20 March 2019, Wednesday

#JusticeForJisha: ജസ്റ്റിസ് വർമ്മ കമ്മിറ്റി ശിപാർശകൾ നടപ്പാക്കുക - എസ്.എഫ്.ഐ.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടന്ന രണ്ടു ബലാൽസംഗങ്ങളും കൊലപാതകവും നടുക്കമുളവാക്കുന്നവയാണ്. ദളിത് വിഭാഗത്തിൽപ്പെട്ട ജിഷ എന്ന 29-കാരിയായ നിയമ വിദ്യാർത്ഥിനി പെരുമ്പാവൂരിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ 19-കാരിയായ ദളിത് നഴ്സിംഗ് വിദ്യാർത്ഥിനി വർക്കലയിൽ കൂട്ടബലാൽസംഗത്തിന് ഇരയായി. അതിക്രൂരമായ ശാരീരികപീഡനത്തിനാണ് ജിഷ ഇരയാക്കപ്പെട്ടത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഈ കേസ് കൈകാര്യം ചെയ്ത വിധം, സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പൊലീസിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് വെളിവാക്കുന്നത്. സംഭവം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും കേസിൽ കാര്യമായ യാതൊരു പുരോഗതിയുമുണ്ടാക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. സംഭവത്തിന് അഞ്ചുദിവസം മുമ്പ് തങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ട് എന്ന പരാതിയുമായി ജിഷയുടെ അമ്മ പൊലീസിനെ സമീപിച്ചിരുന്നു എന്നും യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.

ജിഷയുടെ ബലാൽസംഗവും കൊലയും കേരളമൊട്ടാകെ വ്യാപകമായ പ്രതിഷേധവും വിവിധങ്ങളായ പ്രതികരണങ്ങളും ഉയർത്തിവിട്ടിട്ടുണ്ട്. കേരളത്തിൽ തൊഴിൽതേടിയെത്തിയ മറുനാട്ടുകാരായ തൊഴിലാളികളാണ് ഈ ക്രൂരകൃത്യത്തിനു പിന്നിലെന്ന അടിസ്ഥാനരഹിതമായ കിംവദന്തി പ്രചരിപ്പിക്കുവാനാണ് ഒരു വിഭാഗം ശ്രമിച്ചത്. ഇത്തരം പ്രചാരണങ്ങൾ, വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ അവിശ്വാസം ജനിപ്പിക്കുന്നതിലേയ്‌ക്കും നിരപരാധികളെ വേട്ടയാടുന്നതിലേയ്‌ക്കുമാവും നയിക്കുക.

സ്ത്രീശരീരത്തിനു മേലെ അധികാരമുറപ്പിക്കാനുള്ള നഗ്നമായ പുരുഷാധികാര പ്രയോഗമാണ് ബലാൽസംഗം എന്ന വസ്‌തുതയ്‌ക്ക് അടിവരയിടുന്നതാണ് സമീപകാല സംഭവങ്ങൾ. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ലഭ്യമല്ലാത്ത സാഹചര്യം ഇന്നും നിലനിൽക്കുന്നു എന്ന ഗുരുതരമായ വിഷയത്തെക്കൂടി സമൂഹശ്രദ്ധയിലേക്കു കൊണ്ടുവരാൻ ജിഷയ്‌ക്കു നേരെ നടന്ന അതിക്രമം ഇടയാക്കിയിരിക്കുന്നു.  

ഇരുസംഭവങ്ങളിലെയും കുറ്റവാളികൾക്കെതിരെ താമസംവിനാ നിയമനടപടികൾ സ്വീകരിക്കണം എന്ന് എസ്.എഫ്.ഐ. ആവശ്യപ്പെടുന്നു. അതോടൊപ്പം, സ്ത്രീകൾക്ക് ഭയംകൂടാതെയും സ്വതന്ത്രരായും ജീവിക്കുവാനുതകുന്ന ഒരു നീതിയുക്ത സമൂഹത്തിനായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോവുകയും വേണം.

2012 ഡിസംബർ 16-ന് ഡൽഹിയിൽ നടന്ന കൂട്ടബലാൽസംഗം ഉയർത്തിയ വമ്പിച്ച പ്രതിഷേധങ്ങളെത്തുടർന്ന് രൂപീകരിക്കപ്പെട്ട ജസ്റ്റിസ് വർമ്മ കമ്മിറ്റി, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ നേരിടുന്നതിനായി നിയമങ്ങളിൽ ഗൗരവതരമായ മാറ്റങ്ങളും സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിൽ ആഴത്തിലുള്ള പരിഷ്‌കാരങ്ങളും വിഭാവനം ചെയ്‌തു. ചരിത്രപ്രധാനമാർജ്ജിച്ച ഈ കമ്മിറ്റിയുടെ റിപ്പോർട്ട്, സ്‌ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുവേണ്ടി മുമ്പുണ്ടായിട്ടുള്ള ശിപാർശകൾ നടപ്പാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാട്ടിയിട്ടുള്ള കുറ്റകരമായ അനാസ്ഥയെ നിശിതമായി വിമർശിക്കുകയുണ്ടായി. വർമ്മ കമ്മിറ്റിയുടെ ചില ശുപാർശകൾ ക്രിമിനൽ നിയമത്തിൽ ഭേദഗതികളായി ഉൾച്ചേർക്കപ്പെട്ടു എങ്കിലും സുപ്രധാനമായ പല ശുപാർശകളും അവഗണിക്കപ്പെടുകയാണുണ്ടായത്.

ജസ്റ്റിസ് വർമ്മ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കാൻ വേണ്ട നടപടികൾ കേന്ദ്രസർക്കാരും കേരളസർക്കാർ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളും അടിയന്തരമായി സ്വീകരിക്കണം എന്ന് എസ്.എഫ്.ഐ. ആവശ്യപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട ചില നടപടികൾ താഴെപ്പറയുന്നവയാണ്:

(1) ലൈംഗിക അതിക്രമങ്ങൾ ഉണ്ടായാൽ നിയമ സഹായം ഉൾപ്പെടെയുള്ള സഹായം നൽകുന്നതിനായി റേപ്പ് ക്രൈസിസ് സെൽ രൂപീകരിക്കുക. ലൈംഗികാതിക്രമ പരാതികൾ  ഉണ്ടാകുമ്പോൾ തന്നെ പൊലീസ് റേപ്പ് ക്രൈസിസ് സെല്ലിനെ വിവരം അറിയിക്കേണ്ടതാണ്.

(2) ലൈംഗികാതിക്രമ കേസുകളിൽ പൊലീസ് കുറ്റാന്വേഷണം നടത്തുന്നതിനെ സംബന്ധിച്ച് കമ്മിറ്റി നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുക.

(3) കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉടനടി നിയമിക്കുക.

(4) ലിംഗനീതി ബോധവൽക്കരണവും ലൈംഗികവിദ്യാഭ്യാസവും സ്‌കൂൾ, കോളേജ് പാഠ്യപദ്ധതികളുടെ ഭാഗമാക്കുക.

(5) എല്ലാ തൊഴിലിടങ്ങളിലും ലൈംഗികപീഡനവിരുദ്ധ സമിതികൾ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടുന്ന ലൈംഗികപീഡനവിരുദ്ധ, ലിംഗനീതി ബോധവൽക്കരണ സമിതികൾ (Gender Sensitisation Committee Against Sexual Harassment - GSCASH) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുക.

(6) പൊതുസ്ഥലങ്ങളും  പൊതുഗതാഗതസംവിധാനവും സ്‌ത്രീകൾക്ക് സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക.

(7) സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കമ്മിറ്റി മുന്നോട്ടു വച്ച അവകാശ പത്രിക സർക്കാരുകൾ അംഗീകരിക്കുക.

ജനാധിപത്യ പ്രസ്ഥാനത്തിന്റെ മറ്റു വിഭാഗങ്ങളോടൊപ്പം ചേർന്ന് എസ്.എഫ്.ഐ. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. ജിഷയുടെ കുടുംബത്തോടും രണ്ടു കേസുകളിലും നീതി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളോടും എസ്.എഫ്.ഐ. ഐക്യദാർഢ്യപ്പെടുന്നു.

വി.പി. സാനു, പ്രസിഡന്റ്

വിക്രം സിംഗ്, ജനറൽ സെക്രട്ടറി