13 February 2019, Wednesday

കേരളത്തെ പിന്നോട്ട്‌ നയിച്ച അഞ്ചു വർഷങ്ങൾ

കേരളം ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയാണ്‌. ഇടതുപക്ഷം കെട്ടിപ്പടുത്ത ജനപക്ഷ വികസനത്തിന്റെ നേട്ടങ്ങളെല്ലാം ഇന്ന്‌ കുഴിച്ചുമൂടപ്പെട്ടു കഴിഞ്ഞു. 2011 മുതൽ ബജറ്റ്‌ പ്രഖ്യാപനങ്ങളെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പദ്ധതികളുടെ ആവർത്തനമാണ്‌. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴയാണ്‌ കഴിഞ്ഞ അഞ്ചു വർഷക്കാലം ഉണ്ടായത്‌.

2011 മെയ്‌ 12 ന്‌ എൽഡിഎഫ്‌ സർക്കാർ സ്ഥാനമൊഴിയുമ്പോൾ സംസ്ഥാന ഖജനാവിൽ എല്ലാ കുടിശികകളും കൊടുത്തുതീർത്ത്‌ 1473 കോടി രൂപ നീക്കിയിരുപ്പുണ്ടായിരുന്നു. പിന്നീട്‌ യുഡിഎഫ്‌ സർക്കാർ അധികാരമേറ്റെടുക്കുന്നതിനു മുമ്പ്‌ മെയ്‌ പതിനഞ്ചാം തീയതിയിൽ വ്യാപാരികൾ ഒടുക്കിയ നികുതിയടക്കം ഏതാണ്ട്‌ മൂവായിരം കോടിയിലധികം രൂപ ഖജനാവിൽ ഉണ്ടായിരുന്നു. ക്ഷേമ പെൻഷൻ, ജീവനക്കാരുടെ ക്ഷാമബത്ത, കരാറുകാരുടെ ബില്ലുകൾ, മുൻ യുഡിഎഫ്‌ സർക്കാർ ബാക്കിവെച്ചുപോയ കർഷകരുടെ പലിശയിളവിനത്തിലെ 150 കോടി, മൂന്നു രൂപയ്ക്ക്‌ അരി പദ്ധതിയുടെ 150 കോടി, കരാറുകാരുടെ കുടിശിക 1200 കോടി ഇവയെല്ലാംതന്നെ കൊടുത്തു തീർത്തശേഷമാണ്‌ മേൽപ്പറഞ്ഞ മൂവായിരത്തിലധികം കോടി രൂപ ഖജനാവിൽ മിച്ചം വെച്ചുകൊണ്ട്‌ 2011 മെയ്‌ മാസത്തിൽ എൽഡിഎഫ്‌ സർക്കാർ അധികാരം ഒഴിഞ്ഞത്‌. 2010-2011 വർഷത്തിൽ കടമിതര വരവുകളുടെ വർധനയും മൊത്തം ചെലവിന്റെ വർധനയും തമ്മിലുള്ള അന്തരം പോസിറ്റീവായ വർഷമായിരുന്നു. (സിഎജി റിപ്പോർട്ട്‌ 2015).

ഇത്തരത്തിൽ തികച്ചും ഭദ്രമായ ഒരു ഖജനാവുമായി ഭരണത്തിൽ വന്ന യുഡിഎഫ്‌ സർക്കാർ ഈ സംസ്ഥാനത്തിന്‌ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നൽകിയ സംഭാവന എന്താണ്‌? ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 2015 മാർച്ച്‌ അവസാനത്തിൽ 1,41,947 കോടിയാണ്‌. ഇതിൽ 44.1 ശതമാനം കടം (42,362.01 കോടി രൂപ) അടുത്ത ഏഴു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടതുമാണ്‌. (സിഎജി റിപ്പോർട്ട്‌ 2015). ഇത്തരമൊരു കടക്കെണിയിൽ ഈ സംസ്ഥാനം അകപ്പെട്ടതിന്റെ കാരണങ്ങളെന്താണ്‌? കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ യുഡിഎഫ്‌ സർക്കാർ വൻകിട വികസന പദ്ധതികൾ നടപ്പിലാക്കിയതിന്റെയോ , ക്ഷേമപദ്ധതികൾക്കായി കയ്യയച്ച്‌ ചെലവാക്കിയതിന്റേയോ ബാക്കിപത്രമാണോ ഈ കടക്കെണി? ഈ സംസ്ഥാനത്ത്‌ കാര്യക്ഷമമായ നികുതി പിരിവും, നികുതിയേതര ധനസമാഹരണവും നടന്നിട്ടുണ്ടോ? പദ്ധതി വിഹിതം കാര്യക്ഷമമായി ചെലവഴിക്കപ്പെട്ടിട്ടുണ്ടോ? പിന്നെയെങ്ങനെയാണ്‌ ഒരു പുതിയ പദ്ധതിയും നടപ്പിലാക്കാതെ, ജീവനക്കാരുടെ ശമ്പള പരിഷ്കരണംപോലും മാറ്റിവെച്ച ഒരു സർക്കാർ ഈ സാമ്പത്തിക ദുരന്തത്തിൽ ചെന്നുപെട്ടതെന്ന്‌ ചിന്തിക്കണം.

