കിലും സ്വിറ്റ്സര്‍ലണ്ടിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും പ്രകടനം നടത്തി. അതിന് നിശ്ചയിച്ച ദിവസം മാര്‍ച്ച് 19 ആയിരുന്നു. പ്രഷ്യന്‍ രാജാവിനെതിരെ സായുധ ഉയിര്‍ത്തെഴുനേല്‍പ് ഉണ്ടായ 1848ലെ വിപ്ളവത്തെ സ്മരിക്കുന്നതിനാണ് ആ ദിവസം നിശ്ചയിച്ചത്.

    ബോള്‍ഷെവിക് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയിലെ ആദ്യവനിതാ അംഗമായി പില്‍ക്കാലത്ത് തെരഞ്ഞെടുക്കപ്പെട്ട അലക്സാന്ദ്ര കൊല്ലന്തായ് ഈ പ്രകടനങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി: "പ്രകടനങ്ങള്‍ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. ജര്‍മ്മനിയിലും ആസ്ട്രിയയിലും സ്ത്രീകള്‍ ഇളകി മറിയുന്ന കടല്‍പോലെ ആര്‍ത്തിരമ്പി വരുകയായിരുന്നു. എല്ലായിടത്തും യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോലും സ്ത്രീകള്‍ക്കു വേണ്ടി സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ പുരുഷതൊഴിലാളികളോട് ആവശ്യപ്പെടത്തക്കവിധം ഹാളുകള്‍ നിറഞ്ഞുകവിയുകയുണ്ടായി. 30,000 പേര്‍ വരെ പങ്കെടുത്ത വലിയ പ്രകടനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പ്രകടനക്കാരുടെ ബാനറുകള്‍ നീക്കം ചെയ്യാന്‍ പോലീസ് നിശ്ചയിച്ചു. സ്ത്രീ തൊഴിലാളികള്‍ ചെറുത്തു നിന്നു. അതേ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും രക്തച്ചൊരിച്ചില്‍ ഒഴിവായത് സോഷ്യലിസ്റ് പാര്‍ലമെന്റംഗങ്ങളുടെ സഹായം കൊണ്ടു മാത്രമാണ്''.

    റഷ്യയില്‍ റഷ്യന്‍ കലണ്ടര്‍പ്രകാരം ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച ആയിരുന്നു ആ ദിനാചരണം. ഇംഗ്ളീഷ് കലണ്ടര്‍ പ്രകാരം അത് മാര്‍ച്ച് 8 ആയിരുന്നു. അമേരിക്കയില്‍ സോഷ്യലിസ്റുകാരായ സ്ത്രീകള്‍ 1908ല്‍ തന്നെ ദേശീയ വനിതാ ദിനം ആചരിച്ചിരുന്നു. സ്ത്രീകള്‍ക്ക് വോട്ട് അവകാശവും സാമ്പത്തിക അവകാശവും ആവശ്യപ്പെട്ടുകൊണ്ടുള്ള വമ്പിച്ച പ്രകടനങ്ങള്‍ ആദ്യമായി നടന്നത് അതോടനുബന്ധിച്ചായിരുന്നു. വസ്ത്ര നിര്‍മാണ ശാലകളിലെ സ്ത്രീത്തൊഴിലാളികള്‍ പോലീസ് മര്‍ദ്ദനം നേരിട്ടുകൊണ്ട് ഉശിരന്‍ പണിമുടക്കുകള്‍ നടത്തിയിരുന്നു. അവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള പ്രകടനങ്ങളായിരുന്നു വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി മാറിയത്. യുദ്ധത്തിനായുള്ള സാമ്രാജ്യത്വ ശക്തികളുടെ തയ്യാറെടുപ്പുകള്‍ തുടങ്ങിയതോടെ ദേശാതിര്‍ത്തികള്‍ കടന്നുള്ള ഒരു സാര്‍വദേശീയ ദിനത്തിന് പുതിയ മാനം കൈവന്നു. യുദ്ധത്തിനെതിരായി സമാധാനം ആഹ്വാനം ചെയ്തുകൊണ്ട് വിവിധ രാജ്യങ്ങളിലെ സ്ത്രീകള്‍ രംഗത്ത് വന്നു. 1913ല്‍ ആയിരുന്നു സാര്‍വദേശീയ വനിതാദിനം മാര്‍ച്ച് 8ലേക്ക് മാറ്റപ്പെട്ടത്.

    എന്നാല്‍ തൊട്ടടുത്ത വര്‍ഷം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1915ലും 1916ലും വനിതാദിനാചരണം നടത്താന്‍ പരിശ്രമങ്ങള്‍ നടന്നെങ്കിലും എല്ലാ രാജ്യങ്ങളിലെയും യുദ്ധക്കൊതിയന്മാര്‍ സമാധാനത്തിനായുള്ള ആഹ്വാനം നടത്താന്‍ ധൈര്യപ്പെട്ടവരെ വേട്ടയാടുകയും പൊതുപ്രകടനങ്ങള്‍ നിരോധിക്കുകയും ചെയ്തു. നോര്‍വെയില്‍ മാത്രമാണ് ആ കാലഘട്ടത്തില്‍ മാര്‍ച്ച് 8ന് പ്രകടനം നടത്തിയത് എന്ന് കൊല്ലന്തായ് എഴുതുന്നു. അവിടെ അന്ന് ചില വനിതാ പ്രതിനിധികള്‍ ഒത്തുകൂടുകയും സമാധാനം ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു പ്രമേയം ധൈര്യപൂര്‍വം അംഗീകരിക്കുകയും ചെയ്തു.

