29 April 2017, Saturday

ഉടുമ്പൻ‌ചോല

സ്ഥാനാർത്ഥി

എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ പശ്ചാത്തല വികസനത്തില്‍ വന്‍നേട്ടം കൈവരിച്ച ഉടുമ്പന്‍ചോല മണ്ഡലത്തിന് പുനര്‍നിര്‍ണയത്തില്‍ മൂന്ന് പഞ്ചായത്തുകളാണ് കുറവുവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 പഞ്ചായത്തുകളുണ്ടായിരുന്ന മണ്ഡലത്തിലിപ്പോള്‍ പത്ത് പഞ്ചായത്തുകളാണുള്ളത്.

ശാന്തന്‍പാറ, സേനാപതി, രാജകുമാരി, രാജാക്കാട്, ഇരട്ടയാര്‍, വണ്ടന്‍മേട്, പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, ഉടുമ്പന്‍ചോല എന്നീ പത്ത് പഞ്ചായത്തുകളാണ് ഇപ്പോള്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുനര്‍നിര്‍ണ്ണയത്തില്‍ മണ്ഡലത്തില്‍ നിന്ന് നാലെണ്ണം കുറയുകയും ഒന്നു കൂട്ടിച്ചേര്‍ക്കപ്പെടുകയുമാണ് ചെയ്തത്. കാഞ്ചിയാര്‍, ചിന്നക്കനാല്‍, ചക്കുപള്ളം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളാണ് പുനക്രമീകരണത്തില്‍ നഷ്ടമായത്. കാഞ്ചിയാര്‍ ഇടുക്കിയിലേക്ക് മാറ്റപ്പെട്ടപ്പോള്‍ രാജാക്കാട് തിരികെ ലഭിച്ചു.

എല്‍ഡിഎഫിലെ കെ കെ ജയചന്ദ്രനാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2006ല്‍ ഡിഐസിയിലെ ഇബ്രാഹിംകുട്ടി കല്ലാറിനെ 19698 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് എല്‍ ഡി എഫ് ഇവിടെ  കരുത്ത് തെളിയിച്ചത്. നിലവിലെ കണക്കനുസരിച്ച് ആകെയുള്ള 152085 വോട്ടര്‍മാരില്‍ 76228 പേര്‍ പുരുഷന്‍മാരും 75857 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ 4622 വോട്ടര്‍മാരുടെ വര്‍ദ്ധനയാണുള്ളത്.കുടിയേറ്റകര്‍ഷകര്‍ക്ക് പൂര്‍ണ്ണാവകാശത്തോടെയുള്ള പട്ടയം ലഭ്യമാക്കിയ സിപിഐ നേതാവ് കെ ടി ജേക്കബ്ബ് ആശാനാണ് 1965 ല്‍ മണ്ഡലരൂപീകരണത്തിനുശേഷം ഇവിടെ നിന്നും ആദ്യമായി വിജയിച്ചത്. 1747 വോട്ടിന്റെ ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പ് നടന്ന 1967 ല്‍ 9064 ആയി കുത്തനെ ഉയര്‍ത്തി. പിന്നീട് മൂന്ന് വട്ടം യുഡിഎഫ് അധികാരം കയ്യാളി.

എന്നാല്‍ 1982 ല്‍ എം ജിനദേവന്‍ മണ്ഡലം തിരിച്ചുപിടിച്ചു. 1987 ല്‍ യുഡിഎഫിലെ മാത്യു സ്റ്റീഫനും 91 ലും 96 ലും ഇ എം അഗസ്തിയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചവരാണ്. തുടര്‍ന്ന് 2001 ലും 2006 ലും മണ്ഡലം എല്‍ഡിഎഫിനെ വരിച്ചു. 2006 ല്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 19,648 വോട്ടിനാണ് കെ കെ ജയചന്ദ്രന്‍ ഇവിടെ നിന്നും വിജയിച്ചത്.തോട്ടംതൊഴിലാളികളും കുടിയേറ്റകര്‍ഷകരും ഭൂരിപക്ഷമായ ഉടുമ്പന്‍ചോലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് സജീവചര്‍ച്ചയാകുന്നത്. മുന്‍ യുഡിഎഫ് ഭരണകാലത്ത് സുപ്രീംകോടതിയില്‍ സങ്കീര്‍ണ്ണമായി കിടന്ന കേസില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി വിധി നേടി ഭൂമിസംബന്ധമായ നിയമങ്ങളില്‍ വേണ്ട ഭേദഗതി വരുത്തിയാണ് കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം യാഥാര്‍ത്ഥ്യമാക്കിയത്.  റോഡ് വികസനത്തില്‍ മണ്ഡലം കൈവരിച്ച വന്‍ പുരോഗതി, കുമളി-മൂന്നാര്‍ റോഡ്, നെടുങ്കണ്ടം മിനി സിവില്‍സ്റ്റേഷന്‍, മിനി സ്റ്റേഡിയം, നഴ്‌സിംഗ് സ്‌കൂള്‍, പുരാവസ്തു പഠനകേന്ദ്രം, ഐഎച്ച്ആര്‍ഡി സെന്റര്‍ തുടങ്ങിയ നിരവധിയായ നേട്ടങ്ങള്‍ എല്‍ഡിഎഫിന് കരുത്താകും.

Malayalam
ജില്ല: