30 April 2017, Sunday

അരൂർ

സ്ഥാനാർത്ഥി

രൂപീകൃതമായതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തിലും ഇടതുപക്ഷത്തോടൊപ്പം നിലനിന്ന മണ്ഡലമാണ് അരൂര്‍. രണ്ട് പ്രാവശ്യം മാത്രമാണ് മണ്ഡലം ഇടതുപക്ഷത്തെ കൈവിട്ടത്. ഇവിടെ നിന്ന് സ്ഥിരമായി മത്സരിച്ചുപോന്നിരുന്നത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. എന്നാല്‍ 1977ല്‍ പി എസ് ശ്രീനിവാസനും പിന്നീട് 2006ല്‍ അഡ്വ. എ എം ആരിഫ് ഗൗരിയമ്മയെ പരാജയപ്പെടുത്തിയതും ചരിത്രം. ഇടതുപക്ഷത്തുനിന്നും പോയ ഗൗരിയമ്മ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയെങ്കിലും ഒരു തവണ മാത്രമാണ് വിജയിക്കാനായത്. യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തെ അരൂര്‍ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ കൈവിട്ടിട്ടില്ല. ഇതിന് പ്രധാന കാരണം ഇവിടുത്തെ ശക്തമായ ഇടതുപക്ഷ വേരോട്ടം തന്നെയാണ്.
 
വിപ്ലവഭൂമികള്‍ അരൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ്. വയലാര്‍, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ എന്നീ എട്ട് പഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു പഴയ അരൂര്‍ നിയോജകമണ്ഡലം. ഈ പഞ്ചായത്തുകളെല്ലാം തന്നെ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍, അരൂക്കുറ്റി, പാണാവള്ളി, പള്ളിപ്പുറം, പെരുമ്പളം, തൈക്കാട്ടുശ്ശേരി എന്നീ പഞ്ചായത്തുകള്‍ അടങ്ങിയതായി പുതിയ അരൂര്‍ മണ്ഡലം. ആകെ വോട്ടര്‍മാരുടെ എണ്ണം 1,72,3342.ഇതില്‍ 85,6055 പേര്‍ പുരുഷന്‍മാരാണ്. 86,737 സ്ത്രീ വോട്ടര്‍മാരുണ്ട്. ആകെ പത്ത് പഞ്ചായത്തുകളിലായി 163 വാര്‍ഡുകളാണുള്ളത്.  വേമ്പനാട് കായലിന്റെ ഇരുകരകളിലായി സ്ഥിതിചെയ്യുന്ന ഈ മണ്ഡലത്തില്‍ ഭൂരിഭാഗം മേഖലകളിലും മത്സ്യതൊഴിലാളികളാണ് അധിവസിക്കുന്നത്.

Malayalam
ജില്ല: