27 March 2019, Wednesday

സോണിയയും അന്നാ ഹസാരെയുടെ സത്യഗ്രഹവും

ദില്ലിയില്‍ നിന്നും വന്ന് ഹെലികോപ്റ്ററില്‍ കയറി ഹരിപ്പാട്ടും തൃശൂരിലും കോഴിക്കോട്ടും ഇറങ്ങി സോണിയാ ഗാന്ധി പ്രസംഗിച്ച് പോയി. മുമ്പ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ഹെലികോപ്റ്ററില്‍ വന്നിറങ്ങുമ്പോള്‍ വലിയ ജനക്കൂട്ടത്തിന്റെ ആരവം പതിവായിരുന്നു. ഹെലികോപ്റ്ററായിരുന്നു അതിന്റെ ഒരു ആകര്‍ഷക ഘടകം. എന്നാല്‍ ഹെലികോപ്റ്റര്‍ അത്ര വലിയ ആകര്‍ഷക ഘടകമൊ അഥവാ അതില്‍ പുതുമയോ ഇല്ലാത്തതുകൊണ്ടും കൂടിയാവണം സോണിയാ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ സദസ്സിന്റെ ചിത്രം മിക്കവാറും ചാനലുകള്‍ക്ക് മറച്ചുപിടിക്കേണ്ടിവന്നത്. മാസങ്ങളായി നടത്തിവന്ന യു ഡി എഫ് തരംഗ പ്രചാരണം വോട്ടെടുപ്പടുത്തതോടെ അതിദയനീയമായ പതനത്തിലെത്തുന്നതിന്റെ വിളംബരമായല്ലോ ഹരിപ്പാട്ടെ ഒഴിഞ്ഞ കസേരകള്‍; തൃശൂരിലെയും കോഴിക്കോട്ടെയും മേഖലാ റാലികളുടെ പരാജയവും.

അതെല്ലാം യു ഡി എഫിന്റെ ആഭ്യന്തര കാര്യമാണെങ്കിലും ജനമനസ്സിന്റെ സൂചകം കൂടിയാണ്. സോണിയാ ഗാന്ധി ദില്ലിയില്‍ നിന്ന് വരുമ്പോള്‍ അവിടെ പരിണതപ്രജ്ഞനായ ഗാന്ധിയന്‍ അന്നാ ഹസാരെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന് തുടക്കം കുറിച്ചിരുന്നു. മഹാത്മാഗാന്ധി ലോകത്തിന് കാട്ടിക്കൊടുത്ത സവിശേഷമായ സമരമാര്‍ഗമാണ് സത്യഗ്രഹം. കേന്ദ്രത്തില്‍ അഴിമതി കൊടികുത്തി വാഴുന്ന അഭിശപ്ത സന്ദര്‍ഭത്തിലാണ് അഴിമതിക്കെതിരെ ലോക്പാല്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹസാരെ സത്യഗ്രഹം തുടങ്ങിയത്. ഹസാരെ ഉന്നയിക്കുന്ന ആവശ്യമെന്തെന്ന് ചെവിക്കൊള്ളുന്നതിന് പകരം അസമയത്താണ് ഹസാരെയുടെ സമരമെന്ന് പുച്ഛിക്കുകയാണ് സോണിയാ ഗാന്ധിയുടെ വക്താവ് ജയന്തി നടരാജന്‍ ചെയ്തത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ രാവും പകലും എന്ന വ്യത്യാസമില്ലാതെ സമരം നടത്തി അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം കൈവരിച്ച ഒരു നാട്ടില്‍ നിന്നുകൊണ്ടാണ് അതിനെക്കുറിച്ചൊന്നും അറിയാതെ ഹസാരെയുടെ സമരം അനവസരത്തിലാണെന്ന് സോണിയാഗാന്ധിയും കൂട്ടരും പറയുന്നത്.

