25 June 2017, Sunday

ഭരണരംഗത്ത് സമ്പൂർണ അരാജകത്വം

പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് പരസ്യ നിലപാട് എടുത്തു. ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറിക്കെതിരെ സര്‍ക്കാരും രംഗത്തെത്തിയിരിക്കുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരും തുറന്ന പോരില്‍ എത്തിയത് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ അഞ്ചു വര്‍ഷത്തെ അഴിമതി ഭരണം എല്ലാരംഗവും തകര്‍ത്തു. ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി. റേഷന്‍കടകളില്‍ അരിയടക്കം ഒന്നും ലഭിക്കുന്നില്ല. എല്‍ഡിഎഫ് ഭരണകാലത്ത് 13 അവശ്യസാധനങ്ങളാണ് മാവേലി സ്റ്റോറുകള്‍ വഴി നല്‍കിയിരുന്നത്. എന്നാല്‍, യുഡിഎഫ് വന്നതോടെ ഇവയുടെ വില കുത്തനെ കൂട്ടി. ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളോളം കുടിശ്ശികയാണ് ഇപ്പോള്‍. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യമാസം തന്നെ പെന്‍ഷന്‍ വര്‍ധിപ്പിക്കും. എല്ലാ മാസവും കൃത്യമായി ക്ഷേമപെന്‍ഷന്‍ വിതരണംചെയ്യും. സോളാര്‍ അഴിമതിയിലൂടെ സൂര്യനെപ്പോലും വിറ്റുകാശാക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിച്ചത്. 10,000 കോടിയുടെ അഴിമതിക്കാണ് കളമൊരുക്കിയത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് നടന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ക്കു പിന്നില്‍ ലക്ഷങ്ങളുടെ കോഴ ഇടപാടാണ് നടന്നത്. ഇത്രയും അഴിമതി നടത്തിയ ഒരു സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് ഉയരുന്നത്. എങ്ങനെയെങ്കിലും വീണ്ടും അധികാരത്തിലെത്താന്‍ ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടിന് കളമൊരുക്കാനാണ് യുഡിഎഫ് നീക്കം                                                                                                                                                                               യുഡിഎഫ് സഹായത്തോടെ കേരളത്തില്‍ അക്കൌണ്ട് തുറക്കുകയാണ് ബിജെപി ലക്ഷ്യം. എന്നാല്‍, ഇത് മതേതര കേരളം അനുവദിക്കില്ല. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം രാജ്യത്തുടനീളം നടക്കുന്ന സംഭവങ്ങള്‍ ഭീതിദമാണ്. ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇവയിലേറെയും. ക്ഷേത്രത്തില്‍ കയറിയ ദളിതരെ ചുട്ടുകൊല്ലുന്നു. കന്നുകാലിക്കച്ചവടം നടത്തിയവരെ കൊന്നു കെട്ടിത്തൂക്കുന്നു. ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. കേരളത്തില്‍ ശക്തമായ ഇടതുപക്ഷ പ്രസ്ഥാനം ഉള്ളതിനാലാണ് ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കാതിരിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫിനു മാത്രമേ കഴിയൂ. മതേതരത്വം സംരക്ഷിക്കാന്‍ എല്‍ഡിഎഫ് വിജയിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഭരണത്തില്‍നിന്നു മോചിപ്പിക്കാന്‍ എല്‍ഡിഎഫിന് അനുകൂലമായി വിധി എഴുതാന്‍ കേരള ജനത തയ്യാറെടുത്തു കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം മൂന്നക്കം കടക്കുമെന്നും കോടിയേരി പറഞ്ഞു