18 October 2017, Wednesday

കളമശ്ശേരി

സ്ഥാനാർത്ഥി

എറണാകുളം ജില്ല കേരളത്തിന്റെ വ്യവസായ ആസ്ഥാനമാണെങ്കില്‍ ജില്ലയുടെ വ്യവസായകേന്ദ്രമാണ് കളമശേരി. പുതുതായി രൂപംകൊണ്ട മണ്ഡലത്തിന്റെയും സ്വഭാവം പ്രവചനാതീതമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം എല്‍ഡിഎഫിനായിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലത്തേക്ക് തിരിഞ്ഞു. എന്നാല്‍ രാജ്യാന്തരശ്രദ്ധ ആകര്‍ഷിച്ച പദ്ധതികളായ സൈബര്‍സിറ്റിയും കാവില്‍ അക്വാപാര്‍ക്കും ഈ മണ്ഡലത്തിലാണെന്നത് എല്‍ഡിഎഫിന് മുതല്‍ക്കൂട്ടാകുന്നു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലവില്‍ ആലുവയുടെ ഭാഗമായ കളമശേരി, ഏലൂര്‍ മുനിസിപ്പാലിറ്റികളിലും ഇതര പ്രദേശങ്ങളിലും തങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ കന്നിപ്പോരാട്ടത്തില്‍ തുണയാകുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.

ഏലൂര്‍, കളമശേരി മുനിസിപ്പാലിറ്റികള്‍ക്കുപുറമെ നിലവില്‍ ആലുവ മണ്ഡലത്തിന്റെ ഭാഗമായ കടുങ്ങല്ലൂര്‍, പറവൂരിന്റെ ഭാഗമായ കരുമാല്ലൂര്‍, ആലങ്ങാട്, വടക്കേക്കരയുടെ ഭാഗമായ കുന്നുകര പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ഇതില്‍ ആലങ്ങാട് ഒഴികെയുള്ള ഇടങ്ങളില്‍ ഭരണസാരഥ്യം യുഡിഎഫിനാണ്. 1,71,000 വോട്ടര്‍മാരാണിവിടെ. വ്യവസായ ഭൂമികയായ മണ്ഡലത്തില്‍ മുന്‍തൂക്കവും വ്യവസായ തൊഴിലാളികള്‍ക്കാണ്. നിര്‍മാണ-കര്‍ഷക തൊഴിലാളികളുമുണ്ട്.

മുഴുവന്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടലുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ എല്‍ഡിഎഫ് ജനപ്രതിനിധികളും പ്രവര്‍ത്തകരും നിരന്തരം നടത്തുന്ന ശ്രമങ്ങളും വിധിനിര്‍ണയത്തില്‍ നിര്‍ണായകമാകും. ഒപ്പം മണ്ഡലത്തിന്റെ മുഖഛായ മാറ്റിയ വികസനനേട്ടങ്ങളും. മണ്ഡലത്തിലെ കരുമാല്ലൂര്‍, ആലങ്ങാട് ഒഴികെയുള്ള പ്രദേശങ്ങളെ എല്‍ഡിഎഫാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയവ്യത്യാസം നോക്കാതെ എല്ലാ പ്രദേശങ്ങളിലും വികസനമെത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തതായി ജനം സമ്മതിക്കുന്നു.

ലോക ഭൂപടത്തില്‍ കേരളത്തിന്റെ അഭിമാനമായ സൈബര്‍സിറ്റിയിലൂടെ മാത്രം നേരിട്ട് 60,000 പേര്‍ക്കാണ് തൊഴില്‍ ഒരുങ്ങുന്നത്. പരോക്ഷമായി ഒരുലക്ഷത്തോളംപേര്‍ക്കും. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കിന്‍ഫ്ര പാര്‍ക്കില്‍ ഭെല്‍ യൂണിറ്റും നിലവില്‍വന്നു. ഇതര സ്ഥാപനങ്ങളും ഒരുങ്ങുന്നു. അലങ്കാരമത്സ്യ കൃഷിയില്‍ ആഗോളസാധ്യത ഒരുക്കുന്നതാണ് കാവില്‍ അക്വാപാര്‍ക്ക്. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ പാലങ്ങള്‍ ഒരുക്കിയതും മണ്ഡലത്തിലെ മുഴുവന്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും ഇതിനുപുറമെയാണ്.

വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൌകര്യ വികസനം, ജലസേചനം തുടങ്ങി നാനാ മേഖലകളിലുമായി 400 കോടിയില്‍പരം രൂപയുടെ വികസനം മണ്ഡലത്തിലുണ്ടായതായി എ എം യൂസഫ് എംഎല്‍എ പറയുന്നു. സര്‍ക്കാരിന്റെ തൊഴിലാളിക്ഷേമ നടപടികള്‍, സുരക്ഷയ്ക്കായുള്ള പദ്ധതികള്‍, ഏലൂര്‍ ഫയര്‍ സ്റ്റേഷന്‍, ഫാക്ടിലെ വെല്‍ഡിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒട്ടേറെ പദ്ധതികളും ഈ സര്‍ക്കാരിന്റെ സംഭാവനയാണ്. ഇതൊക്കെ തങ്ങള്‍ക്ക് തുണയാകുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. 

 

Malayalam
ജില്ല: