22 March 2019, Friday

29.12.2014 ന്‌ ചേര്‍ന്ന എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയങ്ങള്‍29.12.2014 ന്‌ ചേര്‍ന്ന എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയങ്ങള്‍

എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി 29.12.2014-ന്‌ വി.എസ്‌ അച്ചുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന്‌ താഴെപറയുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു.

1. നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമങ്ങള്‍ക്കെതിരെ അണിനിരക്കുക

എല്ലാപൗരന്മാര്‍ക്കും മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഇത്തരം നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി രാജ്യത്ത്‌ ആകമാനം വര്‍ഗീയത സൃഷ്‌ടിക്കുന്നതിന്‌ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി സംഘപരിവാര്‍ ശക്തികള്‍ മുന്നോട്ട്‌ പോവുകയാണ്‌. ഇത്‌ രാജ്യത്ത്‌ നിലനില്‍ക്കുന്ന എല്ലാവിധ ജനാധിപത്യപരമായ മുന്‍തൂക്കങ്ങളേയും ഇല്ലാതാക്കുന്ന വിധത്തിലുള്ളതാണ്‌. ഇത്‌ പ്രതിരോധിക്കേണ്ടതുണ്ട്‌. ആര്‍.എസ്‌.എസ്‌ സ്‌പോണ്‍സറിംഗില്‍ ഇപ്പോള്‍ നടക്കുന്ന പുനര്‍ മതപരിവര്‍ത്തനം തെറ്റായ വാഗ്‌ദാനങ്ങളും പ്രലോഭനങ്ങളും നല്‍കിക്കൊണ്ട്‌ സംഘപരിവാര്‍ സംഘടിപ്പിക്കുകയാണ്‌. മതപരിവര്‍ത്തന പ്രശ്‌നത്തില്‍ ബി.ജെ.പിയും ആര്‍.എസ്‌.എസും ഇരട്ടത്താപ്പ്‌ നയമാണ്‌ സ്വീകരിക്കുന്നത്‌. ഒരു വശത്ത്‌ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട്‌ ആര്‍.എസ്‌.എസ്‌ സംഘടനകള്‍ മതപരിവര്‍ത്തന പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയാണ്‌. മറുവശത്താകട്ടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ച്‌ നിയമം കൊണ്ടുവരണമെന്ന ആവശ്യം സംഘപരിവാര്‍ നേതാക്കള്‍ ഉയര്‍ത്തുന്നു. ഈ ഇരട്ടത്താപ്പ്‌ നയം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക്‌ വിരുദ്ധമാണ്‌.

ഭരണഘടനയുടെ 25-ാം അനുച്ഛേദം വിശ്വാസ സ്വാതന്ത്ര്യവും ഇഷ്‌ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും പിന്തുടരുന്നതിനുമുള്ള സ്വാതന്ത്ര്യം ഉറപ്പ്‌ വരുത്തുന്നതാണ്‌. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 153 (എ) വകുപ്പ്‌ പ്രകാരം നിലവില്‍ തന്നെ കേസെടുക്കാവുന്നതാണ്‌. മതത്തിന്റെ പേരിലുള്ള ഏത്‌ ബല പ്രയോഗവും ക്രിമിനല്‍ കുറ്റമായി കാണുന്ന നിയമമാണ്‌ ഇത്‌. ആര്‍.എസ്‌.എസ്‌ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന പരിശ്രമങ്ങള്‍ ഈ വകുപ്പ്‌ പ്രകാരം കുറ്റങ്ങളുടെ നിരയില്‍ പെടുന്നതുമാണ്‌. ഈ നിയമം ഉപയോഗിച്ച്‌ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുകയാണ്‌ വേണ്ടത്‌.

മതസൗഹാര്‍ദ്ദത്തിന്‌ പേരുകേട്ട കേരളത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്ന്‌ വന്നിട്ടുണ്ട്‌. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രശ്‌നം പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന്‌ വന്നപ്പോള്‍ അതാത്‌ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്‌. യു.പി, ബീഹാര്‍ എന്നിവിടങ്ങളില്‍ ഇത്‌ കാണാവുന്നതാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ല. മാത്രമല്ല സംഘപരിവാറിനെ വെള്ളപൂശുന്ന തരത്തിലുള്ള പ്രസ്‌താവനകളാണ്‌ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ നിര്‍ബന്ധിതമായ മതപരിവര്‍ത്തനം നടക്കുന്നുണ്ട്‌ എന്ന കാര്യം കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഉള്‍പ്പെടെ ഈ പ്രശ്‌നം സജീവമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ അത്തരത്തിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടന്നില്ലെന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചത്‌.

സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതിന്‌ മുഖ്യമന്ത്രി സ്വീകരിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണ്‌ ഇതിലും കാണുന്നത്‌. എം.ജി കോളേജിലെ അധ്യാപകരെ ആക്രമിച്ച എ.ബി.വി.പി കാര്‍ക്കെതിരായി ചാര്‍ജ്ജ്‌ ചെയ്‌ത കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറായി. തൊഗാഡിയയുടെ വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസംഗങ്ങളുടെ പേരിലുള്ള കേസുകളും പിന്‍വലിക്കുന്ന സമീപനമാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌.
പ്രലോഭനങ്ങള്‍ കൊണ്ടും ഭീഷണികൊണ്ടും പണത്തിന്റെ സ്വാധീനം കൊണ്ടും മതം മാറ്റുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ ഭരണഘടന പ്രകാരം കുറ്റകരമായ കാര്യമാണ്‌. ഈ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ മതപരിവര്‍ത്തന പരിശ്രമങ്ങളെ കാണാനും അവ തടയുന്നതിനും കഴിയേണ്ടതുണ്ട്‌. ഇത്തരം മുദ്രാവാക്യങ്ങളിലൂടെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന്‌ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്‌. സംഘപരിവാര്‍ മുന്നോട്ട്‌ വെക്കുന്ന മതപരിവര്‍ത്തന പദ്ധതികള്‍ക്കെതിരെ ജനാധിപത്യവാദികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന്‌ വരേണ്ടതുണ്ട്‌. ഈ പ്രശ്‌നം ഉന്നയിച്ചുകൊണ്ട്‌ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ്‌ തീരുമാനിച്ചു. ഈ പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയും സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.

2. നെല്‍കൃഷിക്കാര്‍ക്ക്‌ നല്‍കാനുള്ള പണം ഉടന്‍ നല്‍കുക

നെല്‍കൃഷിക്കാരില്‍ നിന്ന്‌ കഴിഞ്ഞ വര്‍ഷം സംഭരിച്ച നെല്ലിന്റെ തുക അടിയന്തരമമായി വിതരണം ചെയ്യുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
കഴിഞ്ഞ വര്‍ഷം ഏറെ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ നെല്ല്‌ സംഭരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌. സംഭരണം നടത്തുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ നെല്ല്‌ നല്‍കുകയും ചെയ്‌തു. എന്നാല്‍ പുതിയ സീസണായിട്ടും കഴിഞ്ഞ വര്‍ഷം സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതിന്‌ ഇതുവരേയും തയ്യാറായിട്ടില്ല. മുന്നൂറോളം കോടി രൂപ ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക്‌ ലഭിക്കാനുണ്ട്‌. ജീവിത പ്രയാസങ്ങളില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക്‌ ഈ തുക നല്‍കാതിരിക്കുന്ന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക്‌ നല്‍കുന്നതിന്‌ അടിയന്തിരമായി സര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ എല്‍.ഡി.എഫ്‌ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെടുന്നു.