18 April 2019, Thursday

അരുവിക്കര

മണ്ഡലം പുനസംഘടനയെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട മണ്ഡലമാണ് അരുവിക്കര നിയോജക മണ്ഡലം. പഴയ ആരന്യാട്, നെടുമങ്ങാട് മണ്ഡലങ്ങളില്‍ നിന്നും ചില ഗ്രാമപഞ്ചായത്തുകള്‍ പുതിയ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കാര്‍ഷികമേഖലക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്. ഇവിടെ തൊഴിലാളികള്‍ക്കിടയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഉറച്ച് അടിത്തറയാണുള്ളത്. ഇത് ഇക്കുറി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
പുതിയതായി രൂപീകരിക്കപ്പെട്ട ഈ നിയോജകമണ്ഡലത്തില്‍ അരുവിക്കര, ആരന്യാട്, തൊളിക്കോട്, വിതുര, കുറ്റിച്ചല്‍, പൂവച്ചല്‍, വെള്ളനാട്, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് അരുവിക്കര നിയോജകമണ്ഡലം.

ഇതില്‍ വെള്ളനാട്, അരുവിക്കര ഗ്രാമപഞ്ചായത്തുകള്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്നും വന്നുചേര്‍ന്നവയാണ്. ബാക്കിയുള്ള പഞ്ചായത്തുകള്‍ പഴയ ആര്യനാട് മണ്ഡലത്തിന്റെ ഭാഗമായിരുന്നു.ഇവയില്‍ തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകള്‍ എല്‍ ഡി എഫ് ഭരണത്തിലാണ്. മണ്ഡല പുനര്‍നിര്‍ണയവും മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

 


ആത്മവിശ്വാസത്തോടെ അമ്പലത്തറ; ജാള്യത്തോടെ കാര്‍ത്തികേയന്‍

 
വിതുര: ജനകീയ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നാടാകെ ചര്‍ച്ചയാകുമ്പോള്‍ അരുവിക്കരയുടെ പോരാട്ടഭൂമിയും ചൂടാകുന്നു. ഇരുപതാണ്ട് പിന്നിടുന്ന പഴയ ആര്യനാട് മണ്ഡലത്തിന്റെ വികസനമുരടിപ്പിന് അന്ത്യംകുറിക്കാന്‍ മുഖം മാറിവന്ന അരുവിക്കരയുടെ അങ്കത്തട്ടിലേക്ക് എല്‍ഡിഎഫ് സാരഥിയായെത്തുന്നത് ആര്‍എസ്പി ജില്ലാ സെക്രട്ടറി അമ്പലത്തറ ശ്രീധരന്‍നായരാണ്. എംഎല്‍എയുടെ അക്കൌണ്ടില്‍നിന്ന് കാരയമായ വികസനങ്ങളൊന്നും നടപ്പാക്കാന്‍ കഴിയാത്തതിന്റെ ജാള്യതയോടെ ജനവിധിതേടി എത്തുന്ന യുഡിഎഫ് സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ ജി കാര്‍ത്തികേയനാണ്.
 
1991 മുതല്‍ ബാലറ്റ് പേപ്പറില്‍ തുടര്‍ച്ചയായി കാര്‍ത്തികേയന് കൈയൊപ്പിട്ട് നല്‍കുന്ന മണ്ഡലത്തിന്റെ വികസനം സമീപമണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വട്ടപ്പൂജ്യം. അഞ്ചുവര്‍ഷത്തെ ജനപക്ഷ സര്‍ക്കാരിന്റെ വികസനങ്ങളല്ലാതെ എംഎല്‍എ ഫണ്ടില്‍നിന്ന് പറയത്തക്ക വികസനങ്ങളൊന്നും ഈ മണ്ഡലത്തിലുണ്ടായിട്ടില്ല. സമീപ മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണം നേടുമ്പോഴും ആര്യനാടിനെ ദീപ്തമാക്കാനുള്ള ഒരു ശ്രമവും എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തിനുമുമ്പ് ഇദ്ദേഹത്തിന്റെ പേര് മണ്ഡലത്തില്‍ പരന്നപ്പോള്‍ എ, ഐ വിഭാഗം പ്രത്യേകം ഗ്രൂപ്പുയോഗം കൂടി പ്രതിഷേധിക്കുകയും ചെയ്തു. 
 
ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ഡലമാണ് അരുവിക്കര. തോട്ടം തൊഴിലാളികളും ആദിവാസികളും വിധിയെഴുതുന്ന കിഴക്കന്‍ മലയോരമണ്ഡലം. 1991ല്‍ കെ പങ്കജാക്ഷനെ പരാജയപ്പെടുത്തിയാണ് കാര്‍ത്തികേയന്‍ സാമാജികനാകുന്നത്. അന്നുതുടങ്ങിയ കൈത്തെറ്റ് തിരുത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. അരുവിക്കര, വെള്ളനാട്, കുറ്റിച്ചല്‍, പൂവച്ചല്‍, ആര്യനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, വിതുര പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 1,62,777 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 76,540 പേര്‍ പുരുഷമാരും 86,237 പേര്‍ സ്ത്രീകളുമാണ്. ആകെ 139 ബൂത്ത്. 30,210 പുതിയ വോട്ടര്‍മാരും ഇക്കുറിയുണ്ട്. കാര്‍ത്തികേയന്‍ അവഗണിച്ച മണ്ഡലത്തിന്റെ വികസനങ്ങള്‍ സാക്ഷാല്‍ക്കരിക്കാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അമ്പലത്തറ ശ്രീധരന്‍നായര്‍ വോട്ടഭ്യര്‍ഥിക്കുന്നത്. ചുമട്ടുതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍, ആദ്യ ജില്ലാ കൌണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നിങ്ങനെ കര്‍മമണ്ഡലങ്ങളിലും സംഘടനാരംഗത്തും ശ്രദ്ധേയനാണ്. ആര്‍എസ്എസിലൂടെ പൊതുരംഗത്ത് എത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി ബിജെപി സാന്നിധ്യമറിയിച്ച് മത്സരരംഗത്തുണ്ട്. 
(ബിമല്‍ പേരയം)
Malayalam