26 May 2018, Saturday

VS Achuthanandan's blog

നെല്ലുല്പാദനം വർദ്ധിപ്പിക്കണം..

ഇപ്പോള്‍ നമുക്കാവശ്യമായ അരിയില്‍ ഏതാണ്ട് അഞ്ചില്‍ നാല് ഭാഗവും പുറത്തുനിന്നും കൊണ്ടുവരികയാണ്. അതായത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമൊക്കെ. തമിഴ്‌നാട്ടിലും നെല്ലുല്പാദനം കുറയുകയാണ്. ആന്ധ്രയിലാണെങ്കില്‍ കര്‍ശനമായ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ ഇങ്ങോട്ടുള്ള അരി വരവ് വല്ലാതെ കുറയുകയാണ്. അതുകൊണ്ട് നമുക്കാവശ്യമായ അരി എല്ലാകാലത്തും മറുനാട്ടുകള്‍ ഉല്പാദിപ്പിച്ചുകൊള്ളും എന്നും, കുറഞ്ഞ വിലയ്ക്ക് അവര്‍ അരി തന്നുകൊള്ളും എന്നും കരുതുന്നത് മൗഢ്യമായിരിക്കും. നെല്‍പ്പാടങ്ങളുടെ വിസ്‌തൃതി നടുക്കുംവിധം കുറയുകയാണെന്ന റിപ്പോര്‍ട്ടിനൊപ്പം തെല്ല് ആശ്വാസം പകരുന്ന ഒരു കാര്യമുള്ളത് ഉല്പാദനക്ഷമതയില്‍ അല്പം വളര്‍ച്ചയുണ്ടെന്നതാണ്. പത്താം പദ്ധതിക്കാലത്തെ അവസാന നാല് വര്‍ഷത്തോളം ഒരു ഹെക്‌ടറില്‍നിന്നും 2.2 ടണ്‍ നെല്ലാണ് ഉല്പാദിപ്പിക്കപ്പെട്ടതെങ്കില്‍ ഉല്പാദനം 2.44 ടണ്‍ ആയി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. ഇതൊരു ശുഭസൂചകമായി കണക്കാക്കി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം.

മറുനാടന്‍ മലയാളികളുടെ ക്ഷേമത്തിന്

നമ്മുടെ സഹോദരങ്ങളായ പ്രവാസി മലയാളികളുടെ വിയര്‍പ്പില്‍ നിന്നാണ് നിരവധി ഗള്‍ഫ് രാജ്യങ്ങളും മറ്റും വികസിച്ചത് എന്നതാണ് പരമാര്‍ത്ഥം. ഏറ്റവും നന്നായും ആത്മാര്‍ത്ഥമായും ബുദ്ധിപൂര്‍വ്വവും ജോലി ചെയ്യുന്നവരാണ് മലയാളികള്‍ എന്ന കീര്‍ത്തിയുണ്ട്. എത്തിപ്പെടുകയും പ്രവൃത്തിയെടുക്കുകയും ചെയ്യുന്ന നാടുകളിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുകയും അതേസമയം സ്വന്തം സാംസ്‌കാരിക തനിമ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് മലയാളികള്‍. മറുനാട്ടില്‍ പോയി തൊഴിലെടുത്ത് ജീവിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെയുണ്ട്. ജന്മനാട്ടിന്റെ വികസനത്തില്‍ ഏറ്റവുമധികം താല്പര്യമെടുക്കുന്നവരുമാണ് പ്രവാസി മലയാളികള്‍. നമ്മുടെ വാര്‍ഷിക പദ്ധതിയുടെ അഞ്ച് മടങ്ങിലധികം സംഖ്യ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. നാട്ടില്‍ വ്യവസായ - വാണിജ്യ സംരംഭങ്ങളില്‍ മുതല്‍മുടക്കുന്നതിലും പ്രവാസി മലയാളികള്‍ മുന്‍പന്തിയിലാണ്.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോര്‍ക്ക വകുപ്പും നോര്‍ക്കാ റൂട്‌സ് കമ്പനിയും വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 'സാന്ത്വനം' എന്ന പേരില്‍ ചികിത്സാ സഹായപദ്ധതി അതില്‍ പ്രധാനമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷമാണ് സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കിയതും വിപുലപ്പെടുത്തിയതും. എന്നാല്‍ വിപുലമായ ഫണ്ടും ക്ഷേമനിയമവും ഇല്ലെന്നത് ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ മലയാളികളുടെ ചിരകാലാഭിലാഷമായ ക്ഷേമനിധി നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.

18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് തികഞ്ഞിട്ടില്ലാത്തതുമായ മറുനാടന്‍ മലയാളിക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയും. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്‌ത ശേഷം തിരിച്ചുവന്നവര്‍ക്കും അംഗത്വത്തിന് അവകാശമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പ്രതിമാസം 300 രൂപയും മടങ്ങി വന്നവരാണെങ്കില്‍ നൂറ് രൂപയും ക്ഷേമനിധിയിലേക്ക് പ്രതിമാസം അംശദായമായി അടക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ അടക്കേണ്ട അംശദായം നൂറ് രൂപയാണ്. ഓരോ വര്‍ഷത്തിലും പിരിഞ്ഞുകിട്ടുന്ന അംശദായത്തിന്റെ രണ്ട് ശതമാനം തുക ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും.

വികസനത്തിലേക്കുള്ള കാഴ്ചപ്പാട്

യു.ഡി.എഫിന്റെ ഭരണകാലത്ത് ആയിരത്തഞ്ഞൂറ് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ക്ഷേമപെന്‍ഷനുകളെല്ലാം മരവിപ്പിക്കുന്ന സ്ഥിതി വന്നു. നിയമനിരോധനം നടപ്പാക്കി പതിനായിരക്കണക്കിന് തസ്‌തികകള്‍ ഇല്ലാതാക്കി. ഫലത്തില്‍ കേരളം നേടിയെടുത്ത നന്മകളെല്ലാം - നേട്ടങ്ങളെല്ലാം തകര്‍ത്ത്, സംസ്ഥാനത്തെ മുച്ചൂടും മുടിച്ച ഒരു ഭരണമാണ് 2001-2006 ല്‍ കേരളത്തില്‍ നടന്നത്.ആന കയറിയ കരിമ്പിന്‍തോട്ടംപോലെയാക്കിയ ആ അവസ്ഥയില്‍ നിന്നും കേരളത്തെ മുക്തമാക്കാനും വികസന-ക്ഷേമരംഗങ്ങളില്‍ ഒരു കുതിപ്പുണ്ടാക്കാനുമാണ് കഴിഞ്ഞ 57 മാസമായി എല്‍.ഡി.എഫ്. ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കേരള പുരോഗതിയും ഒന്നാം മന്ത്രിസഭയും

കോണ്‍ഗ്രസ്സിലെ ഇടതുപക്ഷം, അതിന്റെ ഭാഗമായി 1936 ല്‍ രൂപപ്പെട്ട കര്‍ഷക പ്രസ്ഥാനം, 1937ല്‍ രൂപീകൃതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി, 1940ല്‍ രൂപം കൊണ്ട കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം - ജന്മിത്തത്തിനും നാടുവഴിത്തത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍, വ്യവസായ തൊഴിലാളികള്‍ നാല്പതുകളുടെ തുടക്കം മുതല്‍ നടത്തിയ സമരങ്ങള്‍, സാമ്രാജ്യത്വത്തിനും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന ത്യാഗോജ്ജ്വല പോരാട്ടങ്ങള്‍, പ്രത്യയശാസ്ത്ര രംഗത്ത് നടന്ന സമരങ്ങള്‍ - ഇവയുടെയെല്ലാം ഫലമായാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട അവസ്ഥയെ കുടഞ്ഞെറിഞ്ഞ് കേരളം പുരോഗതിയിലേക്ക് കുതിച്ചത്.

Pages

Subscribe to RSS - VS Achuthanandan's blog