19 April 2019, Friday

വട്ടിയൂർക്കാവ് മണ്ഡലം - നല്ലൊരു മാറ്റത്തിനായ്‌ ഒരു തിരിഞ്ഞുനോട്ടം

തിരുവനന്തപുരം നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലം, എന്നാൽ അതിനനുസരിച്ച് ഈ മണ്ഡലത്തിൽ വികസനം എത്താത്തത് ഇന്നും ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു. യുഡിഎഫ് എംഎൽഎ കെ. മുരളീധരൻ കുടിവെള്ളം, വൈദ്യുതി, ഗതാഗതം, ആരോഗ്യപരിരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിൽ ഒട്ടും തന്നെ ശ്രദ്ധകാണിച്ചിട്ടില്ല എന്നത് അതിനൊരു സ്വാഭാവിക ഉത്തരമാണ്. നിലവിലെ മാറ്റം കൊണ്ടുവരേണ്ട മേഖലകളിൽ ഒരു പരിശോധന.

1) വട്ടിയൂർക്കാവ്,പട്ടം, ശാസ്തമംഗലം, പേരൂർക്കട തുടങ്ങിയ മണ്ഡലത്തിലെ പ്രധാന പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ഗ്രാമങ്ങളിൽ നിന്നും തലസ്ഥാന നഗരിയിലേക്കുള്ള യാത്രകൾ സംഗമിക്കുന്ന പ്രദേശങ്ങളാണിവ. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം അത്യാവശ്യമാണ്.

2) അരുവിക്കര ഡാമുമായി ശരാശരി 9 Km മാത്രം ദൂരമുള്ള മണ്ഡലത്തിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. വേനൽ കടുക്കുന്നതോടെ ജലവിഭവ വകുപ്പ് ടാങ്കറിൽ വെള്ളം കൊണ്ടുവരുന്ന സ്വാഭാവിക നടപടിയല്ലാതെ ജലക്ഷാമം പരിഹരിക്കുവാൻ നടപടിയൊന്നും സ്വീകരിക്കുന്നില്ല.

3) മാതൃക ആശുപത്രിയായിട്ടായിരുന്നു പേരൂർക്കട ആശുപത്രിയെ ഇടതുപക്ഷ ഭരണകാലത്ത് ഉയർത്തിക്കൊണ്ടു വന്നത്. അതിനായി 10 കോടി രൂപ അനുവദിച്ചെങ്കിലും ഈ സർക്കാർ അത് വകമാറ്റി ചെലവഴിച്ചതു മൂലം പേരൂർക്കട ആശുപത്രിയുടെ വികസനം മുരടിക്കുന്ന അവസ്ഥായാണുണ്ടായത്.

4) കുലശേഖരത്തുള്ള പ്രൈമറി ഹെൽത്ത്‌ സെന്ററിനെ ക്യൂബൻ മോഡലിൽ വികസിപ്പിക്കുവാൻ ഇടതുപക്ഷ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ ആ പദ്ധതിയ്ക്ക് തുരങ്കം വച്ചു.

5) മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ഊളൻപാറ മാനസികാരോഗ്യ കേന്ദ്രത്തിനായ് പുതിയ പദ്ധതികളൊന്നും യുഡിഎഫ് സർക്കാരോ നിലവിലെ എംഎൽഎയോ ചെയ്തിട്ടില്ല.

6) 40 ഓളം ചെറുതും വലുതുമായ കുളങ്ങൾ മണ്ഡലത്തിലുണ്ട്. ആമയിഴഞ്ചാൻ തോട്, നാലാഞ്ചിറ പൊയ്ക ഉൾപ്പടെ എല്ലാം മാലിന്യക്കൂമ്പാരങ്ങളുടെ കേന്ദ്രങ്ങളാണ്. ഇതിനെല്ലാം നിയന്ത്രണമേർപ്പെടുത്തി പുനരുദ്ധരിച്ചു ഉപയോഗ യോഗ്യമാക്കണം.

7) പുതുതായി കൂട്ടിച്ചേർത്ത വട്ടിയൂർക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളിലെ റോഡുകളുടെ സ്ഥിതി വളരെയധികം മോശമാണ്. ഈ റോഡുകൾ സഞ്ചാര യോഗ്യമാക്കുവാനുള്ള നടപടികൾ ത്വരിതഗതിയിലാക്കണം.

8) മഴക്കാലത്ത് കിള്ളിയാറ്റിലും കരമനയാറ്റിലും ഉണ്ടാക്കുന്ന വെള്ളപ്പൊക്കം തടയുവാൻ ക്രിയാത്മകമായ ഒരു പരിഹാരത്തിനും എംഎൽ എ ശ്രമിച്ചിട്ടില്ല എന്നത് കാഞ്ഞിരംപാര, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി തുടങ്ങിയ ആറ്റിന്റെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് വലിയൊരു ബുദ്ധിമുട്ടാണ്.

9) നന്നായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന കുടപ്പനക്കുന്നിലുള്ള കൃഷി ഫാമിനെ അവിടെ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് ശോഭനീയമല്ല.

10) നെട്ടയം സെൻട്രൽ പോളീ ടെക്‌നിക്കിൽ കഴിഞ്ഞ കുറേ വർഷങ്ങളായി പുതിയ ഒരു കോഴ്‌സോ കെട്ടിടമോ ഉണ്ടായിട്ടില്ല. ആധുനികവൽക്കരണം ഈ പോളീടെക്‌നിക്കിന് തൊട്ടുതീണ്ടിയിട്ടില്ല. തത്സ്ഥിതി തന്നെയാണ് ബാർട്ടൻ ഹില്ലിലുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജിന്റെയും അവസ്ഥ.

11) മേലത്തുമേഖലയിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ നെയ്ത്തുകേന്ദ്രത്തിൽ മുൻപ് 500ൽ അധികം പേർ ജോലി ചെയ്തിരുന്നിടത്ത് തുച്ഛമായ ദിവസ വേതനം മൂലം ഇന്ന് വെറും അഞ്ചോ ആറോ പേരാണുള്ളത്.

12) നാലാഞ്ചിറ, പാങ്ങോട് മാർക്കറ്റുകളുടെ സ്ഥിതി ശോചനീയമാണ്.പാങ്ങോട് നിന്ന് മാലിന്യങ്ങൾ നേരെ ഒഴുക്കിവിടുന്നത് കിള്ളിയാറിലേക്കാണ്. ദുർഗന്ധം നിമിത്തം അതുവഴി ബസിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയുണ്ടായിട്ടും ഭരണകൂടം ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

13) ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഷൂട്ടിംഗ് റെയ്ഞ്ച് സ്ഥാപിച്ചെങ്കിലും അതിന്റെ നിർമ്മാണ ജോലികൾ ഇപ്പോഴും ഒന്നുമാകാത്തത് യുഡിഎഫ് സർക്കാരിന്റെയും എംഎൽഎയുടെയും കെടുകാര്യസ്ഥതയാണ്.