യുഡിഎഫ്‌ സർക്കാർ സാമ്പത്തിക മാനേജ്മെന്റിൽ കാണിച്ച കെടുകാര്യസ്ഥത 2015-ലെ സിഎജി റിപ്പോർട്ട്‌ തുറന്നു കാണിക്കുന്നു. 2010-2011 ൽ കടമിതരവരവ്‌ മൊത്തം ചെലവിന്റെ വർദ്ധനയേക്കാൾ 141 കോടി രൂപ അധികമായിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ മികച്ച ധനകാര്യ മാനേജ്മെന്റു വഴിയാണ്‌ ഇത്‌ സാധിച്ചത്‌. എന്നാൽ യുഡിഎഫ്‌ അധികാരത്തിൽ വന്നതിനു ശേഷം 2011-12 ൽ 5084 കോടിയും, 2012-13 ൽ 2187 കോടിയും 2013-14 ൽ 1942 കോടിയും 2014-15 ൽ 1698 കോടിയും ധനസമാഹരണത്തിൽ കുറവുവന്നു. 2014-15 ൽ ആകെ കടമെടുത്ത ഫണ്ട്‌ 18,509 കോടി ആയിരുന്നു. എങ്കിലും പലിശയും മുതലും തിരിച്ചു നൽകുന്നതിനും ഉപയോഗിച്ച ശേഷമുള്ള അറ്റലഭ്യത വെറും 5,365 കോടി മാത്രമായിരുന്നു. കടമെടുത്ത തുക ഉപയോഗിച്ച്‌ റവന്യൂ കമ്മി നികത്തേണ്ട അവസ്ഥയും സംജാതമായി. ആകെ കടമെടുത്ത തുകയിൽ നിന്നും 8,10 കോടി മാത്രമാണ്‌ വികസന പ്രവർത്തനങ്ങൾക്കായി മിച്ചമുണ്ടായിരുന്നത്‌. 2014-15 ൽ കൂട്ടിച്ചേർക്കപ്പെട്ട സാമ്പത്തിക ബാധ്യതയുടെ 12.4 ശതമാനം മാത്രമാണ്‌ വികസനത്തിനായി നീക്കിവയ്ക്കപ്പെട്ടത്‌. (സിഎജി റിപ്പോർട്ട്‌ 2015 പേജ്‌ 40). യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചാം വർഷത്തിൽ റവന്യൂ കമ്മി 13,796 കോടിയിലും ധനകമ്മി 18,462 കോടിയിലും എത്തി നിൽക്കുന്നു.

എൽഡിഎഫിന്റെ ഭരണകാലത്ത്‌ ജനങ്ങളുടെമേൽ അധിക നികുതി ബാധ്യതയൊന്നും അടിച്ചേൽപ്പിക്കുകയുണ്ടായില്ല. എന്നാൽ നികുതി പിരിവിൽ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും 2010-11-ൽ കേരളത്തിലെ മൊത്തം റവന്യൂ വരവ്‌ 30,990.95 കോടി രൂപയിലെത്തുകയും ചെയ്തു. വിൽപ്പന നികുതി വരുമാനം 15,833 കോടി ആയിരുന്നു. യുഡിഎഫിന്റെ അഞ്ചു വർഷക്കാലയളവിൽ ലക്ഷ്യമിട്ട നികുതി പിരിവിൽ 30,000 കോടി രൂപയുടെ നികുതി ചോർച്ചയുണ്ടായി. വൻകിടക്കാർക്ക്‌ നികുതി കുടിശികയിൽ വിവേചനമില്ലാതെ സ്റ്റേ നൽകുകയും ബാധ്യതകൾ എഴുതി തള്ളുകയും ചെയ്ത്‌ സംസ്ഥാന ഖജനാവിനെ പാപ്പരാക്കുന്ന നയമാണ്‌ ഇപ്പോഴത്തെ യുഡിഎഫ്‌ സർക്കാർ കൈകൊണ്ടത്‌. പതിമൂന്നാം ധനകാര്യ കമ്മീഷൻ അവാർഡായി ലഭിച്ച ധനസഹായത്തിൽ റോഡുകളുടേയും പാലങ്ങളുടേയും അറ്റകുറ്റ പണി, ജല വിതരണ മേഖലയുടെ പരിപാലനം, നീതിന്യായ സേവനം മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ നിബന്ധനകൾ പാലിക്കാതിരുന്നതിനാൽ അവാർഡ്‌ തുകയിൽ ഏതാണ്ട്‌ 100 കോടി രൂപയുടെ കുറവുണ്ടായി. 699.26 കോടി രൂപ ചെലവഴിക്കാതെ തിരിച്ചടയ്ക്കുകയും ചെയ്തു.

സംസ്ഥാനത്തെ കാർഷിക വളർച്ചനിരക്ക്‌ 4.67 ശതമാനമായി കുറഞ്ഞിരിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ കാർഷിക മേഖലയുടെ വിഹിതം 11.6 ശതമാനമായി കുറഞ്ഞു. നെല്ലുൽപ്പാദനം 2014-15 ൽ 5.62 ലക്ഷം ടൺ ആയി കുറഞ്ഞു. (-0.39 ശതമാനം). കാർഷിക രംഗത്ത്‌ കർഷകരെ കൃഷിയിൽ തൽപ്പരരാക്കാൻ ഉതകുന്ന ആദായം ലഭ്യമാക്കാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. നെല്ല്‌, റബ്ബർ കർഷകർക്കായി പ്രഖ്യാപിച്ച പദ്ധതികൾ വെറും ബജറ്റ്‌ പ്രഖ്യാപനങ്ങളായി ഒതുങ്ങി. 50 ശതമാനം സർക്കാർ പ്രീമിയത്തോടെ കർഷക ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി , ഓരോ കൃഷി ഭവനു കീഴിലും അഞ്ച്‌ പോളി ഹൗസുകൾ, 100 കോടി രൂപയുടെ പരിസ്ഥിതി സൗഹൃദ വ്യവസായ ഗ്രീൻ ഫിനാൻസ്‌ പദ്ധതി ഇവയൊന്നും വെളിച്ചം കണ്ടില്ല. വെള്ളമുണ്ടയിലെ ശശിധരൻ, തോണിച്ചാലിലെ ജോസ്‌, തിരുനെല്ലിയിലെ ചന്ദ്രൻ തുടങ്ങി അമ്പതിലേറെ കർഷകർ കടക്കെണിയിൽപെട്ട്‌ ഈ ഭരണകാലത്ത്‌ ജീവിതം അവസാനിപ്പിച്ചു.

ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചുകൊണ്ട്‌ ഉത്തരവുകൾ ഇറക്കിയതല്ലാതെ, കുടിശിക പെൻഷൻ വിതരണം ചെയ്യാൻ ഒരു നടപടിയും സ്വീകരിച്ചില്ല. നിലവിലുള്ള 34 ലക്ഷം ക്ഷേമപെൻഷൻകാരുടെ ഒക്ടോബർ മാസം മുതലുള്ള പെൻഷൻ തുക കുടിശികയാണ്‌. 1400 കോടിയിലധികമാണ്‌ കുടിശിക. ക്ഷേമപെൻഷൻകാരിൽ 24 ലക്ഷംപേർ നിരാലംബരായ സ്ത്രീകളാണ്‌. അവർക്ക്‌ മരുന്നിനും ഭക്ഷണത്തിനും വകയില്ലാതായിരിക്കുന്നു. ക്ഷേമപെൻഷനുകൾ മുടങ്ങുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്നും ക്ഷേമപെൻഷനുകൾകൊണ്ടുമാത്രം ജീവിക്കുന്ന നിരവധിപേർ സമൂഹത്തിലുണ്ടെന്ന്‌ മറക്കരുതെന്നും ലോകായുക്തയുടെ ഉത്തരവിൽ പറയാനിടയായിട്ട്‌ അധിക ദിവസമായിട്ടില്ല. സാഫല്യം ഭവന നിർമ്മാണ പദ്ധതി, എല്ലാ ഭൂരഹിതർക്കും മിച്ചഭൂമി, രാജീവ്‌ ആവാസ്‌ യോജന, സായൂജ്യം ഭവന നിർമ്മാണ പദ്ധതി തുടങ്ങി അട്ടപ്പാടി ആദിവാസി അക്ഷയപാത്രം പദ്ധതിവരെ എല്ലാം കടലാസിൽ മാത്രം ഒതുങ്ങി.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പൊതുമേഖലാ സ്ഥാപനങ്ങൾ 2006-07 കാലത്ത്‌ 140 കോടി, 2007-08 ൽ 509 കോടി, 2008-09 ൽ 446 കോടി, 2009-10 ൽ 666 കോടി 2010-11ൽ 344 കോടി എന്നിങ്ങനെ ലാഭത്തിൽ പ്രവർത്തിച്ചപ്പോൾ 2012-13, 2013-14 വർഷങ്ങളിൽ യു ഡി എഫ്‌ സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം യഥാക്രമം 147 കോടി, 422 കോടി എന്നിങ്ങനെ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തുന്നതാണ്‌ നാം കണ്ടത്‌. 2014-15 ലെ നഷ്ടക്കണക്കുകൾ ഇങ്ങനെ, 96 പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന്‌ 2,030.05 കോടി രൂപയാണ്‌ നഷ്ടം വരുത്തിയത്‌. വൈദ്യുതി നിരക്ക്‌ രണ്ടു തവണ കുത്തനെ വർദ്ധിപ്പിച്ചിട്ടും ആകെ നഷ്ടം 1522.95 കോടിയിൽ എത്തി നിൽക്കുന്നു.

ഭരണം ആരംഭിച്ചതുമുതൽ തുടങ്ങി മന്ത്രിഭേദമില്ലാതെ നടത്തിയ അഴിമതിയുടെ കഥകൾ കൊച്ചു കുട്ടികൾക്കുപോലും അറിയാവുന്നവ ആയതിനാൽ വിസ്തരിക്കുന്നില്ല. എങ്കിലും പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു മുമ്പ്‌ നടന്ന മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്ത്‌ അറുന്നൂറിലധികം ഇനങ്ങളിൽ തീരുമാനമെടുക്കുകയും, കായലുകളും പുറമ്പോക്ക്‌ ഭൂമിയും സർക്കാർ ഭൂമിയും ഒക്കെ അനധികൃതമായി വൻകിടക്കാർക്ക്‌ പതിച്ചു നൽകുന്നതാണ്‌ നമ്മൾ കാണുന്നത്‌. സർക്കാരിൽ നിക്ഷിപ്തമായ പീരുമേട്ടിലെ ഹോപ്‌ പ്ലാന്റേഷനും , ജയിലിൽ കിടക്കുന്ന ഒരു വ്യാജ സിദ്ധന്റെ കയ്യിൽ നിന്നും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്ത മിച്ചഭൂമിയും മറ്റും നിർലജ്ജം മടക്കി നൽകുന്നതാണ്‌ ഈ ദിവസങ്ങളിൽ നാം കാണുന്നത്‌. ഈയടുത്ത്‌ ഒരു വാരികയുമായുള്ള അഭിമുഖത്തിൽ ഉമ്മൻചാണ്ടി പറഞ്ഞത്‌ പ്രതിപക്ഷത്തിന്‌ അദ്ദേഹത്തെ ഭയമാണെന്നാണ്‌. പ്രതിപക്ഷത്തിന്‌ ഉമ്മൻചാണ്ടിയെ ഒരു ഭയവുമില്ല. കേരളത്തിലെ ജനങ്ങൾ ഉമ്മൻചാണ്ടിയെ ഭയക്കുന്നു. സംസ്ഥാനം മൊത്തമായി വിറ്റു തുലച്ച അഴിമതി ഭരണം തിരിച്ചുവരുമോ എന്നാണ്‌ അവരുടെ ഭയം. ഈ ഭരണം തിരിച്ചുവരരുതേ എന്ന്‌ അവർ ആഗ്രഹിക്കുന്നു.