24 July 2017, Monday

ഗാന്ധിജിയുടെ അനുയായികളും (?) ഗോഡ്സേയുടെ അനുയായികളും ഒന്നിക്കുമ്പോൾ!

"ഹിന്ദുമത വിശ്വാസികളും മുസ്ലീംമത വിശ്വാസികളും ഒന്നിച്ച് ഈ രാജ്യത്ത് കഴിയാൻ പാടില്ല എന്നത് ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ്. മുസ്ലീം ജനവിഭാഗം പാക്കിസ്താനിലേക്ക് പോകണം, അല്ലെങ്കിൽ രണ്ടാംതരം പൗരന്മാരായി ഈ രാജ്യത്ത് കഴിയണം. ഇത് വിഷലിപ്തമായ മനോഭാവമാണ്."

ഗാന്ധിജിയുടെ വാക്കുകളാണ് മേൽ ഉദ്ധരിച്ചത്. 1947 ഡിസംബറിലാണ് ഗാന്ധിജി ഇങ്ങനെ ആശങ്കപ്പെട്ടത്. ഡി.ജി. ടെൺഡുൽക്കർ രചിച്ച ഗാന്ധിജിയുടെ ആധികാരിക ജീവചരിത്ര ഗ്രന്ഥമായ 'മാഹാത്മ'യിൽ നിന്നാണ് പ്രസ്തുത ഉദ്ധരണി. ഈ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് 1948 ജനുവരി 30-ന് ആ മഹാത്മാവിന്റെ മാറിലേക്ക് നാഥുറാം വിനായക് ഗോഡ്സേ നിറയൊഴിച്ചത്. ഇന്നും നമ്മുടെ രാജ്യത്ത് ആ മാനസികാവസ്ഥയിലുള്ളവർ ശക്തിയാർജിക്കാൻ ശ്രമിക്കുന്നു. അത്തരം വിദ്വേഷ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണ് പുരോഗമനാശയക്കാരായ ഗോവിന്ദ പൻസാരെ, നരേന്ദ്ര ദാബോൽക്കർ, എം.എം. കൽബുർഗി എന്നിവരുടെ വധം. ഭക്ഷണം കഴിച്ചതിന് അടിച്ച് കൊല്ലുന്നതും, ദളിതനെ ചുട്ട് കൊല്ലുന്നതും, അവർക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതും ഗാന്ധിവധത്തിലെത്തിച്ച മാനസികാവസ്ഥയുടെ ലക്ഷണങ്ങളാണ്.

ഈ ദുഷ്ടശക്തികൾക്കെതിരായുള്ള പോരാട്ടത്തിലാണ് ഇന്ത്യയൊട്ടാകെ ഇടത്പക്ഷ കക്ഷികൾ ഏർപ്പെട്ടിരിക്കുന്നത്. ശ്രീനാരായണ ദർശനങ്ങളുടെ പിന്തുടർച്ചയെന്ന നിലയിൽ കമ്മ്യൂണിസ്റ്റ്കാരും മറ്റ് നവോത്ഥാന നായകന്മാരും ഊട്ടി ഉറപ്പിച്ച മതനിരപേക്ഷ ബോധം തകർക്കാനാണ് കേരളത്തിൽ വെള്ളാപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാടാണ് ശ്രീ ഉമ്മൻ ചാണ്ടിയും കൂട്ടരും സ്വീകരിക്കുന്നത്. പരസ്പരം കൂടിയാലോചിച്ച് സ്ഥാനാർത്ഥി നിർണയം നടത്തുന്ന ജുഗുപ്സാവഹമായ പ്രവർത്തനങ്ങളിലാണ് യു.ഡി.എഫ് -ഉം ബി.ജെ.പി-യും ഏർപ്പെട്ടിരിക്കുന്നത്. അക്കൗണ്ട് തുറക്കാൻ സഹായിക്കണമെന്നും തുടർഭരണത്തിന് ഇടയാക്കണമെന്നും ഉള്ള കരാർ ജോറാകുന്നുണ്ട്. തിരുവനന്തപുരത്ത് ശ്രീശാന്തിനെ നിറുത്തി സഹായം ! വി.വി.രാജേഷിനെ ചുമന്ന് മാറ്റി സഹായം ! രമേശ് ചെന്നിത്തലയ്ക്കെതിരെ അപ്രധാന സ്ഥാനാർത്ഥി ! സുഭാഷ് വാസുവിന് തിരിച്ച് സഹായം ! കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവിശുദ്ധ കൂട്ട്കെട്ടിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. പഴയ കോലീബി സഖ്യം!

ഇത് കേരളമാണ്. ശ്രീനാരായണ ദർശനങ്ങളും നവോത്ഥാന മൂല്യങ്ങളും ഉഴുതുമറിച്ച മണ്ണ്. "ഇവിടെത്തെ കാറ്റാണ് കാറ്റ്". മത സാഹോദര്യത്തിന്റെ കാറ്റ്. ഇവിടെ നിലനിൽക്കുന്ന മത സൗഹാർദ്ദത്തെ തച്ചുതകർക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല