18 October 2017, Wednesday

എസ്എസ്എൽസി വിജയത്തിൽ അനുമോദനങ്ങൾ

എസ് എസ് എൽ സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെയും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാലയങ്ങളെയും അതിനു നേതൃത്വം നല്കിയ അധ്യാപകരെയും അനുമോദിക്കുന്നു.

പത്തു വർഷത്തെ പഠനത്തിനു ഫലം കണ്ട ഈ വേളയിൽ തുടര്ന്നങ്ങോട്ട് എന്ത് എന്ന ചോദ്യം എല്ലാവര്ക്കും മുന്നിലുണ്ട്. പലരും പലപ്പോഴും കൂടുതൽ പ്രചാരത്തിലുള്ള വഴി തെരഞ്ഞെടുക്കുന്നു. ചിലർ രക്ഷിതാക്കളുടെയി ബന്ധുക്കളുടെയോ ഉപദേശം മാനിച്ചു അവർ പറയുന്ന രീതിയിൽ തുടർപഠനത്തിനു തയാറാകുന്നു. പുതിയ കാലത്ത് വിദ്യാർഥികൾക്ക് മുന്നിൽ എണ്ണമറ്റ അവസരങ്ങളുണ്ട്. അതിൽ ഒന്ന് തെരഞ്ഞെടുക്കുമ്പോൾ അത്, കുട്ടിയുടെ വാസനയ്ക്കും കഴിവിനും താല്പര്യത്തിനും ഇണങ്ങുന്നതാണോ എന്നതാണ് പ്രധാനം.

സ്വന്തം കഴിവിന് പറ്റിയ മേഖല ഏതെന്നു തൊട്ടു കാണിക്കാൻ കുട്ടികള്ക്കും എളുപ്പം കഴിയില്ല. ഇവിടെയാണ്, കൃത്യമായ മാർഗ ദർശനത്തിന്റെ ആവശ്യകത. നമ്മുടെ സമൂഹത്തിൽ പലതരത്തിലുള്ള അസമത്വങ്ങൾ നിലനില്ക്കുന്നു. അത് കണ്ടുകൊണ്ട് , എല്ലാവർക്കും പ്രാപ്യമാകുന്ന അഭിരുചി പരീക്ഷകളും തൊഴിൽ മേഖല കണ്ടെത്താനുള്ള മാർഗ നിർദേശങ്ങളും ആണ് നടക്കേണ്ടത്.

ഇന്ന് കേരളത്തിൽ ഇത്തരം കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നത് തന്നെ ഹയർ സെക്കണ്ടറി തലത്തിലെത്തിയാലാണ്. തന്റെ വഴി ഏതാകണം എന്ന് തീരുമാനിക്കാനുള്ള അവസരം കുട്ടികൾക്ക് മുന്നില് 9-10 ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ തുറക്കണം എന്നാണു ഞാൻ കരുതുന്നത്. അത്തരം സാഹചര്യം ഒരുക്കുന്നതിന് ഓരോ സ്കൂളിനും സവിശേഷമായ സമിതികളും വികസന പദ്ധതികളും ഉണ്ടാകേണ്ടതുണ്ട്.

ഇന്ന്, പരീക്ഷാ ഫലം വന്നപ്പോൾ തുടർപഠനത്തിന് യോഗ്യത നേടാത്തവരോ പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തവരോ ആയ അനേകം കുട്ടികൾ നമുക്ക് മുന്നിലുണ്ട്. നൈരാശ്യമല്ല, കൂടുതൽ കഠിനമായി വീണ്ടും അധ്വാനിക്കാനുള്ള സന്നദ്ധതയാണ് അവരിൽ ഉണ്ടാകേണ്ടത്. തങ്ങൾക്ക് യോജ്യമായ വഴി തെരഞ്ഞെടുത്ത് മുന്നോട്ടു പോകാൻ ഓരോരുത്തര്ക്കും അവസരം ഉണ്ട്. വിജയിച്ച എല്ലാവർക്കും ഒരിക്കൽ കൂടി അഭിന്ദനം.