25 June 2017, Sunday

യുഡിഎഫിന്റെത് കേരളത്തെ തകര്‍ത്ത സര്‍ക്കാര്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട .

ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തന്നെ പേടിയെന്നാണ്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടിയെ പേടി. ഇനിയും യുഡിഎഫ് അധികാരത്തില്‍ വരുമോ എന്ന ഭയം അവര്‍ തെരഞ്ഞെടുപ്പിലൂടെ പരിഹരിക്കും. അഞ്ച് വര്‍ഷത്തെ ഭരണം തികച്ചും കേരളത്തിന്റെ സമ്പദ് ഘടനയെ തകര്‍ത്തു. കടം വാങ്ങി ധനകമ്മി നികത്തുന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെത്. അഞ്ച് വര്‍ഷം ജനങ്ങളുടെ മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുകയായിരുന്നു.

സര്‍ക്കാരിന് ലഭിക്കേണ്ട 30 കോടിയോളം രൂപ പിരിച്ചെടുക്കാതെയാണ് ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചത്. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയ ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇല്ലാതാക്കി. പെന്‍ഷന്‍ തുക ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി ജനങ്ങള്‍ക്ക് വിതരണം ചെയ്ത ചെക്കുകള്‍ മുഴുവന്‍ മടങ്ങുകയാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച ഗവണ്‍മെന്റാണ് യുഡിഎഫ് സര്‍ക്കാര്‍. കാര്‍ഷിക വളര്‍ച്ച ഈ കാലയളവില്‍ പിന്നോട്ട് പോയി. കൃഷിക്കാര്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയുണ്ടായി. റബ്ബര്‍ കൃഷിക്കാരന്റെ അവസ്ഥ പരുങ്ങലിലായി.
ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അസഹിഷ്ണുത വളര്‍ത്തുകയാണ്. ഗവണ്‍മെന്റ് മെഷീനറി ഉപയോഗിച്ചുകൊണ്ടാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സംസാരിക്കുന്നത്. മോദിയെക്കുറിച്ച് ഇന്ത്യയിലെ

വിദ്യാര്‍ത്ഥികള്‍ക്കും യുവതലമുറക്കും വലിയ പ്രതീക്ഷയാണെന്നായിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ജെ എന്‍ യുവിലും പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹൈദരാബാദ് സര്‍വ്വകലാശാലയിലുമെല്ലാം യുവാക്കളും വിദ്യാര്‍ത്ഥികളും നരേന്ദ്രമോദിക്കും ആര്‍എസ്എസിനും എതിരെ ശക്തമായ പോരാട്ടത്തിലാണ്.
ഭൂരിപക്ഷ വര്‍ഗ്ഗീയതയായാലും ന്യൂനപക്ഷ വര്‍ഗ്ഗീയതായായാലും ഒരുപോലെ എതിര്‍ക്കുന്ന പ്രസ്ഥാനമാണ് ഇടതുമുന്നണി.