    1917 ലെ വനിതാദിനം

    പിന്നീട് വരുന്നത് മഹത്തായ 1917 ആണ്. സ്ത്രീത്തൊഴിലാളികള്‍ മാര്‍ച്ച് 8നു വേണ്ടിയുള്ള അണിചേരല്‍ ആരംഭിച്ചപ്പോഴാണ് പെട്രോഗ്രാഡിലെ തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് വെറുക്കപ്പെട്ട സാറിസ്റ് ഭരണത്തിനെതിരായ കൊടുങ്കാറ്റ് ആരംഭിച്ചത്. (റഷ്യന്‍ കലണ്ടര്‍ പ്രകാരം തീയതി ഫെബ്രുവരി 23 ആയിരുന്നു. മറ്റു രാജ്യങ്ങളില്‍ ഉപയോഗത്തിലിരുന്ന ജൂലിയന്‍ കലണ്ടര്‍ പ്രകാരം അന്ന് മാര്‍ച്ച് 8 ആയിരുന്നു) തൊഴിലാളി സ്ത്രീകള്‍, പട്ടാളക്കാരുടെ ഭാര്യമാര്‍, തൊഴിലാളി വര്‍ഗത്തില്‍പെട്ട വീട്ടമ്മമാര്‍, പട്ടിണികൊണ്ട് കഷ്ടപ്പെടുന്നവര്‍, യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ എല്ലാം പെട്രോഗ്രാഡിന്റെ തെരുവുകളിലൂടെ ആര്‍ത്തിരമ്പി നീങ്ങി. അവര്‍ യൂദ്ധത്തെ അപലപിച്ചു; തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു; സമാധാനവും ഭക്ഷണവും ഉറപ്പാക്കണമെന്ന് അവര്‍ മുറവിളി കൂട്ടി. കരുത്തും ആവേശവും സംഭരിച്ച് അവര്‍ തെരുവുകളിലൂടെ ഇരച്ചു കയറി; തൊഴിലാളികളും പട്ടാളക്കാരും അവരോടൊപ്പം കൂടി. മാര്‍ച്ച് 8ന് നടന്ന സ്ത്രീകളുടെ പ്രകടനമായിരുന്നു ലോകത്തിലെ ആദ്യ സോഷ്യലിസ്റ് ഭരണകൂടം സ്ഥാപിക്കുന്നതിനിടയാക്കിയ പ്രക്ഷുബ്ധവും വിപ്ളവപരവുമായ സംഭവങ്ങളുടെ തുടക്കത്തിന്റെ വിളംബരം കുറിച്ച ഐതിഹാസികമായ ജനകീയ മുന്നേറ്റം തൊടുത്തു വിട്ടത്. പെട്രോഗ്രാഡിലും സാറിസ്റ് റഷ്യയിലെ മറ്റു സ്ഥലങ്ങളിലുമുള്ള സ്ത്രീകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ കാള്‍ മാര്‍ക്സിന്റെ അഭിപ്രായ പ്രകടനത്തെ സാധൂകരിക്കുകയായിരുന്നു- 1868 ഡിസംബര്‍ 12ന് ലുദ്വിഗ് കൂഗല്‍മാന് എഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു, "ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്ന ആര്‍ക്കും അറിയുന്ന കാര്യം സ്ത്രീകള്‍ക്കിടയില്‍ ചലനമുണ്ടാകാതെ മഹത്തായ സാമൂഹിക വിപ്ളവങ്ങള്‍ അസാധ്യമാണ് എന്നതാണ്''.

    തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍

    1922ല്‍ ആദ്യത്തെ തൊഴിലാളി വര്‍ഗ ഭരണകൂടം മാര്‍ച്ച് 8 വനിതാ ദിനമായി പരിഗണിച്ച് പൊതു ഒഴിവ് പ്രഖ്യാപിച്ചു. ആ വര്‍ഷമായിരുന്നു അത് ആദ്യമായി ചൈനയില്‍ ആചരിക്കപ്പെട്ടത്. ഈ ദിനാചരണത്തിന് ആക്കം ലഭിച്ചു. ഇന്ത്യയില്‍, ഇത് ആദ്യമായി ആചരിക്കപ്പെട്ടത് 1931ല്‍ ആയിരുന്നു- ലാഹോറില്‍ ചേര്‍ന്ന തുല്യതയ്ക്കായുള്ള ഏഷ്യന്‍ സ്ത്രീ സമ്മേളനത്തിന്റെ വേളയില്‍. സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെട്ടും സ്ത്രീകളുടെ തുല്യതയെ രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രവുമായി ബന്ധപ്പെടുത്തിയും ഒരു പ്രമേയം അംഗീകരിക്കപ്പെട്ടു.

    ഇടതുപക്ഷ വനിതാ സംഘടനകളും അതിനു പുറമെ സോഷ്യലിസ്റ് രാജ്യങ്ങളിലെ സ്ത്രീകളും വനിതാ ദിനം ആചരിക്കുന്ന പാരമ്പര്യം തുടര്‍ന്നു; 1960 കളെ തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പില്‍ മിക്കവാറും എല്ലായിടത്തും "ഫെമിനിസ്റ് തരംഗം'' ഇരച്ച് കയറിയതോടുകൂടി ഈ ദിനാചരണം കൂടുതല്‍ വ്യാപകമായി. ഒടുവില്‍ 1975ല്‍ ഐക്യരാഷ്ട്ര സഭ തന്നെ ഔദ്യോഗികമായി മാര്‍ച്ച് 8നെ സാര്‍വദേശീയവനിതാ ദിനമായി പ്രഖ്യാപിച്ചു. ഇന്ന് ലോകത്താകെയുള്ള രാജ്യങ്ങള്‍ മാര്‍ച്ച് 8 ആചരിക്കുന്നു. ഇത് സ്വാഗതാര്‍ഹമാണെങ്കിലും മാര്‍ച്ച് 8ന്റെ സോഷ്യലിസ്റ് വശത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് അത് ഇടയാക്കിയിരിക്കുന്നു; സ്ത്രീകളുടെ പോരാട്ടത്തിന്റെ പ്രതീകം എന്ന നിലയില്‍, വിശിഷ്യാ ചൂഷണാധിഷ്ഠിത മുതലാളിത്ത സംവിധാനത്തെ വെല്ലുവിളിക്കുന്ന അധ്വാനിക്കുന്ന സ്ത്രീകളുടെ പോരാട്ടത്തിന്റെ പ്രതീകമെന്ന നിലയിലുള്ള അതിന്റെ ചരിത്രത്തില്‍ തന്നെ വെള്ളം ചേര്‍ക്കാന്‍ അവസരമൊരുക്കിയിരിക്കുന്നു. മാര്‍ച്ച് 8ന്റെ സോഷ്യലിസ്റ് ഉറവിടത്തെക്കുറിച്ച് ഓര്‍മിക്കേണ്ടതും അതിനെ സ്ത്രൈണ ചപലതയുടെ കമ്പോളാധിഷ്ഠിത ആഘോഷമാക്കി മാറ്റുന്നതിനെ തടയേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നു.

    രണ്ട് വശങ്ങള്‍

    മാര്‍ച്ച് 8ന്റെ ചരിത്രത്തിന് രണ്ട് വശങ്ങളുണ്ട്. മുതലാളിത്ത ചൂഷണത്തിനെതിരെയും സോഷ്യലിസ്റ് ബദലിനായുമുള്ള പോരാട്ടത്തിനുവേണ്ടി സ്ത്രീത്തൊഴിലാളികളെ വിശേഷിച്ചും, തൊഴിലാളി വര്‍ഗത്തില്‍പ്പെടുന്ന സ്ത്രീകളെ പൊതുവിലും, സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് തുടക്കത്തിലേ മനസ്സിലാക്കുന്നതിനാണ് പ്രഥമവും പ്രധാനവുമായ പ്രാധാന്യം നല്‍കേണ്ടത്. വിമോചനത്തിനായുള്ള വനിതാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ തൊഴിലാളി വര്‍ഗസ്ത്രീകള്‍ വഹിക്കേണ്ട നിര്‍ണായകമായ പങ്ക് അംഗീകരിക്കപ്പെടേണ്ടത് യൂറോപ്പിലുടനീളവും റഷ്യയിലും അമേരിക്കയിലും തൊഴിലാളി വര്‍ഗ സ്ത്രീകള്‍ നടത്തിയ ഉശിരന്‍ പോരാട്ടങ്ങളെ ആധാരമാക്കിയാണ്.

