19 April 2019, Friday

അധികാര വികേന്ദ്രീകരണവും എൽ.ഡി.എഫും

അധികാരം ഗ്രാമങ്ങളിലേക്ക് നല്‍കണം എന്ന ആശയം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ കാലത്തുതന്ന ഉയര്‍ന്നുവന്ന ഒന്നാണ്. ഗാന്ധിജി ഈ ആശയത്തിനായി പ്രചരണം നടത്തുകയും അതിനുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു.അധികാരം താഴേത്തട്ടിലേക്ക് നല്‍കുന്നതിനെ സംബന്ധിച്ച് വീറോട് സംസാരിക്കുകയല്ലാതെ പ്രായോഗികമായി നല്‍കുന്നതിനുള്ള സമീപനം ഇന്ത്യയിലെ കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നില്ല. അധികാര കേന്ദ്രീകരണം എന്ന ഇന്ത്യന്‍ കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സമീപനം തന്നെയാണ് കോണ്‍ഗ്രസ്സും സ്വീകരിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ അധികാരം ജനങ്ങള്‍ക്ക് നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ചത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. 1957-ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്‌റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാര വികേന്ദ്രീകരണ പ്രക്രിയ മുന്നാട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനത്തിന് അടിസ്ഥാനമിട്ടു. ഈ കാഴ്ചപ്പാടോടെ ഒരു ഭരണപരിഷ്കാര കമ്മീഷന്‍ തന്ന അക്കാലത്ത് രൂപീകരിക്കപ്പെടുകയുണ്ടായി. 1978 മുതല്‍ കൃത്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്ന സംവിധാനം കൊണ്ടുവന്നത് പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതിനുശേഷമാണ്.കേരളത്തിലും അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷം ആവിഷ്കരിച്ചതെന്നു കാണാം.

ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെടുകയും കേരളത്തിന്റെ വികസനം മുരടിച്ചുനില്‍ക്കുകയും ചെയ്തപ്പോള്‍ ഈ പ്രശ്നം ഗൌരവതരമായ പരിശോധനയ്ക്ക് കേരളത്തില്‍ വിധേയമായി. അതിന് നേതൃത്വപരമായ പങ്കു വഹിച്ചത് സ: ഇ.എം.എസ് ആയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് തന്നെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. ഈ ചര്‍ച്ചയുടെ കൂടി പശ്ചാത്തലത്തിലാണ് അധികാര വികേന്ദ്രീകരണത്തിന് പുതിയ മുഖം നല്‍കിക്കൊണ്ട് ഇടപെടുന്ന സമീപനം കേരളത്തില്‍ 1996-ല്‍ സ: നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇത്തരത്തില്‍ അധികാര വികേന്ദ്രീകരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഇടപെടല്‍ കേരളത്തില്‍ ആവിഷ്കരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. ജനകീയാസൂത്രണം കേരളത്തിന്റെ പിന്നാക്ക മേഖലകളിലും ഗ്രാമീണ മേഖലകളിലും വിശേഷിച്ചുമുണ്ടാക്കിയ മുന്നേറ്റം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നതു മാത്രമല്ല, അടിസ്ഥാന സൌകര്യ വികസനത്തിന്റെ കാര്യത്തില്‍ കുതിച്ചുചാട്ടം തന്നെ ഈ കാലയളവിലുണ്ടായി. ഇക്കാലയളവില്‍ 5,70,582 വീടുകള്‍ പുതുതായി നിര്‍മ്മിക്കപ്പെട്ടു. 1,61,605 വീടുകള്‍ വൈദ്യുതീകരിക്കപ്പെട്ടു. 1,28,875 കിണറുകള്‍ ഉണ്ടായി. 1,85,113 കിലോമീറ്റര്‍ നീളം വരുന്ന 48,735 പുതിയ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. കൃഷി ചെയ്യാതെ തരിശ്ശിട്ടിരുന്ന 5,52,599 ഏക്കര്‍ കൃഷിഭൂമി കൃഷിയോഗ്യമാക്കപ്പെട്ടു.

ഇത്തരത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ജനകീയാസൂത്രണ പരിപാടിയെ തകര്‍ക്കുന്ന പരിപാടിയാണ് യു.ഡി.എഫ് നടപ്പിലാക്കിയത്. അവര്‍ അതിന് കേരള വികസന പദ്ധതി എന്ന് പുനര്‍നാമകരണം നിര്‍വ്വഹിച്ചു. ഗ്രാമസഭകളുടെ അധികാരം വെട്ടിക്കുറച്ചു. പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ എല്‍.ഡി.എഫ് മുന്നാട്ടുവച്ച വികേന്ദ്രീകൃത ആസൂത്രണ പദ്ധതിയെ തകര്‍ക്കുക എന്ന നയം ഇവര്‍ നടപ്പിലാക്കി. അങ്ങനെ അധികാര വികേന്ദ്രീകരണ പ്രക്രിയ കേരളത്തില്‍ ദുര്‍ബ്ബലമായി. ജില്ലാ കൌണ്‍സില്‍ പിരിച്ചുവിട്ടുകൊണ്ട് അധികാര വികേന്ദ്രീകരണത്തോടുള്ള നിലപാട് യു.ഡി.എഫ് കേരള ജനതയ്ക്കു മുമ്പാകെ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചരിത്രവിജയം നേടി അധികാരത്തില്‍ വന്നതോടെ അധികാരവികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഫലമായി ഏറ്റവും നല്ല പഞ്ചായത്ത് സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം കേരളത്തിന് ലഭിക്കുകയുണ്ടായി. നാലുവര്‍ഷം കൊണ്ട് 6497 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതമായി നല്‍കിയത്. ഇതിന്റെ 75 ശതമാനവും ചെലവഴിക്കപ്പെടുകയുണ്ടായി. ഇതിനു പുറമെ പൊതു ഗ്രാന്റായി 1390 കോടി രൂപയും ആസ്‌തി സംരക്ഷണത്തിന് 1624 കോടി രൂപയും ലഭ്യമാക്കുകയുണ്ടായി. ഇവയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വിഹിതവും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. ഉല്‍പ്പാദന മേഖലയ്ക്ക് പ്രഥമ പരിഗണന കൊടുക്കണമെന്ന കാഴ്ചപ്പാടോടെ 11-ആം പദ്ധതി ആവിഷ്കരിച്ചു. മേഖലാ വിഹിതം 40 ശതമാനമായി പുനഃസ്ഥാപിക്കുകയുണ്ടായി. പത്താം പദ്ധതിക്കാലത്ത് വകമാറ്റി ചെലവഴിച്ച തുക ഉല്‍പ്പാദന മേഖലയില്‍ വകയിരുത്തുന്നതിനുള്ള നിര്‍ബന്ധപൂര്‍വ്വമായ സമീപനവും സ്വീകരിച്ചു. ഇതിന്റെ ഫലമായി 89.68 കോടി രൂപ ആദ്യവര്‍ഷങ്ങളില്‍ അധികമായി കിട്ടുന്ന നിലയുണ്ടായി. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളം കാര്‍ഷികമേഖലയില്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു. കൃഷിച്ചെലവിലേക്കായി ഹെക്ടര്‍ ഒന്നിന് 2500 രൂപ വരെ സബ്സിഡി നല്‍കി. വിത്തുകള്‍ സൌജന്യമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. വളം, കീടനാശിനി എന്നിവ പകുതി വിലയ്ക്ക് ലഭ്യമാക്കുന്ന നടപടികള്‍ സ്വീകരിച്ചു. ജലസ്രോതസ്സുകളും ജലനിര്‍ഗമനങ്ങളും ചെളിയും മണ്ണും നീക്കി ജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. 2008-09ല്‍ നെല്‍കൃഷിക്ക് മാത്രമായി 93.01 കോടി രൂപയാണ് പഞ്ചായത്തുകള്‍ ചെലവിട്ടത്.ഇ.എം.എസ് ഭവനനിര്‍മ്മാണപദ്ധതിയിലൂടെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഭാഗമായി ഇതുവരെ 19 ലക്ഷം കുടുംബങ്ങള്‍ക്ക് 549.7 ലക്ഷം തൊഴില്‍ദിനങ്ങള്‍ നല്‍കിക്കൊണ്ട് 806 കോടി രൂപയാണ് കേരളത്തില്‍ ചെലവഴിച്ചത്. നഗരത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്ന വിധത്തില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കും സര്‍ക്കാര്‍ നേതൃത്വം നല്‍കിയിരിക്കുന്നു.

ശുചിത്വത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍മ്മല്‍ പുരസ്കാരം 869 ഗ്രാമപഞ്ചായത്തുകള്‍ക്കും 105 ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും ലഭിച്ചു. വന്‍ നഗരങ്ങളിലെ ശുചിത്വത്തിന്റെ കാര്യത്തിലും കേരളം മുന്നാട്ടുപോയി. 2008-ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനും 2009-ല്‍ എറണാകുളം കോര്‍പ്പറേഷനും ഇത്തരത്തിലുള്ള അംഗീകാരം ലഭിക്കുകയുണ്ടായി. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാജ്യത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. കുടുംബശ്രീ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിക്കൊണ്ട് സര്‍ക്കാര്‍ മുന്നാട്ടുപോയി. 37.32 ലക്ഷം കുടുംബങ്ങള്‍ ഇതില്‍ അംഗങ്ങളായി. 2.30 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. 1374.66 കോടി രൂപ നിക്ഷേപമായി നിലവിലുണ്ട്. 3913.68 കോടി രൂപ ആന്തരിക വായ്പാ ഇനത്തില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. 15 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. നിരാലംബരായ കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആശ്രയാ പദ്ധതി ഫലപ്രദമായി മുന്നാട്ടുകൊണ്ടുപോകാനും ഈ കാലയളവില്‍ കഴിഞ്ഞു. 884 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 68385 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും കഴിഞ്ഞു എന്നതും എടുത്തുപറയേണ്ടതാണ്. പട്ടിക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതിവിഹിതം നല്ല രീതിയില്‍ ചെലവഴിക്കുന്നതിന് ഈ കാലയളവില്‍ കഴിയുകയുണ്ടായി. എല്ലാവര്‍ക്കും വീട് ലഭിക്കുന്നതിനുള്ള പദ്ധതിയില്‍ ഇവര്‍ക്ക് ലഭിക്കുന്ന സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാരിനു കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പില്‍ 4485 തസ്തികകള്‍ അധികമായി സൃഷ്ടിക്കുന്നതിന് ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ കാണിച്ച ശുഷ്കാന്തി ഒരു ജീവനക്കാരനും മറക്കാനാവുന്നതല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനും ഈ സര്‍ക്കാര്‍ തയ്യാറായി. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബഡ്‌ജറ്റില്‍ തന്ന പ്രത്യേക തുക ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുത്തു. സ്‌ത്രീ ജീവനക്കാരുടെ പ്രസവാവധി 180 ദിവസമാക്കി വര്‍ദ്ധിപ്പിച്ചതും ഈ സര്‍ക്കാര്‍ തന്നയായിരുന്നു. ഗര്‍ഭാശയമെടുത്തുമാറ്റുന്ന ശസ്‌ത്രക്രിയയ്ക്ക് വിധേയമാകുന്ന ജീവനക്കാര്‍ക്ക് 45 ദിവസത്തെ ലീവും അനുവദിക്കുകയുണ്ടായി.

അധികാര വികേന്ദ്രീകരണരംഗത്ത് മാത്രമല്ല, കേരളത്തിന്റെ സമസ്‌ത മേഖലകളിലും വികസനത്തിന്റെ കുതിപ്പ് സംഭാവന ചെയ്തുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കി കേരളത്തെ തകര്‍ത്ത യു.ഡി.എഫില്‍നിന്നും വ്യത്യസ്‌തമായി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ബദലുയര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നാട്ടുനീങ്ങുകയാണ്. എ.ഡി.ബി തിട്ടൂരം സ്വീകരിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നടുക്കുന്ന നയമാണ് അവര്‍ സ്വീകരിച്ചിരുന്നത്. അതിനു മാറ്റം വരുത്തി എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുന്ന നയം എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. നിയമനനിരോധനം തിരുത്തുകയും ചെയ്തു.
ജീവനക്കാരുടെ മേഖലയില്‍ മാത്രമല്ല, മറ്റെല്ലായിടങ്ങളിലും ഇത്തരത്തിലുള്ള ബദല്‍ നയങ്ങള്‍ മുന്നാട്ടുവച്ചതായി കാണാം. കര്‍ഷക ആത്മഹത്യയുടെ വിളനിലമായിരുന്നു കേരളം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരത്തിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്‌തത്. അതിന് മാറ്റം വരുത്തി കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്ന നയം എല്‍.ഡി.എഫ് നടപ്പിലാക്കി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. എല്‍.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ നെല്ലിന്റെ താങ്ങുവില 7 രൂപയായിരുന്നു. അത് അഖിലേന്ത്യാതലത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 13 രൂപയാക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തി. കാര്‍ഷിക കടാശ്വാസ നിയമം നടപ്പിലാക്കി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ആഗോളവല്‍ക്കരണ നയത്തിനു വ്യത്യസ്‌തമായി അവയെ സംരക്ഷിക്കുവാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. അതിന്റെ ഫലമായി 250 കോടി രൂപയിലേറെ സര്‍ക്കാര്‍ ഖജനാവിന് ലഭിക്കുന്ന നിലയുണ്ടായി. പുതിയ വ്യവസായ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ ആരംഭിക്കുകയും ചെയ്തു. എല്ലാ ക്ഷേമപെന്‍ഷനുകളും 300 രൂപയാക്കി വര്‍ദ്ധിപ്പിച്ചുവെന്നു മാത്രമല്ല, യു.ഡി.എഫ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക പോലും വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ സന്നദ്ധമായി. പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്താനുള്ള നടപടിയും സ്വീകരിച്ചു. വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇന്ത്യയിലെ ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചത്. പരമ്പരാഗത മേഖലയെ സംരക്ഷിക്കുന്നതിനായി റിബേറ്റ് പുനഃസ്ഥാപിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശക്തമായ ഇടപെടല്‍ പൊതുവിപണിയില്‍ നടത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി മാതൃകാപരമായിരുന്നു. ഇക്കഴിഞ്ഞ ഓണം-ബക്രീദ് കാലഘട്ടം ആഹ്ളാദകരമായി കഴിഞ്ഞുപോയത് ഈ ഇടപെടലിന്റെ ഫലമായാണ്. ജനക്ഷേമകരമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് അട്ടിമറിക്കുവാനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ യു.ഡി.എഫ് നടത്തുന്നത്. മാത്രമല്ല, തീവ്രവാദ-ഭീകരവാദ പ്രസ്ഥാനങ്ങളുമായി സന്ധിയുണ്ടാക്കി മുന്നാട്ടുപോകാനാണ് യു.ഡി.എഫ് പരിശ്രമിക്കുന്നത്. ശത്രുവിന്റെ ശത്രു മിത്രമാണെന്ന ബി.ജെ.പിയുടെ പ്രഖ്യാപനവും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.

യു.ഡി.എഫിനകത്താണെങ്കില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള അന്തഃഛിദ്രങ്ങള്‍ ശക്തിപ്പെട്ടുവരികയാണ്. ജനകീയമായ ഒരു കാര്യവും മുന്നോട്ടുവയ്ക്കാന്‍ പറ്റാതെ യു.ഡി.എഫ് ഇരുട്ടില്‍ത്തപ്പുകയാണ്. ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കൂടുതല്‍ ഐക്യത്തോടും ഒത്തൊരുമയോടും കൂടി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഈ വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്നത് നാടിന്റെതന്നെആവശ്യമാണ്.