28 June 2017, Wednesday

കശുവണ്ടി തൊഴിലാളികളുടെ ദുരിതത്തിനു മുഖംതിരിച്ച് സർക്കാർ

കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്ത് ഇന്ന് രണ്ടു ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് മെച്ചപ്പെട്ടരീതിയിൽ പ്രവർത്തിച്ചിരുന്ന കശുവണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികളെല്ലാം അടഞ്ഞു കിടക്കുന്നു. ഇതിന്റെ മറവിൽ സ്വകാര്യ മുതലാളിമാർ തൊഴിലാളികളെ അർഹമായ കൂലി നൽകാതെ, ആനുകൂല്യങ്ങൾ നിഷേധിച്ചു ചൂഷണം ചെയ്യുകയാണ്. ഇതിനു സർക്കാർ തന്നെ വഴിയൊരുക്കി കൊടുത്തിരിക്കുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വർഷത്തിൽ 284 ദിവസം വരെ കോർപ്പറേഷന്റെ ഫാക്ടറികളിൽ പണി ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷം ഈ ഫാക്ടറികൾ പ്രവർത്തിച്ചത് വെറും 56 ദിവസം മാത്രം.

ഇടതുപക്ഷ സർക്കാർ നിരോധിച്ച കുടിവറുപ്പ് കേന്ദ്രങ്ങൾ ഇപ്പോൾ സർക്കാർ തന്നെ വ്യാപിപ്പിക്കുന്നു. ഇടതുസർക്കാർ രണ്ടു തവണ തൊഴിലാളികളുടെ കൂലി കൂട്ടി. എന്നാൽ വർദ്ധിപ്പിച്ച മിനിമം കൂലിയോ ഇ എസ് ഐ, ഇപിഎഫ് വിഹിതമോ ബോണസ് കുടിശ്ശികയോ കൊടുക്കാൻ തയ്യാറാകാതെ യുഡിഎഫ് സർക്കാർ തൊഴിലാളികളെ സമരത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. പത്തു കോടി രൂപയോളം തൊഴിലാളികളുടെ കുടിശ്ശിക തന്നെ കൊടുക്കാനുണ്ട്.

ഇക്കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് കേരളത്തിൽ കശുവണ്ടി കൃഷി പുനരുജ്ജീവിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചത്. 12,735 ഹെക്ടറിൽ കശുവണ്ടി നടുന്നതിന് 80,000 കൃഷിക്കാരാണ് ധനസഹായം നല്കി യത്. എന്നാൽ കശുമാവ് കൃഷി വ്യാപിപ്പിക്കാനായി എൽഡിഎഫ് സർക്കാർ രൂപംനല്കിപയ കാഷ്യൂ കൾട്ടിവേഷൻ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്.

കശുവണ്ടി കോർപ്പറേഷനെയും കാപ്പെക്സിനെയും തകർത്തുകൊണ്ട് സ്വകാര്യ മുതലാളിമാരെ സഹായിക്കാനും ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുൾപ്പടെയുള്ള തൊഴിലാളികളുടെ കുടുംബങ്ങളെ തകർക്കാനും സർക്കാർ തന്നെ കൂട്ട് നിൽക്കുന്ന അവസ്ഥയിൽ മാറ്റം വരണം. പൊതുമേഖലയിൽ കശുവണ്ടി വ്യവസായത്തെ വളർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കപ്പെടണം.