26 May 2018, Saturday

സുന്ദരയ്യയെയും നായനാരെയും സ്മരിക്കുമ്പോള്‍

ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് പൊതുവിലും സിപിഐ (എം)ന് വിശേഷിച്ചും കനത്ത നഷ്ടം വരുത്തിയ ദിനമാണ് മെയ് 19. ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിലെ രണ്ടു സമുന്നത നേതാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞ ദിനമാണത്-സഖാക്കള്‍ പി സുന്ദരയ്യയും ഇ കെ നായനാരും. മരണംപോലെതന്നെ ഇരു നേതാക്കളുടെയും പ്രവര്‍ത്തനങ്ങളും തമ്മില്‍ നിരവധിസമാനതകളുണ്ടായിരുന്നു. സാമാന്യം ഭേദപ്പെട്ട ഫ്യൂഡല്‍ കുടുംബങ്ങളില്‍ പിറന്ന ഇരുവരും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കുമായി ജീവിതത്തിലെ സുഖസൗകര്യങ്ങളെല്ലാം ത്യജിച്ച് മര്‍ദ്ദനങ്ങളും യാതനകളും ദുരിതങ്ങളും സ്വയം തിരഞ്ഞെടുക്കുകയായിരുന്നു.

സുന്ദരയ്യ ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് വെങ്കിടസുന്ദരരാമറെഡ്ഢി എന്ന സുന്ദരയ്യ ജനിച്ചത്. സമൂഹത്തിലെ അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും എതിരായിട്ടാണ് അദ്ദേഹം സമരം ആരംഭിച്ചത്. കുട്ടിക്കാലത്തുതന്നെ വളര്‍ന്നുവന്ന സമരതൃഷ്ണയും ഉന്നതമായ മൂല്യബോധവും അദ്ദേഹത്തെ സ്വാതന്ത്ര്യസമരത്തിലേക്കും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലേക്കും നയിച്ചു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ ആ പാര്‍ടിയുടെ പരിമിതികളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം മറ്റു മിക്ക കമ്യുണിസ്റ്റ് വിപ്ലവകാരികളെയും പോലെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആകൃഷ്ടനാകുകയും അതിന്റെ സജീവ പ്രവര്‍ത്തകനാവുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ കമ്യുണിസ്റ്റുപാര്‍ടി കെട്ടിപ്പടുക്കുക എന്ന ചുമതല പാര്‍ടി ഏല്‍പിച്ചത് സുന്ദരയ്യയെ ആയിരുന്നു. അതിനായി അങ്ങേയറ്റം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച അദ്ദേഹം കമ്യൂണിസ്റ്റ്പാര്‍ടിയുടെ സ്ഥാപക നേതാക്കളിലൊരാളായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ഇ എം എസ്, പി കൃഷ്ണപിള്ള തുടങ്ങിയ സമുന്നത നേതാക്കളെപ്പോലും കമ്യുണിസ്റ്റുകാരാക്കുന്നതില്‍ സുന്ദരയ്യ മുഖ്യ പങ്കുവഹിക്കുകയുണ്ടായതായി ഇ എം എസ് എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സായുധ വിപ്ലവസമരമായ തെലുങ്കാനാ സമരത്തിെന്‍റ സര്‍വ്വ സൈന്യാധിപനായി സുന്ദരയ്യയെ വിശേഷിപ്പിക്കാം.

