22 November 2017, Wednesday

നമുക്ക് നാമേ പണിവത് നാകം, നരകവുമതുപോലെ

ആടിമുകില്‍മാല കുടിനീരുതിരയുന്നു.

ആതിരകള്‍ കുളിരു തിരയുന്നൂ;
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നൂ;
ആറുകളൊഴുക്ക് തിരയുന്നൂ!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!

മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി എഴുതിയ വരികളാണ് ഇവ. ഭൂമിക്ക് ഒരു ചരമഗീതമായാണ് ഈ വരികള്‍ ഉള്‍പ്പെടുന്ന കവിത ഒ.എന്‍.വി രചിച്ചതെങ്കിലും അദ്ദേഹത്തിന്‍റെ ഈ വരികളില്‍ പ്രതിഫലിക്കുന്നത് കേരളമാണ്.
മുമ്പൊരിക്കലും ഉണ്ടാകാത്തതരത്തില്‍ അന്തരീക്ഷതാപം കേരളത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. കുടിവെള്ളക്ഷാമം അതിരൂക്ഷം. വരള്‍ച്ച ജീവജാലങ്ങളെയും സസ്യജാലങ്ങളേയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇത് പ്രകൃതിയുടെ മാത്രം സൃഷ്ടിയല്ല. ഈ ദുരവസ്ഥയ്ക്ക് മനുഷ്യരും പ്രധാന പ്രതിപ്പട്ടികയില്‍ നില്‍ക്കേണ്ടവരാണ്.

ജലത്തിന്‍റെ കാര്യം മാത്രം ഇപ്പോള്‍ എടുക്കാം. വെള്ളം പാഴാക്കിക്കളയുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന ഒരു സംസ്കാരമാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുന്നത്. ഒരു പരിധിവരെ നിയമങ്ങള്‍കൊണ്ട് ചില ഗുണപരമായ മാറ്റങ്ങള്‍ വരുത്താനാകും. തമിഴ്നാട്ടിലേപ്പോലെ അതിശക്തമായ ജലസംരക്ഷണനിയമങ്ങള്‍ ഇവിടെയും നടപ്പാക്കേണ്ടതുണ്ട്. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരും. പക്ഷേ നിയമം മൂലം സംസ്കാരം സൃഷ്ടിക്കാനാവില്ല. വ്യാപകമായ പ്രചാരണവും ജനപങ്കാളിത്തവും ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. വിദ്യാഭ്യാസസമ്പ്രദായം തന്നെ ഒരു പുതിയ ജലസംസ്കാരത്തിന് അടിത്തറയിടുന്ന രീതിയില്‍ ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. നമ്മുടെ കായലുകളും നദികളും മലിനപ്പെടുത്താതെ സംരക്ഷിക്കുന്നതിന് ശക്തമായ നടപടിmകളുണ്ടാവും. ഇത് സംബന്ധിച്ചുണ്ടായ മുന്‍ പ്രഖ്യാപനങ്ങളെല്ലാം ഏട്ടിലെ പശുപോലെയായി.

എന്‍റെ ഫേസ്ബുക്ക്‌ പേജില്‍ നിരവധി സുഹൃത്തുക്കള്‍ കഴിഞ്ഞദിവസം പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് വിശദമായി എഴുതുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി. അവിടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ഒരു കുടുംബയോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തു.ചില വോട്ടര്‍മാര്‍ തങ്ങള്‍ നേരിടുന്ന കുടിവെള്ളക്ഷാമത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു. “നിങ്ങള്‍ക്ക് വീടുണ്ടല്ലോ” എന്ന് പറഞ്ഞ് കുടിവെള്ള പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുമാറിയെന്നാണ് എന്റെ ഫേസ്ബുക്ക്‌ സുഹൃത്തുക്കള്‍ പറയുന്നത്. ഇങ്ങനെ ഒരു സംഭവം നടന്നതായി എനിക്ക് നേരിട്ട് വിവരമില്ല. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ആഗ്രഹം.

ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ നാമെല്ലാം ഉത്തരവാദികളാണ്. മഹാകവി പാടിയത് പോലെ “നമുക്ക് നാമേ പണിവത് നാകം, നരകവുമതുപോലെ”.