23 October 2017, Monday

മെത്രാന്‍കായല്‍ ,നെൽവയൽ-- നീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചു

മെത്രാന്‍കായല്‍ നികത്തി വന്‍കിട ടൂറിസം പദ്ധതി കൊണ്ടുവരാന്‍ അനുമതി നല്‍കിയത്‌ സംബന്ധിച്ച ഉള്ളുകള്ളികള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ ചീഫ്‌ സെക്രട്ടറി ജിജി തോംസനും ചേര്‍ന്ന് നടത്തിയ ഗൂഡപദ്ധതിയുടെ ഭാഗമാണ് ഈ ഉത്തരവുകള്‍ എന്നത് വ്യക്തമായിരിക്കുന്നു. ഇത്തരമൊരു പദ്ധതിക്ക്‌ അനുമതി കൊടുത്താല്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഖാതങ്ങളെ സംബന്ധിച്ച് ഒരാലോചന പോലും നടത്താന്‍ ഗവണ്മെന്‍റ് തയ്യാറായില്ല. സാധാരണ നിലയില്‍ ഇത്തരമൊരു പദ്ധതി സര്‍ക്കാരിന് മുന്നില്‍ വന്നാല്‍ വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. അതിന് ശേഷം മാത്രമേ അനുമതി നല്‍കുകയുള്ളൂ. ഇവിടെ 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തെ പൂര്‍ണമായും അട്ടിമറിച്ച് ഇത്തരത്തില്‍ ഒരു അനുമതി നല്‍കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി ധൈര്യം കാണിച്ചു? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍, സംസ്ഥാനത്ത്‌ അവശേഷിക്കുന്ന നെല്‍വയലുകളും വനങ്ങളും തണ്ണീര്‍ത്തടങ്ങളുമെല്ലാം സ്വകാര്യ വ്യക്തികള്‍ക്ക് ബിസിനസ് നടത്താന്‍ വിടുകൊടുക്കുമെന്നതില്‍ സംശയമില്ല. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കോര്‍പ്പറേറ്റ്‌ വല്‍ക്കരണമാണ് നടന്നുകൊണ്ടിരുന്നത്. ഇതിനറുതിവരുത്താന്‍ കിട്ടിയ അവസരമാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌. ജനങ്ങള്‍ അത് വരും തലമുറയ്ക്ക് വേണ്ടി വിനിയോഗിക്കണം.