ഹൈദരാബാദിലെ നൈസാമിെന്‍റ സൈന്യത്തോടും റസാക്കര്‍മാരോടും പൊരുതിക്കൊണ്ട് 3000 ഗ്രാമങ്ങളിലായി 30 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശം മോചിപ്പിക്കാന്‍ ഈ മഹാസമരത്തിനു സാധിച്ചു എന്നത് സുന്ദരയ്യയുടെ നേതൃത്വത്തിെന്‍റ ഉജ്വലമായ നിദര്‍ശനമാണ്. നൈസാമിെന്‍റ സൈന്യം ഇന്ത്യന്‍ സേനയ്ക്കുമുമ്പില്‍ കീഴടങ്ങിയപ്പോള്‍ തെലുങ്കാനാ സമരം പിന്‍വലിക്കേണ്ടിവന്നു. എങ്കിലും ആ സമരം ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനം അതുല്യമാണ്. റഷ്യന്‍ വിപ്ലവത്തിെന്‍റ മാര്‍ഗമാണോ ചൈനീസ് വിപ്ലവത്തിെന്‍റ മാര്‍ഗമാണോ ഇന്ത്യയ്ക്ക് സ്വീകാര്യം എന്ന ചോദ്യത്തിന് ഇന്ത്യന്‍ മാര്‍ഗമാണ് സ്വീകാര്യം എന്നാണ് സുന്ദരയ്യയും അദ്ദേഹം നേതൃത്വം നല്‍കിയ സിപിഐ (എം)ഉം നല്‍കിയ ഉത്തരം. അതിെന്‍റ പേരില്‍ സാര്‍വദേശീയതലത്തില്‍ ദീര്‍ഘകാലം ഒറ്റപ്പെടേണ്ട അവസ്ഥയും സിപിഐ എമ്മിനുണ്ടായി. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ പാര്‍ടിക്കും പി എസിനും സാധിച്ചു. 1980കളുടെ ആദ്യംതന്നെ സിപിഐ (എം) നിര്‍ദ്ദേശിക്കുന്നതാണ് ശരിയായ മാര്‍ഗം എന്ന് സാര്‍വദേശീയ-ദേശീയ തലങ്ങളില്‍ അംഗീകരിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരെ വഴി തെറ്റിക്കുന്ന രണ്ടു ചിന്താഗതികളാണ് റിവിഷനിസവും ഇടതുപക്ഷ തീവ്രവാദവും. ഈ രണ്ടു വ്യതിയാനങ്ങളും രണ്ടു സന്ദര്‍ഭങ്ങളിലായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയെ ബാധിച്ചു. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടി റിവിഷനിസത്തിെന്‍റ പിടിയിലമര്‍ന്നപ്പോള്‍ അതിനെതിരെ സര്‍വ്വശക്തിയും സമാഹരിച്ച് പോരാടിയവരുടെ മുന്‍നിരയില്‍ സുന്ദരയ്യയുണ്ടായിരുന്നു.

രൂക്ഷമായ ആശയസമരത്തിനൊടുവില്‍ 1964ല്‍ സിപിഐ (എം) രൂപവത്കരിക്കപ്പെട്ടതുമുതല്‍ മൂന്നുതവണ പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് സുന്ദരയ്യയാണ്. 1960കളുടെ അന്ത്യത്തില്‍ ഇടതുപക്ഷ തീവ്രവാദ ചിന്താഗതിയുടെ ആക്രമണം സിപിഐ (എം)നു നേരിടേണ്ടിവന്നപ്പോള്‍ അതിനെതിരെ പോരാടാന്‍ പാര്‍ടിയെ സജ്ജമാക്കിയതില്‍ പിഎസിന് നിര്‍ണ്ണായകമായ പങ്കുണ്ട്. പാര്‍ടിയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും നേര്‍വഴിക്കു നയിക്കാന്‍ പി എസ് നല്‍കിയ സംഭാവന നിസ്തുലമാണ്. രാജ്യസഭയിലെ പാര്‍ടി നേതാവ്, സംയുക്ത പാര്‍ലമെന്‍ററി പാര്‍ടി നേതാവ്, ആന്ധ്രപ്രദേശിലെ പ്രതിപക്ഷ നേതാവ്, എന്നീ നിലകളില്‍ പാര്‍ലമെന്‍ററി പ്രവര്‍ത്തനരംഗത്ത് രണ്ടു പതിറ്റാണ്ടിലേറത്തെ പ്രവര്‍ത്തനാനുഭവങ്ങളും അദ്ദേഹത്തിനുണ്ട്. പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തെ പാര്‍ടി പ്രവര്‍ത്തനമാക്കി മാറ്റാനുള്ള രാഷ്ട്രീയ സര്‍ഗ്ഗാത്മകത പി എസ് പ്രദര്‍ശിപ്പിക്കുകയുണ്ടായി. 1950കളില്‍ സുന്ദരയ്യ ആന്ധ്രയുടെ മുഖ്യമന്ത്രി ആകും എന്ന് പരക്കെ കരുതപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായില്ലെങ്കിലും ആന്ധ്രയുടെ സമുന്നത നേതാവായി അദ്ദേഹത്തെ പൊതു സമൂഹം അംഗീകരിക്കുകയുണ്ടായി. കുടുംബജീവിതം തന്റെ പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും വിഘാതമാകരുത് എന്ന നിര്‍ബന്ധബുദ്ധി സുന്ദരയ്യ്ക്കുണ്ടായിരുന്നു. വിവാഹം കഴിച്ചെങ്കിലും മക്കള്‍ വേണ്ട എന്ന തീരുമാനത്തില്‍ അദ്ദേഹവും ഭാര്യ ലീലയും എത്തിച്ചേര്‍ന്നത് അതുകൊണ്ടാണ്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയവരുള്‍പ്പെടെയുള്ള ഇപ്പോഴത്തെ പാര്‍ടിയുടെ നേതൃനിരയെ വളര്‍ത്തിയെടുക്കുന്നതിലും പി എസ് പ്രശംസാര്‍ഹമായ പങ്കാണ് വഹിച്ചത്. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം ഉജ്വലമായ നേതൃപാടവവും സംഘടനാശേഷിയും അതിരറ്റ ആത്മാര്‍ത്ഥതയും പ്രദര്‍ശിപ്പിച്ച പി എസ് എന്നെന്നും പാര്‍ടി സഖാക്കള്‍ക്ക് മാതൃകയാണ്. കേരളത്തിലെ രാഷ്ട്രീയം മാത്രമല്ല ഭൂമിശാസ്ത്രവും സുന്ദരയ്യക്ക് സുപരിചിതമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ പാര്‍ടിയുടെ വളര്‍ച്ചയ്ക്ക് സുന്ദരയ്യയുടെ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വലിയ തുണയായി തീര്‍ന്നിട്ടുണ്ട്.

