23 May 2018, Wednesday

പത്രക്കുറിപ്പുകൾ

സിപിഐ(എം) സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മല്‍സരിക്കുന്ന സിപിഐ(എം) സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ സിറ്റിങ്ങ് എംപിമാരായ പി കരുണാകരന്‍, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് എന്നിവര്‍ മല്‍സരിയ്ക്കും. കൊല്ലത്ത് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് സ്ഥാനാര്‍ഥി. മറ്റ് സ്ഥാനാര്‍ഥികള്‍: പി കെ ശ്രീമതി(കണ്ണൂര്‍), എ എന്‍ ഷംസീര്‍(വടകര), എ വിജയരാഘവന്‍(കോഴിക്കോട്), പി കെ സൈനബ(മലപ്പുറം), സി ബി ചന്ദ്രബാബു(ആലപ്പുഴ).

ആര്‍എസ്പി കേന്ദ്രനിലപാട് ഇടത് ഐക്യത്തിന്: അബനി റോയ്

രാജ്യത്താകെ ശക്തവും വിശാലവുമായ ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയാണ് ആര്‍എസ്പി നിലകൊള്ളുന്നതെന്ന് കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും മുന്‍ എംപിയുമായ അബനി റോയ്. യുഡിഎഫില്‍ ചേരാനുള്ള തീരുമാനത്തില്‍നിന്ന് സംസ്ഥാന ഘടകത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറല്ല. നേരത്തെ ജനറല്‍ സെക്രട്ടറി സംസ്ഥാന നേതൃത്വത്തെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെട്ടു. സംസ്ഥാന ഘടകത്തിന്റെ നിലപാട് കേന്ദ്രകമ്മറ്റി ചര്‍ച്ചചെയ്യുമെന്നും അബനി റോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഡോ. ബെന്നറ്റ് പി എബ്രഹാമും മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും തൃശൂരില്‍ സി എന്‍ ജയദേവനും വയനാട്ടില്‍ സത്യന്‍ മൊകേരിയും മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിനെതിരെ രണ്ടു തവണ ഉജ്വലവിജയം നേടിയ യുവതാരമാണ് മാവേലിക്കരയില്‍ മത്സരിക്കുന്ന ചെങ്ങറ സുരേന്ദ്രന്‍. പന്തളം എന്‍എസ്എസ് കോളേജില്‍ കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം നേടിയ ചെങ്ങറ എഐവൈഎഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്.

എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ 15ന് തുടങ്ങും

ഇടതുപക്ഷ ജനാധിപത്യമുന്നണി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ ഈ മാസം 15, 16, 17 തീയതികളില്‍ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 24നകം നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകളും പഞ്ചായത്ത്/ലോക്കല്‍, ബൂത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കും. വിവിധ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിനോട് സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐഎന്‍എല്‍, ജെഎസ്എസ്, ഫോര്‍വേഡ് ബ്ലോക്ക്, നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികളെ എല്‍ഡിഎഫ് കണ്‍വന്‍ഷനുകളില്‍ സഹകരിപ്പിക്കും.

കരട് വിജ്ഞാപനം: കേന്ദ്രസര്‍ക്കാര്‍നടപടി വഞ്ചന- പിണറായി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി കഴിഞ്ഞ നവംബര്‍ 13ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍ദിഷ്ട കരട് വിജ്ഞാപനം മലയോര ജനതയെയും കേരളത്തെയും വഞ്ചിക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. നവംബര്‍ 13ന്റെ വിജ്ഞാപനം റദ്ദാക്കാതെ കരട് വിജ്ഞാപനം ഇറക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ചെപ്പടിവിദ്യയാണ്. ഇതിനുള്ള അനുമതിയാണ് തെരഞ്ഞെടുപ്പു കമീഷന്‍ നല്‍കിയിരിക്കുന്നത്.

ആര്‍എസ്പി നേതാക്കളുടെ നിലപാട് വഞ്ചന: എല്‍ഡിഎഫ്

യുഡിഎഫിലേക്ക് പോകാനുള്ള കേരളത്തിലെ ആര്‍എസ്പി നേതാക്കളുടെ തീരുമാനം ഇടതുപക്ഷ ഐക്യത്തെയും തൊഴിലാളി രാഷ്ട്രീയത്തെയും വഞ്ചിക്കുന്നതാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം വിലയിരുത്തിയതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യക്തിപരമായ സ്ഥാനമാനങ്ങള്‍ക്കായി സ്വന്തം പാര്‍ടിയെ കോണ്‍ഗ്രസിന് ബലികൊടുക്കാനുള്ള നീക്കത്തിനാണ് ഇവര്‍ കൂട്ടുനില്‍ക്കുന്നത്. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസുമായി എങ്ങനെ യോജിച്ചുപോകാന്‍ പറ്റുമെന്ന് ഇവര്‍തന്നെയാണ് വ്യക്തമാക്കേണ്ടത്.

ഈ മാതൃക സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ: വിഎസ്

തിരു: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ ഒരു പാവപ്പെട്ട യുവതിയെ ഭീകരമായി ബലാല്‍സംഗം ചെയത് കൊലപ്പെടുത്തിയ കേസിലെ പൊലീസ് അന്വേഷണം പോലും മരവിപ്പിച്ച കോണ്‍ഗ്രസിന് ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നടത്തിയതുപോലെ ഒരു അന്വേഷണം നടത്താന്‍ ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു.

ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ടിക്കാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ ഈ പാര്‍ടിയില്‍ ഉണ്ടാവില്ല എന്ന പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന പാര്‍ടി നടപ്പിലാക്കിയിരിക്കുകയാണെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്:വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്‌.കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടികളിലൂടെ മലയോര ജനതയ്‌ക്ക്‌ ഉണ്ടായിട്ടുള്ള ആശങ്കകളെല്ലാം പരിഹരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞ്‌ നടന്നത്‌.

തെരഞ്ഞെടുപ്പിനുമുമ്പേ മതനിരപേക്ഷ ഐക്യം: പിണറായി

ബിജെപി, കോണ്‍ഗ്രസ് ഇതര മതനിരപേക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ യോജിച്ച് നീങ്ങുമെന്ന സൂചന ദേശീയ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് അമ്പലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടക്കം പ്രതിപക്ഷ പ്രതിഷേധത്തോടെ

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. സോളാര്‍ തട്ടിപ്പിലെ പ്രധാന പങ്കാളിയായ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടുക, പാചകവാതക വിലവര്‍ധന പിന്‍വലിക്കുക, സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് പിന്‍വലിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോള്‍ത്തന്നെ ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമാന്തര പ്രസംഗം നടത്തി. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാട്ടി, മുദ്രാവാക്യം മുഴക്കി സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചു.

Pages

Subscribe to RSS - പത്രക്കുറിപ്പുകൾ