8 March 2019, Friday

കടുത്തുരുത്തി

ചരിത്രപാരമ്പര്യമുള്ള കമ്പേരിയെന്ന കടുത്തുരുത്തി കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വര്‍ഷങ്ങളാണ് കടന്നുപോയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ സൃഷ്ടിച്ച വികസന വിസ്മയങ്ങളില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിന് വലിയ പ്രാതിനിധ്യം ലഭിച്ചു എന്നതാണ് കടുത്തുരുത്തിയെ വീണ്ടും ഇടത്തോട്ട് അടുപ്പിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായി ഏറ്റവും അധികം വികസനപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ സഹായത്തോടെ നടന്നപ്പോള്‍ കടുത്തുരുത്തി എന്ന ഗ്രാമീണ കാര്‍ഷിക മേഖലയും പുതിയ വികസന സംസ്‌ക്കാരത്തില്‍ ഭാഗഭാക്കായി. കടുത്തുരുത്തിയില്‍ സ്ഥാപിച്ച പോളിടെക്‌നിക്കിന് സ്ഥലമെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി, ഞീഴൂര്‍ ഐ എച്ച് ആര്‍ ഡി കോളജിന് സ്വന്തമായി സ്ഥലമെടുത്ത് കോളജ് പണിയാരംഭിച്ചത്, മുളക്കുളത്തെ പുതിയ ഐ ടി ഐ, കടുത്തുരുത്തി-കുറവിലങ്ങാട് സിവില്‍ സ്റ്റേഷനുകള്‍ എന്നിവ കൂടാതെ മികച്ച ഗതാഗത സൗകര്യങ്ങള്‍ എന്നിവ കടുത്തുരുത്തിയുടെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടങ്ങളാണ്.

കര്‍ഷകര്‍ക്കും, കര്‍ഷകതൊഴിലാളികള്‍ക്കും ഭൂരിപക്ഷമുള്ള കടുത്തുരുത്തിയില്‍ ഇന്ന് ഇടത്തരക്കാരന്റെ അടിത്തറ ഭദ്രമാണ്. സാധാരണക്കാര്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍, വവിധ ക്ഷേമപെന്‍ഷനുകളുടെ തുക വര്‍ദ്ധിപ്പിച്ചത്, രണ്ട് രൂപയ്ക്ക് ലഭ്യമാകുന്ന അരി ഇവയൊക്കെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലെ പൊന്‍തൂവലുകളാണ്. കടുത്തുരുത്തി മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാം.

ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് കടുത്തുരുത്തിയില്‍ നിന്ന് ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത സ്ഥലം എം എല്‍ എയുടെ അവസരവാദ രാഷ്ട്രീയവും ഇരട്ടത്താപ്പു നയവും കടുത്തുരുത്തിയിലെ വോട്ടര്‍മാര്‍ പരിഹാസത്തോടെയാണ് നോക്കിക്കാണുന്നത്. വര്‍ഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം മണഅഡലത്തില്‍ പ്രവര്‍ത്തിക്കുകയും നേട്ടങ്ങളുണ്ടാക്കിയശേഷം മുന്നണഇയെ മറക്കുകയും ചെയ്ത എം എല്‍ എ ഇനി മത്സരരംഗത്തെത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ജാഗ്രതയോടെ കാത്തിരിക്കുകയാണ് കടുത്തുരുത്തിയിലെ വോട്ടര്‍മാര്‍.

മാണി-ജോസഫ് ലയനം കടുത്തുരുത്തിയെ സംബന്ധിച്ചിടത്തോളം പ്രാവര്‍ത്തികമായില്ല. പരമ്പരാഗത മാണിഗ്രൂപ്പുകാര്‍ക്ക് സ്ഥലം എം എല്‍ എ ഇപ്പോഴും അനഭിമതന്‍ തന്നെയാണ്. മോന്‍സും മാണിഗ്രൂപ്പിലെ സ്റ്റീഫന്‌ജോര്‍ജ്ജും തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കണ്ട് മനം മടുത്തവരാണിപ്പോള്‍ കടുത്തുരുത്തിക്കാര്‍. ഇതിനിടയില്‍ കേരളകോണ്‍ഗ്രസുകാരുടെ അപ്രമാദിത്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസുകാരും തയ്യാറാവുന്നില്ല. ഇതോടെ കടുത്തുരുത്തിയില്‍ യു ഡി എഫ് എന്ന മുന്നണി സംവിധാനം തന്നെ ഇല്ലാതായിരിക്കുകയാണ്.

1982ലും 1987ലും ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച പി സി തോമസിനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി  കഴിഞ്ഞ തവണ മോന്‍സിനും ഇവിടെ നിന്ന് ജയിക്കാന്‍ കഴിഞ്ഞു എന്നതുതന്നെ കടുത്തുരുത്തിയുടെ ഇടതുപക്ഷ ചായ്‌വ് ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ രാഷ്ട്രീയമാറ്റങ്ങളില്‍ വി എസ് സര്‍ക്കാരിന്റെ ഗുണഫലങ്ങളനുഭവിച്ചറിഞ്ഞ കടുത്തുരുത്തിക്കാര്‍ ഇടതുമുന്നണിക്കുവേണ്ടി വീറും വാശിയോടെ രംഗത്തിറങ്ങും.

എം എല്‍ എയുടെ അവസരവാദ രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ കടുത്തുരുത്തിയുടെ മനസ്സ് തയ്യാറാവുന്നത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വികസന മുന്നേറ്റ യാത്രയില്‍ പ്രതിഫലിച്ചിരുന്നു.  സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രായോഗികമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതും ഇടതുമുന്നണിക്ക് ഊര്‍ജ്ജം പകരുന്നു.
നിയോജക മണ്ഡലത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടെന്ന പ്രചരണം വസ്തുതാപരമല്ല. ഇതരവിഭാഗങ്ങള്‍ക്കും കടുത്തുരുത്തിയില്‍ സാധ്യതയുണ്ട് എന്ന അര്‍ത്ഥസങ്കല്‍പ്പത്തിലേക്ക് കടുത്തുരുത്തിയുടെ മനസ്സ് വികസിച്ചിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. എന്തായാലും സംസ്ഥാന രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നോക്കിക്കണ്ട കടുത്തുരുത്തിയിലെ മത്സരം വരും തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധയോടെ നോക്കിക്കാണും എന്ന് തീര്‍ച്ച.

Malayalam
ജില്ല: