17 October 2017, Tuesday

യുഡിഎഫിന്റെ മദ്യനയം ഘട്ടംഘട്ടമായുള്ളള ഫൈവ് സ്റ്റാർ വ്യാപനം

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം അല്ല. ഘട്ടം ഘട്ടമായുള്ള ഫൈവ് സ്റ്റാര്‍ വ്യാപനമാണ്. കേരളത്തില്‍ ഫോര്‍സ്റ്റാറായി പ്രവര്‍ത്തിക്കുന്ന നൂറിലധികം ബാറുകളെ, ഉമ്മൻചാണ്ടി സർക്കാർ ഉടന്‍ ഫൈവ് സ്റ്റാറാക്കി മാറ്റുകയും തുടര്‍ന്ന് അവര്‍ക്ക് ബാര്‍ ലൈസന്‍സ് നൽകുകയും ചെയ്യും.

ഇപ്പോൾ ചില കോൺസുകാർ പറയുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നാണ്. പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങാന്‍ ബാര്‍ ഹോട്ടലുകള്‍ നിര്‍ബന്ധമില്ലെന്നാണ് ചട്ടം. അങ്ങനെയിരിക്കെ എന്തിനാണ് പുതിയ എട്ട് ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്?

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനിരോധന പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് 1500 കോടി രൂപയുടെ അധിക മദ്യവിൽപ്പനയാണ് നടന്നത്. ഇതാണോ നിരോധനം? കേരളത്തിൽ ഒരു ബാർപോലും ഉമ്മൻചാണ്ടി സർക്കാർ പൂട്ടിയില്ലല്ലോ. ബാർ എന്ന ബോർഡ് അഴിച്ചുമാറ്റിയാൽ അത് മദ്യശാല അല്ലാതാവുന്നില്ല. മദ്യം വിളമ്പിയിരുന്ന, അടച്ചുപൂട്ടിയെന്ന് ഉമ്മൻചാണ്ടി പറയുന്ന മദ്യശാലകളിൽ ഇപ്പോഴും മദ്യം തന്നെയാണ് വിളമ്പുന്നത്. മദ്യത്തിലെ ആൾക്കഹോളിന്റെ അളവിൽ മാത്രമേ വ്യത്യാസമുളളു. ആ ബാറുകളിൽ നേരത്തെ മദ്യപിച്ചിരുന്നവർ ഇപ്പോഴും മദ്യപിക്കുന്നുണ്ട്. യു ഡി എഫിന്റെ മദ്യനയം മൂലം ഒരാളു പോലും മദ്യ ഉപയോഗം നിര്‍ത്തിയിട്ടില്ല.

ഇടതുപക്ഷം അധികാരത്തിൽ വന്നാൽ മദ്യവർജനത്തിലൂടെ മദ്യാസക്തി ഇല്ലാതാക്കും. മദ്യവര്‍ജന പ്രസ്ഥാനങ്ങള്‍ക്ക് എല്‍ഡിഎഫ് മുന്‍കൈ എടുക്കും. മദ്യവര്‍ജനത്തിന് സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ബോധവല്‍ക്കരണ പ്രസ്ഥാനം ആരംഭിക്കും.