നായനാര്‍ ഇ എം എസിനെയും എ കെ ജിയെയുംപോലെ ഇ കെ നായനാരും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിെന്‍റ ദത്തുപുത്രനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍ ഏറമ്പാല കുടുംബത്തില്‍ 1919 ഡിസംബര്‍ ഒമ്പതിനാണ് കൃഷ്ണന്‍ നായനാര്‍ ജനിച്ചത്. അമ്മ ഏറമ്പാല നാരായണി അമ്മ. അച്ഛന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ . സ്വാതന്ത്ര്യസമര പ്രസ്ഥാനവും അയിത്തോച്ചാടനവും സജീവമായ സമയമായിരുന്നു കൃഷ്ണെന്‍റ കുട്ടിക്കാലം. ബാലസംഘത്തിെന്‍റ പ്രവര്‍ത്തനങ്ങളിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ അദ്ദേഹം വിദ്യാര്‍ത്ഥി ഫെഡറേഷെന്‍റയും കോണ്‍ഗ്രസിെന്‍റയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും പ്രവര്‍ത്തകനായി മാറി. കയ്യൂര്‍ സമരത്തില്‍ പങ്കാളിയായ അദ്ദേഹം പാര്‍ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നീ ഉന്നതമായ നേതൃസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു. 1967-70 കാലത്ത് പാര്‍ലമെന്‍റംഗമായിരുന്ന നായനാര്‍ 1973ല്‍ എംഎല്‍എ ആയി. 1980, 1987, 1996 എന്നീ കാലയളവുകളില്‍ മുഖ്യമന്ത്രിയായ നായനാരാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച വ്യക്തി. 1982 - 87 കാലത്ത് പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അങ്ങേയറ്റം ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും പ്രകടിപ്പിച്ച നായനാര്‍ എല്ലാവരുടെയും പ്രിയങ്കരനായി മാറി. തുറന്നതും സുതാര്യവുമായ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം ആത്മാര്‍ത്ഥത ജനങ്ങളെ തുറന്നു ബോധ്യപ്പെടുത്താന്‍ നായനാര്‍ക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ബഹുമാനിച്ചു, അതിലേറെ സ്നേഹിച്ചു. സാധാരണക്കാരോടും പാവപ്പെട്ടവരോടുമുള്ള അദ്ദേഹത്തിെന്‍റ ആഭിമുഖ്യവും പ്രതിബദ്ധതയും ഏതൊരു പൊതുപ്രവര്‍ത്തകനും മാതൃകയായിരുന്നു. പാര്‍ടി നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിലും അനുസരിക്കുന്നതിലും ഒരു വിട്ടുവീഴ്ചയും നായനാര്‍ പ്രകടിപ്പിച്ചില്ല. എന്നുമാത്രമല്ല, പാര്‍ടി കാഴ്ചപ്പാടില്‍നിന്നുകൊണ്ട് എതിരാളികളെ വിമര്‍ശിക്കുന്നതിലും ഒരു മടിയും അദ്ദേഹം കാട്ടിയില്ല. നിയമസഭയില്‍ പലപ്പോഴും വിമര്‍ശനവുമായി എത്തുന്നവരെ മര്‍മത്തുകൊള്ളുന്ന നര്‍മംകൊണ്ട് നിരായുധരാക്കാന്‍ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിെന്‍റ നിയമസഭാ പ്രസംഗങ്ങള്‍ ഓടിച്ചു നോക്കുന്നവര്‍ക്ക് അത് വളരെ വേഗം ബോധ്യപ്പെടും.

പാര്‍ടി നേതാവ് എന്ന നിലയില്‍ അപാരമായ സംഘടനാശേഷിയുടെയും അച്ചടക്കത്തിെന്‍റയും ആള്‍രൂപമായിരുന്നു നായനാര്‍ . ഭരണാധികാരി എന്ന നിലയില്‍ അനുപമമായ കാര്യശേഷിയും സത്യസന്ധതയും ദീര്‍ഘവീക്ഷണവും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഇതിനെല്ലാം ഉപരി നായനാരെ ബഹുജനങ്ങളുമായി അടുപ്പിച്ചത് അദ്ദേഹത്തിെന്‍റ കറകളഞ്ഞ സ്നേഹമായിരുന്നു. ദേഷ്യം വരുമ്പോള്‍ കൊച്ചു കുട്ടികളെപ്പോലെ ശുണ്ഠിയെടുത്തിരുന്ന അദ്ദേഹത്തിന് ആരേയും വെറുക്കാന്‍ ആവുമായിരുന്നില്ല. അദ്ദേഹത്തിെന്‍റ വ്യക്തിത്വത്തില്‍ ഇഴുകിച്ചേര്‍ന്ന നൈര്‍മല്യമാണ് അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ ഉന്നതമായ സ്ഥാനം നേടിക്കൊടുത്തത്. നായനാരുടെ കറകളഞ്ഞ സ്നേഹം അനുഭവിച്ചതിെന്‍റ ഓര്‍മ മിക്ക സഖാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമുണ്ട്. എനിക്കും അത് അനുഭവിക്കുന്നതിന് അവസരമുണ്ടായിട്ടുണ്ട്. പാര്‍ടിക്ക് എതിരാളികളുടെ ഭാഗത്തുനിന്ന് ആശയപരമായും കായികമായും ആക്രമണം നേരിട്ട വേളകളിലെല്ലാം അപാരമായ ധീരതയോടെ പാര്‍ടിയെ നയിക്കാന്‍ നായനാരുണ്ടായിരുന്നു.

ചൈനാ യുദ്ധവേളയിലും പാര്‍ടിയിലെ പിളര്‍പ്പിെന്‍റ കാലത്തും തീവ്ര ഇടതുപക്ഷ ആശയഗതിക്കാരുടെ ആക്രമണകാലത്തും അടിയന്തിരാവസ്ഥക്കാലത്തും ആര്‍എസ്എസ് അക്രമവേളകളിലും എല്ലാം ആ ധീര നേതൃത്വത്തിെന്‍റ മികവ് പാര്‍ടിക്ക് കുറച്ചൊന്നുമല്ല തുണയായത്. ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന് മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ അഴിമതികൊണ്ട് മലീമസമായിരിക്കയാണ്. 2 ജി സ്പെക്ട്രം അഴിമതി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, എയര്‍ ഇന്ത്യ വിമാനം വാങ്ങിയതിലെ അഴിമതി തുടങ്ങിയ കുംഭകോണങ്ങള്‍കൊണ്ട് മുങ്ങിക്കുളിച്ചിരിക്കയാണ് കേന്ദ്ര ഭരണാധികാരികള്‍ . യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ പിന്തുടരുന്നതുമൂലം സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം ദിവസം ചെല്ലുന്തോറും പൊറുതിമുട്ടുന്നു;കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു.
ഈ ആസുരതകള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് സുന്ദരയ്യയുടെയും നായനാരുടെയും ഓര്‍മകള്‍ നമ്മെ കരുത്തരാക്കും. അവരുടെ പ്രവര്‍ത്തനശൈലിയും പ്രതിബദ്ധതയും പകര്‍ന്നുതന്ന ഊര്‍ജ്ജം നമുക്ക് എന്നും വഴിവിളക്കാകും. സംഘടനാപരമായ അച്ചടക്കവും ആശയപരമായ വിട്ടുവീഴ്ചയില്ലായ്മയും ഈ രണ്ടു നേതാക്കളുടെയും സവിശേഷതകളായിരുന്നു. വ്യക്തിപരമായി യോജിക്കാനാത്ത തീരുമാനം പാര്‍ടിയെടുത്താല്‍ പോലും പൂര്‍ണ്ണമായ അച്ചടക്കത്തോടെ ആ തീരുമാനം നടപ്പാക്കുന്നതില്‍ അവര്‍ കാണിച്ച മാതൃക പാര്‍ടിയേക്കാള്‍ ഉപരി വ്യക്തികളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ടുള്ള ആക്രമണങ്ങള്‍ പാര്‍ടിക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.