    വ്യവസായത്തിന്റെ കാര്യമെടുത്താല്‍ ഏറ്റവും മോശപ്പെട്ട സാഹചര്യങ്ങളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും അധ്വാനമായിരുന്നു കൊള്ള ലാഭം ഉണ്ടാക്കുന്നതിന് ഉപയോഗിക്കപ്പെട്ടിരുന്നത്. "മൂലധന''ത്തിന്റെ ഒന്നാം വാല്യത്തില്‍ മാര്‍ക്സ് എഴുതുന്നു- "ആയതിനാല്‍, സ്ത്രീകളുടെയും കുട്ടികളുടെയും അധ്വാനമായിരുന്നു യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച മുതലാളിമാര്‍ നേടിയെടുത്ത ആദ്യനേട്ടം. അധ്വാനത്തിനും അധ്വാനിക്കുന്നവര്‍ക്കും വേണ്ടിയുള്ള പകരം സംവിധാനമായിരുന്നു, അചിരേണ മൂലധനത്തിന്റെ പ്രത്യക്ഷ പ്രേരണ പ്രകാരം കൂലിവേലക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറ്റപ്പെട്ടത്- പ്രായഭേദമോ ലിംഗപരിഗണനയോ കൂടാതെ തൊഴിലാളികളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അതില്‍ ഉള്‍പ്പെടുത്തി''. അധ്വാനിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ അവര്‍ക്കു നേരെയുള്ള ചുഷണത്തിനെതിരായി സംഘടിത ചെറുത്തു നില്‍പ് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുമായാണ് സോഷ്യലിസ്റ് വനിതാ പ്രവര്‍ത്തകര്‍ ഉറ്റബന്ധം പുലര്‍ത്തുന്നത്. സ്ത്രീത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്നതിന് മാര്‍ക്സിന്റെയും എംഗത്സിന്റെയും നേതൃത്വത്തില്‍ ഒന്നാം ഇന്റര്‍നാഷണല്‍ അതിന്റെ എല്ലാ ബ്രാഞ്ചുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. അതോടൊപ്പം, തൊഴിലാളികളുടെ ഡിമാന്റുകള്‍ക്ക് രൂപം നല്‍കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിശദമായ ഒരു ചോദ്യാവലിയും ഒന്നാം ഇന്റര്‍നാഷണല്‍ അതിന്റെ ബ്രാഞ്ചുകള്‍ക്ക് നല്‍കിയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അടിമസമാനമായ തൊഴില്‍ സാഹചര്യങ്ങള്‍ പരിഷ്ക്കരിക്കുന്നതിനായി എട്ടു മണിക്കൂര്‍ ജോലി എന്ന ആവശ്യവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കിഴക്കന്‍ ലണ്ടനിലെ ഫാക്ടറികളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ മാര്‍ക്സിന്റെ മകള്‍ എലിയനോര്‍ സജീവമായ പങ്ക് വഹിച്ചിരുന്നു. 1888ല്‍ ലണ്ടനിലെ തീപ്പെട്ടി കമ്പനികളില്‍ പണിയെടുത്തിരുന്ന കൌമാരപ്രായക്കാര്‍ മുതല്‍ മുതുമുത്തശ്ശിമാര്‍വരെയുള്ള സ്ത്രീത്തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ട്രേഡ് യൂണിയനുകള്‍ അവര്‍ക്ക് പിന്തുണ നല്‍കി. പ്രധാനപ്പെട്ട നിരവധി ആനുകൂല്യങ്ങള്‍ നേടി എടുത്തു. ഇത് സ്ത്രീത്തൊഴിലാളി സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വളരെ വലിയ ഉത്തേജനം നല്‍കി. ഇതേപോലെ തന്നെ അമേരിക്കയില്‍ വസ്ത്രനിര്‍മ്മാണ രംഗത്തെ തൊഴിലാളികള്‍ സോഷ്യലിസ്റ് വനിതകളുടെ പിന്തുണയോടെ സംഘടിക്കുകയും വിജയകരമായ നിരവധി സമരങ്ങള്‍ നടത്തുകയും ചെയ്തു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ സമരങ്ങള്‍ കുടുതല്‍ തീക്ഷ്ണമായി; ഇതാണ് മാര്‍ച്ച് 8 ദിനാചരണത്തിന്റെ പശ്ചാത്തലം പ്രദാനം ചെയ്തത്. മുതലാളിത്തത്തിനെതിരായ പോരാട്ടത്തെയും ആ പോരാട്ടത്തില്‍ അധ്വാനിക്കുന്ന സ്ത്രീകള്‍ക്കുള്ള നിര്‍ണായകമായ പങ്കിനെയും ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ദിനാചരണത്തിന്റെ കാതലായ വശം.

    സ്ത്രീകള്‍ക്കായി ഒരു പ്രത്യേകദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തങ്ങളുടെ പുരുഷ സഖാക്കളെ ബോധ്യപ്പെടുത്തുന്നതിന് അവര്‍ നടത്തിയ ഭഗീരഥ പ്രയത്നങ്ങളെക്കുറിച്ച് ആ കാലത്തെ സോഷ്യലിസ്റ് വനിതകളുടെ കൃതികളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേക ദിനാചരണം നടത്തുന്നത് തൊഴിലാളി വര്‍ഗത്തെ ഭിന്നിപ്പിക്കാനുള്ള ഒരു നീക്കമായിപ്പോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ആ പ്രയത്നത്തില്‍ അവര്‍ വിജയിച്ചു. തൊഴിലാളി വര്‍ഗത്തിനിടയിലെ സ്ത്രീകള്‍ എന്ന നിലയില്‍ സ്ത്രീകളെ സമീപിക്കേണ്ടതിന്റെ പ്രാധാന്യം അംഗീകരിക്കാത്ത സോഷ്യലിസ്റ് സംഘടനകളിലും ട്രേഡ് യൂണിയനുകളിലും പെട്ടവരെ, പിന്നീട് 1920 ല്‍ ക്ളാര സെറ്റ്കിനുമായുള്ള തന്റെ ഏറെ പ്രസിദ്ധമായ അഭിമുഖത്തില്‍ ലെനിന്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ആ പാഠങ്ങള്‍ ഇന്നും അതേപോലെ തന്നെ പ്രസക്തമാണ്.

