18 September 2018, Tuesday

LDFന്റെ മുന്തിയ പരിഗണന വിശപ്പില്ലാത്ത കേരളത്തിന്‌

വിശപ്പില്ലാത്ത കേരളം സൃഷ്ടിക്കാനും വിലക്കയറ്റം തടയാനും അഴിമതി തുടച്ചുനീക്കാനുമായിരിക്കും എൽഡിഎഫ്‌ മുന്തിയ പരിഗണന നൽകുക. വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തിൽ എൽഡിഎഫ്‌ അധികാരത്തിലേറുമെന്ന കാര്യം ഉറപ്പാണ് .

കേരളത്തെ സാമ്പത്തികമായി തകർത്ത സർക്കാരാണ്‌ അധികാരത്തിലിരിക്കുന്നത് .പൊതുകടം 1,41,947 കോടിയാണ്‌. ’57 മുതൽ 2011 വരെയുള്ള മൊത്തം കാലയളവിന്റെ ഇരട്ടിയിലധികമാണിത്‌. ഇതിൽ 42700 കോടി ഏഴ്‌ വർഷം കൊണ്ട്‌ തിരിച്ചടക്കേണ്ടതാണ്‌. എൽഡിഎഫ്‌ സർക്കാർ ഭരണത്തിൽ നിന്നിറങ്ങുമ്പോൾ 3000കോടിയിലധികമുണ്ടായിരുന്നു ഖജനാവിൽ. ബജറ്റിൽ നിർദ്ദേശിച്ച നികുതികൾ പിരിച്ചെടുക്കാതിരുന്നതാണ്‌ പൊതുകടം വർധിക്കാനിടയാക്കിയത്‌. നികുതിയിനത്തിൽ പിരിച്ചെടുക്കാനുള്ളത്‌ 30000 കോടി രൂപയോളമാണ് .
പൊതുമേഖലയിലെ നഷ്ടം 2000 കോടി കവിഞ്ഞു. എൽഡിഎഫ്‌ ഭരണകാലത്ത്‌ ലാഭത്തിലാണ്‌ പൊതുമേഖല പ്രവർത്തിച്ചത്‌. കെഎസ്‌ആർടിസിയിൽ ശമ്പളം കൊടുക്കാൻ ഡിപ്പോകൾ ജില്ലാസഹകരണ ബാങ്കുകൾക്ക്‌ പണയപ്പെടുത്തിയാണ്‌ വായ്പ എടുത്തത്‌. ക്ഷേമപെൻഷനുകൾ കിട്ടാതാവുകയും സാമൂഹ്യസുരക്ഷ അപകടത്തിലാവുകയും ചെയ്തു. ഈ കാലയളവിൽ സർക്കാരിന്റെ ചെക്കുകളാണ്‌ ബാങ്കുകളിൽ നിന്നും ഏറ്റവും കൂടുതൽ മടങ്ങിയത് .

റബറിന്റെയും നാണ്യവിളകളുടെയും വിലയിടിഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പുവെച്ച കരാറുകളുടെ ഫലമാണിത്‌. കുട്ടനാട്ടിലെ കർഷകരിൽ നിന്ന്‌ നെല്ലെടുക്കുന്നില്ല. കുടിശ്ശിക കൊടുത്തു തീർക്കുന്നുമില്ല. പരമ്പരാഗത വ്യവസായങ്ങൾ തകരുന്നു. തൊഴിൽ മേഖലയിൽ പ്രക്ഷോഭം ശക്തിപ്പെടുന്നു.
മാവേലി സ്റ്റോറുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുകയും പൊതുവിതരണ സമ്പ്രദായം തകർക്കുകയും ചെയ്തു. വിലക്കയറ്റത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അഞ്ച്‌ വർഷത്തെ ബജറ്റ്‌ വാഗ്ദാനങ്ങൾ പരിശോധിച്ചാൽ ഏറെയും നടപ്പാക്കിയിട്ടില്ലെന്നുകാണാം. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും എതിരായി സ്വീകരിച്ച നിലപാടുകൾ നിരവധിയാണുതാനും. യു ഡി എഫ്‌ സർക്കാരിന്റെ അവസാനകാലത്ത്‌ ധൃതിപിടിച്ച്‌ പുറപ്പെടുവിച്ചത്‌ 800ഓളം ഉത്തരവുകളാണ്‌. പ്രശ്നമായപ്പോൾ ചിലത്‌ പിൻവലിക്കാതിരിക്കാൻ പറ്റാതെ വന്നു. ചിലത്‌ ഇപ്പോഴും ബാക്കിയാണ്‌. യുഡിഎഫ്‌ സർക്കാരിന്‌ തുടർഭരണമില്ലെന്ന കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ തീരുമാനമെടുക്കുക തന്നെ ചെയ്യു൦ . തുടർഭരണം സ്വപ്നം കാണാൻ അവർക്ക്‌ അവകാശമുണ്ട്‌. നടപ്പാവില്ലെന്നു മാത്രം.

മുഖ്യമന്ത്രിയുടെ പേരിൽ 31 ഉം 19 മന്ത്രിമാരുടെ പേരിൽ 139 ഉം കേസുകളാണ്‌ ലോകായുക്തയുടെ മുമ്പിലുള്ളത്‌. ഇതുപോലൊരവസ്ഥ കേരള രാഷ്ട്രീയത്തിൽ മുമ്പുണ്ടായിട്ടില്ല. അന്യാധീനപ്പെട്ട സർക്കാർ ഭൂമി എൽഡിഎഫ്‌ തിരിച്ചെടുത്തു. യുഡിഎഫ്‌ അത്‌ തിരിച്ചുകൊടുത്തു. മദ്യനിരോധനം വിജയമായതിന്റെ ഒരുദാഹരണം പോലും ലോകചരിത്രത്തിലില്ല. മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാൻ യുഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കാൻ നടപടിയെടുക്കുമെന്നാണ്‌ എൽഡിഎഫ്‌ പറയുന്നത്‌.

ബിജെപിക്ക്‌ 20000ലധികം വോട്ട്‌ ലഭിച്ച ചില മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസ്‌ ബന്ധം സംശയിക്കത്തക്ക സാഹചര്യം ഉരുത്തിരിഞ്ഞ്‌ വരുന്നുണ്ട് . എൽഡിഎഫിനെ ജനങ്ങൾ ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കുമെന്നും അതിന്റെ ഡ്രസ്സ്‌ റിഹേഴ്സലാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത് . കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള എൽഡിഎഫിന്റെ പ്രകടന പത്രിക 21ന്‌ പ്രകാശനം ചെയ്യു൦