28 June 2017, Wednesday

Pinarayi Vijayan's blog

യു.ഡി.എഫ് മറുപടി പറയേണ്ടത്

കേരള വികസനത്തിന് അതുല്യമായ സംഭാവന നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കള്ളപ്രചാരവേല നടത്തുന്നവര്‍ ചില കാര്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്. യു.ഡി.എഫിന്റെ കാലത്തുണ്ടായ കര്‍ഷക ആത്മഹത്യകള്‍ ഇന്ന് കേരളത്തില്‍ കാണാതിരിക്കുന്നതെന്തുകൊണ്ടാണ്? യു.ഡി.എഫിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് ലാഭത്തിലെത്തിയത് എങ്ങനെയാണ്? യു.ഡി.എഫിന്റെ ഭരണകാലത്ത് അട്ടിമറിക്കപ്പെട്ട സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഇന്ന് കാര്യക്ഷമമായി മാറിയതെന്തുകൊണ്ട്? ഈ കുടിശ്ശിക നല്‍കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചതിനു പിന്നിലുള്ള കാരണമെന്ത്? ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചത് എന്തുകൊണ്ടാണ്? പുതിയ വിഭാഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനും അതിന്റെ ഭാഗമായുള്ള പെന്‍ഷനുകള്‍ ഇരട്ടിയിലേറെ വര്‍ദ്ധിപ്പിക്കുന്നതിനും സാധിച്ചത് എന്തുകൊണ്ടാണ്? വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ കേരളം മുന്നാട്ടുപോയത് എന്തുകൊണ്ടാണ്? യു.ഡി.എഫ് വെട്ടിച്ചുരുക്കിയ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കാനും വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞത് എന്തുകൊണ്ടാണ്? യു.ഡി.എഫിന്റെ കാലത്ത് സാമ്പത്തിക തകര്‍ച്ചയിലായിരുന്ന കേരളം ഇന്ന് സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ ഇടയായ സാഹചര്യം എന്താണ്? കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് അവാര്‍ഡുകള്‍ ലഭിക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണ്? യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ സംഘര്‍ഷത്തില്‍ 18 പേര്‍ കൊല്ലപ്പെട്ട സംസ്ഥാനത്ത് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ അത്തരം ഒരു സംഭവം ഇല്ലാതായത് എന്തുകൊണ്ടാണ്?

യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തെയും താരതമ്യം ചെയ്യുന്ന ഏതൊരാളുടെയും മനസ്സില്‍ തോന്നുന്ന ചോദ്യങ്ങളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇവയ്ക്ക് മറുപടി പറയാനുള്ള ബാധ്യത യു.ഡി.എഫിനുണ്ട്. തങ്ങള്‍ ഭരിച്ചിരുന്ന കാലവും എല്‍.ഡി.എഫിന്റെ ഈ കാലവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ജനങ്ങളോട് സംസാരിക്കേണ്ടത്. അല്ലാതെ കപട വാഗ്ദാനങ്ങളും അപവാദപ്രചരണങ്ങളും നടത്തുകയല്ല വേണ്ടത്.

Pages

Subscribe to RSS - Pinarayi Vijayan's blog