    തുല്യ പ്രാധാന്യമുള്ള രണ്ടാമതൊരു സംഭവ വികാസവും ഉണ്ടായി. ലിബറല്‍ ബൂര്‍ഷ്വാ വനിതാ സംഘടനകളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ ബ്രിട്ടനിലും അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് രാഷ്ട്രീയ വോട്ട് അവകാശത്തിനു വേണ്ടിയുള്ള ഉശിരന്‍ വനിതാ പ്രസ്ഥാനം ആഞ്ഞടിക്കുകയുണ്ടായി. സ്വന്തം വോട്ടവകാശത്തിനായി വാദിക്കുന്ന വനിതകളുടെ പ്രസ്ഥാനം എന്നാണ് അത് അറിയപ്പെടുന്നത്. വോട്ടവകാശത്തിനു വേണ്ടി അഭിജാത വര്‍ഗങ്ങളില്‍ നിന്നുള്ള അഭ്യസ്ത വിദ്യരായ സ്ത്രീകള്‍ തെരുവിലിറങ്ങി ഉശിരന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. ഈ പ്രസ്ഥാനത്തോട് സോഷ്യലിസ്റ് വനിതകളുടെ സമീപനം എന്തായിരിക്കണം? 100 വര്‍ഷം പിന്നിട്ട ഇന്ന് ഉത്തരം വളരെ വ്യക്തമാണ്. എന്നാല്‍, ആ കാലത്ത് പുരുഷന്മാരെപ്പെലെ തന്നെ സ്ത്രീകള്‍ക്കും തുല്യവോട്ടവകാശം എന്ന സ്ത്രീകളുടെ ആവശ്യത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒരു പ്രമേയം അംഗീകരിക്കാന്‍ സോഷ്യലിസ്റുകാര്‍ക്കിടയില്‍ ക്ളാരാ സെട്കിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ് വനിതകള്‍ക്ക് ശക്തമായ പോരാട്ടം നടത്തേണ്ടതായി വന്നിരുന്നു. ആ കാലത്ത് രണ്ടാം ഇന്റര്‍ നാഷണലിനുള്ളില്‍, പള്ളിയില്‍ നിന്ന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പറഞ്ഞ് ഈ ആവശ്യത്തിനെതിരായി ശബ്ദമുയര്‍ന്നിരുന്നു; സ്ത്രീകളുടെ ആവശ്യത്തിന് പിന്തുണ നല്‍കുന്നത് സ്വത്തുടമ വര്‍ഗങ്ങള്‍ക്കു മാത്രം വോട്ടവകാശം ഉണ്ടായിരുന്ന ഭൂരിപക്ഷം രാജ്യങ്ങളിലും തൊഴിലാളി പ്രസ്ഥാനത്തിന് അനാവശ്യമായ വിഘ്നമുണ്ടാക്കും എന്നും വാദിക്കപ്പെട്ടു. മറ്റു ചിലരാകട്ടെ ഈ ആവശ്യം ഉന്നയിക്കുന്നത് അനവസരത്തിലാണെന്ന വാദമുയര്‍ത്തി. കാരണം, ഈ ആവശ്യത്തിന്റ ന്യായയുക്തത തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ അതിനു മുന്‍പ് അതിന് പിന്തുണ നല്‍കുന്നത് തൊഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുമത്രെ. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് വഴിതിരിച്ചു വിടാനുള്ള നീക്കമായാണ് മറ്റു ചിലര്‍ ഇതിനെ കണ്ടത്; ഇതുമൂലം വര്‍ഗസമരത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ ആഗ്രഹിക്കുന്ന ഭരണ വര്‍ഗങ്ങളുടെ കെണിയില്‍ അകപ്പെടുകയായിരിക്കുമത്രെ!