രാജ്യത്താകമാനം ഹസാരെയുടെ നിരാഹാര സത്യഗ്രഹം വലിയ ചലനം സൃഷ്ടിച്ചിരിക്കെയാണ് സോണിയാഗാന്ധി കേരളത്തില്‍ മൂന്നു യോഗത്തില്‍ സംബന്ധിച്ച് സംസാരിച്ചത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യ സംരക്ഷണ പ്രസ്ഥാനത്തിന്റെ ഓര്‍മയുണര്‍ത്തുന്ന ഐതിഹാസിക സമരമായി അത് മാറുകയാണ്. എന്നിട്ടും അതിനെക്കുറിച്ച് സോണിയ ഉരിയാടിയില്ല. പകരം അവര്‍ പറഞ്ഞത് മാഫിയകളാണ് കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നതെന്നും അഴിമതിയാണിവിടെ നടക്കുന്നതെന്നുമാണ്. അഴിമതികളുടെ ഘോഷയാത്രയ്ക്ക് തന്നെ നേതൃത്വം നല്‍കി ഭാരതത്തെ ലോകത്തിനു മുമ്പില്‍ പരിഹാസപാത്രമാക്കിയ യു പി എ അധ്യക്ഷ കേരളത്തില്‍ വന്ന് ഇത്തരം അസംബന്ധം പുലമ്പുന്നത് മുഴുവന്‍ കേരളീയരോടുമുള്ള വെല്ലുവിളിയാണ്. പ്രഖ്യാപിച്ച് നാല്‍പത് വര്‍ഷമായിട്ടും ലോക്പാല്‍ നിയമം പാസാക്കാതെ ഉരുണ്ടുകളിക്കുന്നതെന്തുകൊണ്ടാണെന്നും നിര്‍ദിഷ്ട ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ ഒഴിവാക്കുന്നതിനെന്താണ് ന്യായീകരണമെന്നുമാണ് ഹസാരെ ചോദിച്ചത്. അതിന് മറുപടി പറയുന്നതിന് പകരം കേരളത്തില്‍ മാഫിയകള്‍ ഭരണത്തെ നിയന്ത്രിക്കുന്നുവെന്ന കള്ളം എഴുന്നള്ളിച്ച് തിരിച്ചുപോവുകയാണ് സോണിയാഗാന്ധി ചെയ്തത്. തന്റെ മുന്നണിയുടെ രണ്ട് നേതാക്കള്‍ കട്ടതിന് പിടിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണെന്ന കാര്യം എന്തേ അവര്‍ വിസ്മരിച്ചു? ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ 2 ജി സ്‌പെക്ട്രം, രണ്ട് ലക്ഷം കോടിയുടെ ഐ എസ് ആര്‍ ഒ എസ് ബാന്‍ഡ് കരാര്‍, എഴുപതിനായിരം കോടിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ആയിരക്കണക്കിന് കോടികളുടെ ആദര്‍ശ് ഫ്‌ളാറ്റ് എന്നിങ്ങനെയുള്ള കുംഭകോണങ്ങളുടെ സര്‍ക്കാരിന്റെ രാഷ്ട്രീയകാര്യ അധ്യക്ഷ മാഫിയകളെക്കുറിച്ച് പറയുന്നത് നല്ല തമാശയാണ്.

കേരളത്തില്‍ കര്‍ഷകര്‍ ദുരിതത്തിലാണ് എന്നും എ ഐ സി സി അധ്യക്ഷ പ്രസ്താവിച്ചു. സോണിയാഗാന്ധിയെക്കൊണ്ട് ഇങ്ങനെ പറയിച്ച് അത്രയും പരിഹാസത്തിനിരയാക്കേണ്ടിയിരുന്നില്ല, കെ പി സി സിയിലെ തന്റെ അനുയായികള്‍ ഭരിക്കുമ്പോഴാണ് കേരളത്തില്‍ 1500 ല്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തതെന്നും എല്‍ ഡി എഫ് ഭരണം വന്നശേഷം കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതായെന്നും കേന്ദ്ര ഗവണ്‍മെന്റിന്റെ സ്ഥിതിവിവരക്കണക്ക് നോക്കിയിരുന്നെങ്കില്‍ സോണിയയ്ക്ക് മനസ്സിലാകുമായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യയും രൂക്ഷമായി തുടരുകയാണെന്നും കേരളത്തിലാണ് പ്രതിസന്ധി പരിഹരിക്കപ്പെട്ടതെന്നും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. എന്നാല്‍ അസത്യപ്രചാരണം നടത്തുക എന്ന അജണ്ടയോടെ വന്ന യു പി എ അധ്യക്ഷയ്ക്ക് അത്തരം കണക്കില്‍ എന്തു കാര്യം?

കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലും ഛത്തീസ്ഗഡിലുമെല്ലാം കര്‍ഷക ആത്മഹത്യ പെരുകുകയാണ്. സോണിയാഗാന്ധിയുടെ മകന്‍ രാഹുല്‍ഗാന്ധി വിദര്‍ഭയിലെ കര്‍ഷക സ്ത്രീ കലാവതിയെപ്പറ്റി ഏറെ പറയുകയുണ്ടായി. കലാവതിയെപ്പോലുള്ളവരാണ് ഇന്ത്യയുടെ അഭിമാനം എന്നും രാഹുല്‍ പറഞ്ഞു. ആണവ കരാറുകൊണ്ടുണ്ടാകുന്ന നേട്ടം വിദര്‍ഭയിലെ കലാവതിയെപ്പോലുള്ളവര്‍ക്ക് നല്ല ഭാവിയുണ്ടാക്കും എന്ന് രാഹുല്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചു.

ആ കലാവതിയുടെ മകളുടെ ഭര്‍ത്താവ് 25 കാരനായ സഞ്ജയ് കടസ്‌ക്കല്‍ കഴിഞ്ഞ ഡിസംബര്‍ 17 ന് ആത്മഹത്യ ചെയ്തു. നാലര ഏക്കര്‍ കൃഷിസ്ഥലവും ഒരു ഓട്ടോറിക്ഷയുമുള്ള കൃഷിക്കാരനായിരുന്നു കടസ്‌ക്കല്‍. കടക്കെണിയും വിലത്തകര്‍ച്ചയും കാരണമാണ് കടസ്‌ക്കല്‍ ആത്മഹത്യ ചെയ്തത്. വിദര്‍ഭയില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 55 കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ഓരോ കൊല്ലവും അയ്യായിരത്തോളംപേര്‍ ആ ഒരു ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്യുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശാണല്ലോ രാജ്യത്തെ ഏറ്റവും വലിയ കാര്‍ഷികമേഖല. നമുക്ക് അരിയും മുളകുമെല്ലാം തരുന്നത് അവരാണ്. അവിടെ 2008 ല്‍ പതിനാറായിരത്തില്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. 1999 നുശേഷം 12 വര്‍ഷത്തിനിടയില്‍ രണ്ട് ലക്ഷത്തി അമ്പത്തോരായിരത്തി മുന്നൂറ്റി നാല്‍പ്പത്തിമൂന്ന് കൃഷിക്കാരാണ് ആന്ധ്രയില്‍ ആത്മഹത്യ ചെയ്തത്.
കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ച 33 ജില്ലകളില്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ മാത്രമാണ് കര്‍ഷക ആത്മഹത്യ ഇല്ലാതായിട്ടുള്ളത്. സോണിയയുടെ വിലാപം ഇന്ത്യയിലെ ബാക്കി 30 ജില്ലകളിലെ കര്‍ഷകര്‍ക്കുവേണ്ടിയായിരുന്നു നടത്തേണ്ടിയിരുന്നത്.

നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് രാജ്യസഭ ബില്‍ പാസാക്കിയതാണ്. ആ ബില്‍ ലോകസഭയില്‍ ഇനിയും അവതരിപ്പിക്കാത്തതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ യു പി എ അധ്യക്ഷയ്ക്ക് ബാധ്യതയുണ്ട്. തദ്ദേശസ്വയംഭരണ സമിതികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം., കേരളത്തില്‍ വന്ന് പ്രസംഗിക്കുമ്പോള്‍ സോണിയ എന്തേ ഇക്കാര്യം മറന്നുപോയി?

കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ ബില്‍ പാസാക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ നിലവിലുണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം അട്ടിമറിക്കുകയും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കുകയും പെന്‍ഷന്‍ ഫണ്ട് സ്വകാര്യ കുത്തകകള്‍ക്ക് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്ത് ദശലക്ഷക്കണക്കായ ജീവനക്കാരെ ദ്രോഹിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രധാന ചര്‍ച്ചാവിഷയമായ ഇതേക്കുറിച്ച് സോണിയ എന്തുകൊണ്ട് മൗനം പാലിച്ചു?

സ്വിസ് ബാങ്കില്‍ ഇന്ത്യയിലെ വന്‍കിടക്കാരും കേന്ദ്ര ഭരണകക്ഷിയുമായി ബന്ധപ്പെട്ടവരും നിക്ഷേപിച്ചിട്ടുള്ള ലക്ഷക്കണക്കിന് കോടി രൂപയുടെ വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ സുപ്രിംകോടതി ആശങ്കയും അതിശയവും പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ കൊള്ളയടിച്ച് കേന്ദ്ര ഭരണക്കാരും അവരുടെ തണലില്‍ കഴിയുന്ന മാഫിയകളും നിക്ഷേപിച്ച കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തരുതെന്ന് ശാഠ്യം പിടിക്കുന്നത് സോണിയാഗാന്ധിയും കൂട്ടരുമാണ്. ബോഫോഴ്‌സ് കോഴക്കേസില്‍ മുഖ്യ പ്രതിയായ ക്വട്രോച്ചിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മുന്‍കയ്യെടുത്തത് അദ്ദേഹത്തിന്റെ നാട്ടുകാരിയായ സോണിയയാണ്. സ്വിസ് ബാങ്കിലെ ഇന്ത്യന്‍ അക്കൗണ്ടുകള്‍ അജ്ഞാതമാക്കി വെക്കാന്‍ സോണിയയ്ക്കും കൂട്ടര്‍ക്കും അവരുടേതായ കാരണങ്ങളുണ്ടാവാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകുമോ?

വാസ്തവത്തില്‍ രാജ്യത്തിന്റെ പൊതുസ്ഥിതി അതി ദയനീയമായി തുടരുമ്പോള്‍ ക്ഷേമത്തിന്റെയും വികസനത്തിന്റെയും ഒരു പച്ചത്തുരുത്തായി കേരളം ഉയര്‍ന്നുനില്‍ക്കുകയാണ്. അത് അനുഭവത്തിലുള്ള ജനങ്ങളോടാണ് കേരളത്തില്‍ കൃഷിക്കാര്‍ക്ക് ദുരിതമാണ്, ഇവിടെ വികസനമില്ല, ഇവിടെ അഴിമതിയാണ് എന്നെല്ലാം സോണിയാഗാന്ധി പ്രസംഗിക്കുന്നത്. മുമ്പ് തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം നടന്നപ്പോഴുണ്ടായ തീവെട്ടിക്കൊള്ളയാണിപ്പോള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമെന്നും കെ പി സി സി നിര്‍വാഹകസമിതി അംഗം തന്നെ പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡന്റിനുമെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരിക്കുകയാണെന്നും പത്രത്തില്‍ വായിച്ചെങ്കിലും വേണ്ടിയിരുന്നു പ്രബുദ്ധ കേരളത്തില്‍ വന്ന് പ്രസംഗിക്കാന്‍. സുനാമി ഫണ്ടുപയോഗിച്ച് കേരളത്തില്‍ നടത്തിയ സമ്പൂര്‍ണ തീരദേശ വികസനപദ്ധതി മനസ്സിലാക്കാതെ അനുയായികള്‍ പറഞ്ഞുകേട്ട ദുരാരോപണം ഉന്നയിക്കുകയായിരുന്നു യു പി എ അധ്യക്ഷ. തീരദേശജനത ഈ ദുരാരോപണത്തിന് വോട്ടിലൂടെ മറുപടി പറഞ്ഞുകൊള്ളും.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരണം മാത്രം നടന്നതിനാല്‍ സാമൂഹ്യനീതിയില്ലാതെ, മാനവ വികസനമില്ലാതെ, അധഃപതനത്തില്‍ കഴിയുന്ന ഏതോ സംസ്ഥാനത്താണ് താന്‍ നില്‍ക്കുന്നതെന്ന മൗഢ്യംകൊണ്ടായാലും പ്രബുദ്ധമായ രാഷ്ട്രീയാന്തരീക്ഷമുള്ള കേരളത്തില്‍ വന്ന് അസത്യപ്രചാരണം നടത്തുന്നത് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ഭൂഷണമാണോ? ക്യാബിനറ്റ് റാങ്കുള്ളതും ഫലത്തില്‍ പ്രധാനമന്ത്രിയെയും നിയന്ത്രിക്കുന്നതുമായ യു പി എ അധ്യക്ഷയ്ക്ക് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന ഭൂഷണല്ല. ജനങ്ങള്‍ അത് മുന്‍കൂട്ടി തിരിച്ചറിഞ്ഞുവെന്നാണ് ഹരിപ്പാട്ടും തൃശൂരും കോഴിക്കോട്ടും നടന്ന യു ഡി എഫ് മേഖലാ റാലികളിലെ ശുഷ്ക ജനപങ്കാളിത്തം തെളിയിക്കുന്നത്.

Comments

ഏതെങ്കിലും തട്ടുകടയിലോടി കയറി ഒരു പരിപ്പുവട കഴിച്ചിട്ട് ആയിരത്തിന്റെ നോട്ടും കൊടുത്ത് ബുള്ളറ്റ് പ്രൂഫ് കാറില്‍ കയറി മുന്തിയതരം റിസോര്‍ട്ടിലെ എ.സി. മുറിയില്‍ സുഖമായുറങ്ങുന്ന ഇത്തരം നാണം കെട്ട, വില കുറഞ്ഞ നമ്പറുകള്‍ എഴുത്തും വായനയുമറിയാത്തവര്‍ താമസിക്കുന്ന വടക്കേയിന്‍ഡ്യയിലെ ഏതെങ്കിലും കുഗ്രാമങ്ങളില്‍ ഒരു പക്ഷെ നടക്കുമായിരിക്കും. അല്ലാതെ ഇത്തരം തറ നമ്പറുകള്‍ കേരളത്തില്‍ പയറ്റിയാല്‍ കൈനീട്ടം പോലും വില്‍കില്ലാ എന്നു ശ്രീ.രാഹുല്‍ ഗാന്ധിക്ക് എന്തേ ആരും പറഞ്ഞു കൊടുക്കാത്തത്. ആയിരക്കണക്കിനു കോടി രൂപ കട്ടുമുടിച്ച കള്ളന്മാരെ അവസാന നിമിഷം വരെ ന്യായീകരിക്കുകയും,സംരക്ഷിക്കുകയും ഒടുവില്‍ താനും കൂടി അകത്താവുമെന്ന സ്ഥിതിയെത്തിയപ്പോള്‍ എല്ലാം രാജയുടെ പിടലിയില്‍ വച്ചുകൊടുത്തിട്ട് എനിക്കു തെറ്റു പറ്റിപ്പോയി എന്നു വിലപിച്ച ഒരു പ്രധാനമന്ത്രിയാണു നൂറ്റിഇരുപത്തൊന്നു കോടിജനങ്ങളെ ഭരിക്കുന്നത്. തിഹാര്‍ ജയിലില്‍ ഗോതമ്പുണ്ട തിന്നു കഴിയുന്ന രാജയും എനിക്കു തെറ്റുപറ്റിപ്പോയെന്നു പറഞ്ഞാല്‍ കോടതി വെറുതെ വിടുമോ ആവോ!! ഇതു കൊണ്ടാണു ഇത്തരം ആളുകള്‍ വിമാനത്തിലും, ഹെലിക്കോപ്റ്ററിലുമൊക്കെ വന്നിട്ട് ഒഴിഞ്ഞ കസേരയേയും, മൈതാനത്തു മേഞ്ഞു നടക്കുന്ന കാളയേയും,പോത്തിനേയുമൊക്കെ നോക്കി പ്രസംഗിക്കേണ്ടി വരുന്നത്. ഒരു ജനകീയ നേതാവായ ശ്രീ.അച്ചുതാനന്ദനെ കൂട്ടമായി പുലഭ്യം പറഞ്ഞതാണു യു.ഡി.എഫ് നേതാക്കള്‍ക്കു നേരേ ജനങ്ങള്‍ പുറംതിരിഞ്ഞു നില്‍കാന്‍ കാരണം.

അനീതിക്കും അധര്‍മത്തിനുമെതിരെ പോരാടുകയും പാവപ്പെട്ടവന്റെ ആശക്കും അഭിലാഷത്തിനും സ്ഥാനം നല്‍കുകയും ചെയ്യുന്നവരേ ജനഹൃദയങ്ങളില്‍ ജീവിക്കൂ എന്ന് ഇന്നലെ കടന്നു വന്ന രാഹുല്‍ അറിയുന്നുണ്ടോ?.

Ak antony keep quite purposly when his colleague are doing curruption inorder to enhance his own image as non-currupt politicain among most of currupt cong. leaders. He resigned many times on political ethics to get better position in his party. If he is concerened about ethics -why not after the Bombay attack.

SMASHING VICTORY FOR LDF wITH 72-76 SEATS. LAALSALAM