24 September 2017, Sunday

അഭിനന്ദനങ്ങൾ, അല്പം ചിന്തയും

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മികച്ച വിജയം നേടാനാവാതെ പോയവർക്ക് ഒപ്പമാണ്

എന്റെ ഹൃദയം കൂടുതൽ ചേർന്നു നിൽക്കുന്നത്. വിദ്യാഭ്യാസ, സാമൂഹിക, ഗാർഹിക സാഹചര്യങ്ങൾ തുടങ്ങീ തൽക്കാലം മികവ് കുറയാൻ കാരണങ്ങൾ പലതുണ്ടാവും. എനിക്ക് നിങ്ങളോട് ഒന്നേ പറയാനുളളു. നിരാശ വേണ്ട, പ്രതീക്ഷയോടെ മുന്നോട്ടു പോകുക. കൊടിയ തിരിച്ചടികളിലും തളരാതെ ഉറച്ച മനസോടെ മുന്നോട്ടു പോകുന്നവർക്കുളളതാണ് ആത്യന്തിക വിജയം.

ഒപ്പം ഇതുകൂടി...

കുട്ടികളുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നവർക്ക് നമ്മുടെ വിദ്യാഭ്യാസ മേഖല നേരിടുന്ന കടുത്ത വെല്ലുവിളി കാണാതിരിക്കാനാവില്ല. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ നട്ടെല്ലായ
പൊതുവിദ്യാഭ്യാസ മേഖലയെ തകർത്ത് പ്രാഥമികതലം മുതൽ വിദ്യാഭ്യാസം ഈ സർക്കാർ കച്ചവടവൽക്കരിച്ചു. കേന്ദ്രത്തിൽ സംഘപരിവാർ ശക്തികൾ ദളിതരെയും പിന്നാക്കക്കാരെയും മുസ്ലീം ജനവിഭാഗങ്ങളെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു. പട്ടിണിപ്പാവങ്ങളുടെ മക്കൾക്ക് പോലും ഉന്നത വിദ്യാഭ്യാസ അവസരം ലഭിച്ചിരുന്ന കേരളത്തിൽ ഇന്ന് ലക്ഷങ്ങൾ മുടക്കാൻ ശേഷിയില്ലാത്തവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ മേഖല അന്യമാവുകയാണ്. പ്രൈമറി സ്‌കൂളുകളിൽ പോലും പതിനായിരങ്ങൾ ഫീസ് നൽകേണ്ട അവസ്ഥയാണ്. എന്തിലും കച്ചവട സാധ്യത കാണുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരും വിദ്യാഭ്യാസ മേഖലയെയും കച്ചവടമായിട്ടാണ് കാണുന്നത്. പണക്കാരുടെ മക്കൾ മാത്രം പഠിച്ചാൽ മതിയെന്നാണ് ഉമ്മൻ ചാണ്ടിയുടെ ന്യായം. മനുസ്‌മൃതിയുടെ കാലത്തെ പോലെ വരേണ്യ വർഗം മാത്രം വിദ്യാഭ്യാസം നേടിയാൽ മതിയെന്നാണ് സംഘപരിവാർ ന്യായം. സാധാരണക്കാരെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും ആട്ടിയകറ്റാനാണ് മോദി സർക്കാർ
ശ്രമിക്കുന്നത്. മനുവാദികളിൽ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച കനയ്യ കുമാറിനെയും കൂട്ടരെയും രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിലടച്ചതിനും ചിന്തിക്കുന്ന ദളിതനാണ് എന്ന ഒറ്റ കാരണത്താൽ രോഹിത് വെമുല എന്ന ഗവേണക വിദ്യാർത്ഥിയെ ആത്‌മഹത്യയിലേക്ക് തളളിവിട്ടതിനും പിന്നിലെ അജണ്ട മറ്റൊന്നല്ല.

ഇടതു മുന്നണി അധികാരത്തിൽ വന്നാൽ പ്രീപ്രൈമറി മുതൽ ഗവേഷണ തലംവരെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഗുണനിലവാരമുളള വിദ്യാഭ്യാസം ഉറപ്പാക്കുന്ന നയം നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളത്തിൽ അടക്കം സാമൂഹിക നിയന്ത്രണം ശക്തമാക്കും. അച്ഛനന്മമാർ ദരിദ്രരാണ് എന്ന കാരണത്താൽ ഒരു വിദ്യാർത്ഥിയുട‌െയും വിദ്യാഭ്യാസ അവകാശം നിഷേധിക്കില്ല.