    മാര്‍ച്ച് 8 ആചരിക്കാനുള്ള പ്രമേയം അംഗീകരിച്ച 1910ലെ കോപ്പന്‍ ഹേഗന്‍ യോഗത്തിന് മുന്‍പ്, 1907ല്‍ സ്റുട്ഗര്‍ട്ടില്‍ നടന്ന സോഷ്യലിസ്റ് വനിതകളുടെ ഒന്നാമത്തെ യോഗത്തിന്റെ ഘട്ടത്തില്‍ ഈ ഭിന്നാഭിപ്രായങ്ങളെല്ലാം ഉയര്‍ന്നു വന്നിരുന്നു. 1907ലെ സ്റുട്ഗര്‍ട്ട് യോഗത്തില്‍ 58 സ്ത്രീകള്‍ പങ്കെടുത്തിരുന്നു. അവര്‍ അവരടെ ഒരു പ്രമേയം അംഗീകരിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. വര്‍ഗ സമരവും വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ ആ സമരത്തിന്റെ മുന്നോട്ട് കൊണ്ടു പോക്കും ജനാധിപത്യ പ്രക്രിയയില്‍ പ്രത്യക്ഷത്തില്‍ തന്നെ വിപുലമായ തോതിലുള്ള സ്ത്രീ പങ്കാളിത്തവും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് വ്യക്തമായി ബോധ്യമുള്ള ക്ളാര സെട്കിനെപ്പോലെയുള്ള വനിതാ നേതാക്കളുടെ ഇടപെടല്‍ ഈ ഘട്ടത്തിലാണുണ്ടായത്. വരേണ്യ വര്‍ഗങ്ങളില്‍പെട്ട സ്ത്രീകള്‍ ഒരു ആവശ്യം ഉന്നയിക്കുന്നു എന്ന കാരണത്താല്‍ മാത്രം തൊഴിലാളി വര്‍ഗത്തെ സംബന്ധിച്ചിടത്തോളം ആ ആവശ്യത്തിന് യാതൊരു പ്രസക്തിയും ഇല്ല എന്ന് അര്‍ത്ഥമാകുന്നില്ല; നേരെമറിച്ച്, സോഷ്യലിസ്റ് ബോധമുള്ള സ്ത്രീകള്‍ ആ സമരത്തില്‍ ഇടപെടുകയും വോട്ട് ചെയ്യാനുള്ള ജനാധിപത്യാവകാശത്തെ ഭരണവര്‍ഗങ്ങള്‍ക്കെതിരായി തിരിക്കാനുള്ള ഉപകരണമാക്കി മാറ്റുകയും വേണം. ഈ വാദഗതിക്ക് അന്ന് മേല്‍ക്കൈ ലഭിച്ചു; യാതൊരു വേര്‍തിരിവും കൂടാതെ സാര്‍വത്രികമായ വോട്ടവകാശം എന്ന ആവശ്യത്തിന് സോഷ്യലിസ്റുകാര്‍ പിന്തുണ നല്‍കണമെന്ന് പ്രമേയം പതിനൊന്നിനെതിരെ 47 വോട്ടുകളോടെ യോഗം അംഗീകരിക്കുകയും ചെയ്തു. പ്രധാന സമ്മേളനവും ഈ പ്രമേയം അംഗീകരിച്ചു. അതിന്റെ ഫലമായി, വോട്ടവകാശത്തിനുവേണ്ടിയുള്ള സ്ത്രീകളുടെ സമരത്തിന് പിന്തുണ നല്‍കാന്‍ എല്ലാ സോഷ്യലിസ്റുകാരും ബാധ്യസ്ഥരായി. ഈ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 8 ആചരിക്കാനുള്ള 1910ലെ ഐതിഹാസികമായ പ്രമേയം അംഗീകരിച്ച ഘട്ടത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്- "സ്ത്രീകള്‍ക്കുള്ള വോട്ടവകാശം സോഷ്യലിസത്തിനായുള്ള സമരത്തില്‍ നമ്മുടെ ശക്തി വര്‍ദ്ധിപ്പിക്കും''. കഷ്ടിച്ച് പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍, സാര്‍ഭരണത്തെ അട്ടിമറിച്ചതിനെ തുടര്‍ന്ന് അധികാരം ഏറ്റെടുത്ത കോണ്‍സ്റിറ്റ്യുവന്റ് അസംബ്ളി കൈക്കൊണ്ട ആദ്യ നടപടികളില്‍ ഒന്ന് റഷ്യയിലെ സ്ത്രീകള്‍ക്ക് നിരുപാധികമായി വോട്ടവകാശം അനുവദിച്ചതായിരുന്നു. അങ്ങനെ സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച ആദ്യ രാജ്യം റഷ്യയായി.

    മാര്‍ച്ച് 8 ആചരണത്തിന്റെ ഈ രണ്ട് വശങ്ങള്‍- അതായത് സാമ്പത്തികവും രാഷ്ട്രീയവുമായ വശങ്ങള്‍- ദൃഢമായ ഒരു പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കത്തക്കവിധം പരസ്പരം ബന്ധപ്പെട്ടതാണ്. അത് ആ ആഹ്വാനം പുറപ്പെടുവിച്ച കാലഘട്ടത്തിനും ഉപരിയായി സ്ത്രീകളുടെ വിപുലമായ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി. 100 വര്‍ഷം പിന്നിടുമ്പോള്‍പോലും ഒരു സാര്‍വദേശീയ വനിതാ ദിനാചരണത്തിനായുള്ള തങ്ങളുടെ ആഹ്വാനം ലോകമാകെ മാറ്റൊലി ക്കൊള്ളുമെന്ന് കോപ്പന്‍ഹേഗനില്‍ ഒത്തുകൂടിയ 100 സ്ത്രീകള്‍ സങ്കല്‍പിച്ചിട്ടുപോലും ഉണ്ടാവില്ല.

    സമകാലിക പ്രസക്തി

    മുതലാളിത്തത്തിനെതിരായ പോരാട്ടം, പ്രത്യേകിച്ച് ഇപ്പോഴത്തെ നവലിബറല്‍ ചട്ടക്കൂടില്‍ കൊള്ളലാഭത്തിനായുള്ള അനിയന്ത്രിതമായ നീക്കത്തിന്റെ ഘട്ടത്തില്‍ എന്നത്തെയുംകാള്‍ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നു. സൈനികവല്‍ക്കരണത്തിനുവേണ്ടിയുള്ള നീക്കവും സാമ്രാജ്യത്വ ശക്തികളുടെ കടന്നാക്രമണങ്ങളും യുദ്ധോത്സുകതയുമെല്ലാം ഒന്നാം ലോക യുദ്ധത്തിനെതിരായി ദേശാതിര്‍ത്തികള്‍ക്കപ്പുറം നടന്ന ധീരോദാത്തമായ സ്ത്രീ മുന്നേറ്റങ്ങളുടേതുപോലുള്ള അണിചേരലുകളുടെ ആവശ്യകതയെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൌര്‍ഭാഗ്യവശാല്‍, ഏറെ ഖേദകരമെന്നു പറയട്ടെ, പല രാജ്യങ്ങളിലെയും ഫെമിനിസ്റ് ഗ്രൂപ്പുകള്‍ നയിക്കുന്ന സമകാലീന വനിതാ പ്രസ്ഥാനങ്ങളുടെ അപ പ്രത്യയ ശാസ്ത്രവല്‍ക്കരണം സംഘടിത ചെറുത്തു നില്‍പിനെ അപഹസിക്കുകയും സ്ത്രീകളുടെ കൂട്ടായ പ്രക്ഷോഭങ്ങള്‍ കാലഹരണപ്പെട്ടതും അനാവശ്യവുമാണെന്ന് കരുതുകയും ചെയ്യുന്ന മുതലാളിത്ത സംസ്ക്കാരത്തിന്റെ കൈയില്‍ കളിക്കുകയാണ്. സാമ്രാജ്യത്വത്തിനെതിരായും ആഗോളവല്‍ക്കരണം സ്ത്രീകളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെയും കേന്ദ്രീകരിച്ചും വേള്‍ഡ് മാര്‍ച്ച് ഓഫ് വിമന്‍ എന്ന പേരില്‍ ഒരു വേദി സംഘടിപ്പിച്ച ചില കനേഡിയന്‍ വനിതാ ഗ്രൂപ്പുകള്‍ മുന്‍പ് നടത്തിയ ചില നീക്കങ്ങള്‍ സ്ത്രീലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക്, പ്രത്യേകിച്ച് സ്വവര്‍ഗഭോഗികളുടെയും സ്വവര്‍ഗാനുരാഗികളുടെയും (ലെസ്ബിയന്‍) അവകാശങ്ങളില്‍, ശ്രദ്ധകേന്ദ്രീകരിച്ചതോടെ ദുര്‍ബലമായി. സ്വന്തം ശരീരത്തിനുമേല്‍ സ്ത്രീക്കുള്ള അവകാശവും മുഖ്യവിഷയങ്ങളായി മാറി. ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള ഗണ്യമായ ഒരു വിഭാഗം വനിതാ പ്രവര്‍ത്തകര്‍ വളരെ സങ്കുചിതമായ വിധത്തില്‍ ഈ വിഷയത്തെ വ്യാഖ്യാനിച്ചു. വിശാലമായ സാമൂഹ്യപ്രശ്നത്തിന്റെ ഭാഗമായി ഈ വിഷയങ്ങളെ അവര്‍ കാണുന്നില്ല. നേരെമറിച്ച്, സ്ത്രീയുടെ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അനുബന്ധം എന്ന നിലയിലാണ് എല്ലാ പ്രശ്നങ്ങളെയും അവര്‍ അവതരിപ്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ലൈംഗികതയുടേതാണ് മുഖ്യ സാമൂഹിക വൈരുദ്ധ്യം; അതാണ് മറ്റെല്ലാത്തിനെയും ബാധിക്കുന്നത്. സ്ത്രീകളെ പുതിയ മാര്‍ഗങ്ങളില്‍ കീഴ്പ്പെടുത്തുന്ന വര്‍ഗശക്തികളെക്കാണാന്‍ അവര്‍ വിസമ്മതിക്കുന്നു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം സ്ത്രീകളെ കീഴ്പ്പെടുത്തുന്നതിന്റെയും ലൈംഗിക അടിച്ചമര്‍ത്തലിന്റെയും. ചൂഷണത്തിന്റെയും പുതിയ രൂപങ്ങള്‍ നാം കാണുകയാണ്. നിയമവിരുദ്ധമായ മനുഷ്യ കടത്തല്‍, ലൈംഗികാവശ്യത്തിനായി കുട്ടികളെ വില്‍ക്കല്‍, യുദ്ധം, നാടും വീടും നഷ്ടപ്പെടല്‍, ദാരിദ്യ്രം എന്നിവ കാരണം വേശ്യാവൃത്തിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കല്‍ എന്നിവയെല്ലാം കുത്തനെ കൂടുകയാണ്. കടന്നാക്രമണങ്ങള്‍ക്കെതിരായും രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ശക്തരായ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്കെതിരെയും മാഫിയകള്‍ക്കെതിരെയും ബോധപൂര്‍വവും യോജിച്ചതുമായ പ്രസ്ഥാനം കെട്ടിപ്പടുക്കേണ്ടത് ആവശ്യമായിരിക്കുന്നു.

    ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയ്ക്കുള്ളില്‍ ദുരഭിമാനഹത്യ പോലെയുള്ള മധ്യകാലരീതികള്‍ ഇപ്പോഴും തഴച്ച് വളരുകയാണ്. നിശ്ചയമായും ഇന്ത്യന്‍ വനിതാ പ്രസ്ഥാനത്തിന് വനിതാ വിമോചനത്തിനായുള്ള ഏത് തന്ത്രമനുസരിച്ചും ഈ ജാതി വ്യവസ്ഥയുമായി ഏറ്റുമുട്ടേണ്ടതുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, വ്യക്തി ബന്ധങ്ങളുടെ പ്രശ്നത്തില്‍ ജാതിയുടെ അതിര്‍വരമ്പുകളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന സ്ത്രീകള്‍ക്കെതിരെ (പുരുഷന്മാര്‍ക്കും) ജാതി പഞ്ചായത്തുകളുടെ അറുപിന്തിരിപ്പന്‍ ഫത്വകളില്‍ വ്യക്തമാക്കപ്പെടുന്നതു പോലെയുള്ള, സ്ത്രീശരീരത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അതിനിഷ്ഠുരവും കിരാതവുമായ രൂപങ്ങള്‍ക്കെതിരായി പൊരുതണമെന്നുണ്ടെങ്കില്‍ ജാതി വ്യവസ്ഥയെപ്പോലുള്ള സാമൂഹിക- സാമ്പത്തിക സ്ഥിതിഗതികളെ നാം കണക്കിലെടുക്കേണ്ടതുണ്ട്. ദൌര്‍ഭാഗ്യവശാല്‍ സ്ത്രീയുടെ സ്വയാധികാരത്തിന്റെ വക്താക്കളായി സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക് ഈ നിര്‍ണായകമായ കണ്ണികളെ കാണാന്‍ കഴിയുന്നില്ല. സംഘടിത ഇടതുപക്ഷ വനിതാ മുന്നേറ്റങ്ങളോട് ശത്രുത പുലര്‍ത്തുന്ന അവര്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ വശത്താണ് തങ്ങളെന്ന് സ്വയം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

    ഉപസംഹാരം

    മുതലാളിത്തത്തിന്റെ നുകത്തില്‍ നിന്നും അത് ശക്തിപ്പെടുത്തുന്ന പുരുഷമേധാവിത്വ സംസ്ക്കാരത്തില്‍ നിന്നും സ്ത്രീകള്‍ക്ക് മോചനം നേടുന്നതിനുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് അന്താരാഷ്ട്ര വനിതാ ദിനം. ഇന്ത്യയില്‍ ജനാധിപത്യപരമായ ഡിമാന്റുകളുടെയും സമരങ്ങളുടെയും രംഗത്ത് വിപുലമായ വിഭാഗം സ്ത്രീകളെ തുല്യതയ്ക്കായുള്ള ഒരു വേദിയില്‍ നാം അണിനിരത്തേണ്ടതാണെന്ന് നമുക്ക് അറിയാം. അതേസമയം തന്നെ, അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ തൊഴിലെടുക്കുന്ന സ്ത്രീകള്‍, ദളിതര്‍, ഗിരിവര്‍ഗക്കാര്‍, ഇന്ത്യന്‍ സ്ത്രീകളില്‍ മഹാഭൂരിപക്ഷം വരുന്നവരും അസമത്വത്തിന്റേതായ ഇന്നത്തെ വ്യവസ്ഥിതിയെ മാറ്റുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ പറ്റുന്നവരുമായ നഗരങ്ങളിലെയും നാട്ടില്‍പുറങ്ങളിലെയും അസംഘടിത മേഖലയിലെ കോടിക്കണക്കായ സ്ത്രീകള്‍ എന്നീ വിഭാഗങ്ങളുടെ ആവശ്യങ്ങളും ശബ്ദവും ആ സമരവേദികളുടെ അന്തഃസത്തയായി മാറിയാല്‍ മാത്രമേ അത്തരം അണിചേരലുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും വിജയിക്കാന്‍ കഴിയൂ എന്നും നമുക്ക് അറിയാം. ഈ മാര്‍ച്ച് 8ന്, അത് ആചരിക്കാന്‍ തുടങ്ങിയതിന്റെ 100 വര്‍ഷം തികയുന്ന ഈ വേളയില്‍, നാം പ്രതിജ്ഞ എടുക്കേണ്ടത് ആ പോരാട്ടവുമായി നാം മുന്നേറുമെന്നാണ്.

 

ചിന്ത വാരികയിൽ വന്നത്

Image : Sushil Kumar Verma/ The Hindu