12 December 2017, Tuesday

ഇരവിപുരം

സ്ഥാനാർത്ഥി

ഒരുതവണ ഒഴിച്ചാല്‍ എക്കാലവും ഇടതുപക്ഷസ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച പാരമ്പര്യമാണ് ഇരവിപുരം അസംബ്ലി മണ്ഡലത്തിനുള്ളത്. 1957ന് ശേഷം 13 തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. 1965ല്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് നിയമസഭ കൂടിയില്ല. ബാക്കിയുള്ള 12 നിയമസഭകളില്‍ 11ലും ഇരവിപുരത്തെ പ്രതിനിധീകരിച്ചത് ഇടതുപക്ഷമാണ്. ഒന്നാം നിയമസഭയിലും രണ്ടാം നിയമസഭയിലും മണ്ഡലത്തെ പ്രതിനിധീകരിച്ചത് സി.പി.ഐ.-യിലെ പി. രവീന്ദ്രനാണ്. 195-ല്‍ അദ്ദേഹത്തെ വി. കുഞ്ഞുശങ്കപ്പിള്ള (പി.എസ്.പി.)യും 60ല്‍ ഭാസ്കരന്‍പിള്ള (പി.എസ്.പി.)യുമാണ് എതിര്‍ത്തത്. ആദ്യതവണ 10360 വോട്ടിന്റെയും രണ്ടാംതവണ 1859 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 1965ല്‍ കോണ്‍ഗ്രസിലെ അബ്ദുല്‍ റഹിം 656 വോട്ടിന് വിജയിച്ചു. അദ്ദേഹത്തെ എതിര്‍ത്തത് ശങ്കരനുണ്ണി (സ്വതന്ത്രന്‍)യായിരുന്നു. 67നും 70ലും 77ലും 80ലും 82ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ആര്‍.എസ്.പി-യിലെ ആര്‍. എസ്. ഉണ്ണിയാണ് വിജയിച്ചത്.

67ല്‍ അദ്ദേഹത്തെ എതിര്‍ത്ത കോണ്‍ഗ്രസിലെ കെ. കെ. കൃഷ്ണനേക്കാള്‍ 13148 വോട്ട് കൂടുതലാണ് ആര്‍.എസ്. ഉണ്ണിക്ക് ലഭിച്ചത്. 70ലെ തെരഞ്ഞെടുപ്പില്‍ എസ്.എസ്.പിയിലെ കൈപ്പാറ ഷംസുദ്ദീനെ 18502 വോട്ടിനും 77ല്‍ എന്‍.ആര്‍.എസ്.പിയിലെ ആര്‍.എന്‍ പരമേശ്വരനെ 16453 വോട്ടിനും 80ല്‍ മുസ്ലിംലീഗിലെ എ. യൂനുസ്‌കുഞ്ഞിനെ 13569 വോട്ടിനും 82ല്‍ യൂനുസ്‌കുഞ്ഞിനെ 780 വോട്ടിനുമാണ് ആര്‍.എസ്. ഉണ്ണി തോല്‍പ്പിച്ചത്. 87ല്‍ നടന്ന എട്ടാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയിലെ വി.പി. രാമകൃഷ്ണപിള്ള വിജയിച്ചു. അദ്ദേഹം മുസ്ലിംലീഗിലെ യൂനുസ്‌കുഞ്ഞിനെ 7606 വോട്ടിനാണ് തോല്‍പ്പിച്ചത്. എന്നാല്‍ 91ലെ തെരഞ്ഞെടുപ്പില്‍ ലീഗിലെ പി.കെ.കെ. ബാവ ആര്‍.എസ്.പിയിലെ വി.പി. രാമകൃഷ്ണപിള്ളയെ 622 വോട്ടിന് തോല്‍പ്പിച്ചു. 96ലെ തെരഞ്ഞെടുപ്പില്‍ വി.പി. രാമകൃഷ്ണപിള്ള ലീഗിലെ യൂനുസ്‌കുഞ്ഞിനെ 4790 വോട്ടിന് തോല്‍പ്പിച്ചുകൊണ്ട് സീറ്റ് തിരിച്ചുപിടിച്ചു. 2001ലും 2006ലെയും തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയിലെ എ.എ. അസീസാണ് വിജയിച്ചത്. 2001ല്‍ ലീഗിന്റെ അഹമ്മദ് കബീറിനെ എട്ട് വോട്ടിനാണ് തോല്‍പ്പിച്ചതെങ്കില്‍ തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ ലീഗിലെ കെ.എം. ഷാജിയെ 24,049 വോട്ടിന് പരാജയപ്പെടുത്തി.

മണ്ഡലം പുനര്‍നിര്‍ണ്ണയത്തിന് മുമ്പ് കൊല്ലം കോര്‍പ്പറേഷന്റെ 14, 15 വാര്‍ഡുകളില്‍ 20 മുതല്‍ 41 വരെയുള്ള വാര്‍ഡുകളും മയ്യനാട്, തൃക്കോവില്‍വട്ടം, കൊറ്റങ്കര, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ മയ്യനാട് പഞ്ചായത്തും കൊല്ലം കോര്‍പ്പറേഷനുകളായ കോയിക്കല്‍ (14), കല്ലുംതാഴം (15), കോളജ് (20), പാല്‍കുളങ്ങര (21), അമ്മന്‍നട (22), വടക്കേവിള (23), പള്ളിമുക്ക് (24), അയത്തില്‍ (25), മുള്ളുവിള (26), കിളികൊല്ലൂര്‍ സൗത്ത് (27), പാലത്തറ (28), മണക്കാട് (29), കൊല്ലൂര്‍വിള (30), കയ്യാലയ്ക്കല്‍ (31), വാളത്തുംഗല്‍ ഈസ്റ്റ് (32), വാളത്തുംഗല്‍ വെസ്റ്റ്  (33), ആക്കോലില്‍ (34), തെക്കുഭാഗം (35), ഇരവിപുരം (36), ഭരണിക്കാവ് (37), മുണ്ടയ്ക്കല്‍ ഈസ്റ്റ് (39), പട്ടത്താനം (40), കന്റോണ്‍മെന്റ് (41) എന്നിവയാണ് ഉള്‍പ്പെടുന്നത്.

Malayalam
ജില്ല: