16 April 2019, Tuesday

സുധീരാദികളുടെ നാടകംകളി

വി എം സുധീരനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയാണ് .
അഴിമതിക്കേസുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ പറയുന്നത് ഇത് താന്‍ മാത്രമല്ല, മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനമാണെന്നാണ്. മന്ത്രിസഭ എടുത്ത തീരുമാനങ്ങളില്‍ പലതും തെറ്റായിപ്പോയി എന്ന് സമ്മതിച്ച് യുഡിഎഫ് സര്‍ക്കാര്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.
അഞ്ച് വര്‍ഷം അഴിമതിയെക്കുറിച്ച് ഒരക്ഷരം പറയാത്ത വി എം സുധീരന്‍ ഇപ്പോള്‍ അഴിമതി വിരുദ്ധനാണെന്ന് നാടകം കളിച്ച് ജനങ്ങളെ പറ്റിക്കുകയാണ്. ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അഴിമതിക്കാരനാകുമോ എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്കെതിരായി ജനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിധിയെഴുതു൦ .

ടി എന്‍ പ്രതാപന്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് കൈപ്പമംഗലത്ത് സ്ഥാനാര്‍ത്ഥിയാവുന്നതും കോണ്‍ഗ്രസിലെ നാടകങ്ങളുടെ ഭാഗമാണ്. 
അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ്‌കുമാര്‍ ഇടതുപക്ഷ വീക്ഷണമുള്ളയാളാണെന്ന് അദ്ദേഹം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനാല്‍ മറ്റുള്ള ചോദ്യങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട് . 15 പുതുമുഖങ്ങളുള്‍പ്പെടെ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത് .
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഫാസിസത്തിനെതിരെ പൊരുതുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിനിധിയായി നിലനിര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത് . കനയ്യകുമാര്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല

പ്രതിപക്ഷത്തിന് ഉമ്മന്‍ചാണ്ടിയെ ഭയമാണെന്നാണ് ഉമ്മന്‍ചാണ്ടി തന്നെ പറയുന്നത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം തിരിച്ചുവരുമോയെന്ന ഭയം ജനങ്ങള്‍ക്കാണുള്ളത്. അങ്ങനെ വരാന്‍ പാടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജനം തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ പോകുന്നത്. സെക്രട്ടറിയേറ്റ് കൂടി ആര്‍ക്കെങ്കിലും പതിച്ചുകൊടുത്ത് പുറത്തിറങ്ങിയാലോ എന്ന ധാരണയാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് മന്ത്രിസഭക്കുള്ളത്. കേരളത്തിന്റെ സമ്പദ് ഘടന തകര്‍ത്ത സര്‍ക്കാരാണിത്.
1957 മുതല്‍ 2011 വരെയുള്ള മന്ത്രിസഭകളുടെ കാലത്ത് ആകെയുണ്ടാക്കിയ കടത്തിന്റെ ഇരട്ടിയിലധികം അഞ്ച് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ വരുത്തിവെച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി, നികുതിയേതര വിഭാഗങ്ങളില്‍ നിന്ന് പരമാവധി സമാഹരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ ട്രഷറിയില്‍ 3000 കോടിയിലേറെ മിച്ചമുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കി ഇഷ്യൂ ചെയ്ത ചെക്കുകള്‍ക്ക് കടലാസിന്റെ വില പോലുമില്ലായിരുന്നു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ മാത്രമല്ല, തൊഴിലാളി ക്ഷേമ പദ്ധതിയും യുഡിഎഫ് തകര്‍ത്തു. ടാക്‌സ് റവന്യൂ പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമത കാണിച്ചില്ല. സിഎജി റിപ്പോര്‍ട്ട് പ്രകാരം പൊതുകമ്മിയും ധനകമ്മിയും വര്‍ധിച്ചുവെന്ന് കാണാം. കാര്‍ഷികമേഖലയിലെ വളര്‍ച്ചാനിരക്കും പിറകോട്ട് പോയി. റബ്ബര്‍ കൃഷിക്കാരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ട. കേന്ദ്രബഡ്ജറ്റില്‍ റബ്ബര്‍ ബോര്‍ഡിന് അനുവദിച്ച തുക കഴിഞ്ഞ തവണയിലെക്കാളും 69 കോടി രൂപ കുറവാണ്. സംസ്ഥാന സര്‍ക്കാര്‍ 300 കോടി രൂപ അനുവദിച്ചുവെന്ന് പ്രഖ്യാപിച്ചെങ്കിലും അതില്‍ പകുതി പോലും ചെലവഴിച്ചിട്ടില്ല. നെല്ല് ഉത്പാദനവും കുറഞ്ഞു. കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ വെള്ളം ചേര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വികസനവും പുരോഗതിയും സംബന്ധിച്ച് ജനങ്ങളുടെ പക്ഷത്തുനിന്നുള്ള വീക്ഷണമാണ് എല്‍ഡിഎഫിനുള്ളതെന്നും ജനപക്ഷ നിലപാടുകളുള്ള എല്‍ഡിഎഫ് ഭരണത്തിലേക്ക് തിരിച്ചുവരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്