17 August 2017, Thursday

ആലപ്പുഴ

ടി വി തോമസിനെയും പി കെ വാസുദേവന്‍ നായരെയും പോലെയുള്ള രാഷ്ട്രീയ അതികായന്‍മാരെ നിയമസഭയിലെത്തിച്ച ചരിത്രമാണ് ആലപ്പുഴയ്ക്കുള്ളത്. മണ്ഡലം രൂപീകരിച്ചതു മുതല്‍ നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ 6 എണ്ണത്തിലും വിജയിച്ചത് സിപിഐ നേതാക്കളായിരുന്നു. 1991 മുതല്‍  തുടര്‍ച്ചയായി ഇത്തിരി വലത്തേക്കാണ് മണ്ഡലത്തിന്റെ ചായ്‌വ്.എന്നാല്‍  പുനര്‍നിര്‍ണ്ണയം  ഇടതുപക്ഷത്തിനുള്ള വന്‍ സാധ്യത മുന്നോട്ട്  വെയ്ക്കുകയാണിപ്പോള്‍.

ആലപ്പുഴ നഗരസഭയിലെ 25 വാര്‍ഡുകളും ഇല്ലതായ മാരാരിക്കുളം മണ്ഡലത്തിന്റെ ഭാഗമായിരുന്ന 4 പഞ്ചായത്തുകളും ചേര്‍ന്നതാണ് പുതിയ ആലപ്പുഴ. ആലപ്പുഴ നഗരസഭയിലെ ജില്ലാക്കോടതി, കിടങ്ങാംപറമ്പ്, പുന്നമട, തത്തംപള്ളി, നെഹ്‌റുട്രോഫി, കൊറ്റംകുളങ്ങര, ചാത്തനാട്, തോണ്ടന്‍കുളങ്ങര, അവലൂക്കുന്ന്, ആശ്രമം, പൂന്തോപ്പ്, തുമ്പോളി, കറുകയില്‍, കൊമ്മാടി, ആറാട്ടുവഴി, വാടക്കനാല്‍, കാഞ്ഞിരംചിറ, പവര്‍ഹൗസ്, സീവ്യൂ, മന്നത്, കളപ്പുര, കരളകം, വഴിച്ചേരി, മംഗലം, കാളാത്ത് എന്നീ വാര്‍ഡുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 13 വാര്‍ഡുകള്‍ യുഡിഎഫിനൊപ്പവും 12 എണ്ണം എല്‍ഡിഎഫിനൊപ്പവുമാണ്. മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളും ഇപ്പോള്‍ മണ്ഡലത്തിന്റെ ഭാഗമാണ്. ഇതില്‍ ആര്യാട് ഒഴികെയുള്ള പഞ്ചായത്തുകള്‍ ഭരിക്കുന്നത് ഇടതുപക്ഷമാണ്.

1957ലും 67ലും 70ലും ടി വി തോമസാണ് ആലപ്പുഴയെ പ്രതിനിധീകരിച്ചത്. 60ല്‍ കോണ്‍ഗ്രസിലെ നഫീസത്തുബീവിയും 65ല്‍ കോണ്‍ഗ്രസിലെ എസ് ചിദംബരയ്യരും ഇവിടെ നിന്ന് വിജയം കണ്ടു. 70ലും 80ലും പികെവി വിജയിച്ചു. 82ലും 91ലും എന്‍ഡിപിയിലെ കെ പി രാമചന്ദ്രന്‍നായരും  87ല്‍ സിപിഐയിലെ റോസമ്മ പുന്നൂസും ഇവിടെ വിജയിച്ചു. 95, 2001, 2006 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ വിജയിച്ചു. 2009ല്‍ കെ സി വേണുഗോപാല്‍ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ എ ഷുക്കൂറും വിജയിച്ചു.സിപിഐയിലെ ജി കൃഷ്ണപ്രസാദിനെ 4745 വോട്ടുകള്‍ക്കാണ് ഷുക്കൂര്‍ പരാജയപ്പെടുത്തിയത്. 1,70,013 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 87,581 വോട്ടര്‍മാര്‍ സ്ത്രീകളും 82,432 പേര്‍ പുരുഷവോട്ടര്‍മാരുമാണ്.

Malayalam
ജില്ല: