17 November 2017, Friday

കായംകുളം

പ്രമുഖരെ തഴഞ്ഞും പുതുമുഖങ്ങളെ തലോടിയും മുന്നണികളെ മാറിയും കേറിയും വരിച്ചും നില്‍ക്കുന്ന കായംകുളം മണ്ഡലം ആരുടെയും കുത്തകയല്ല. കായംകുളത്തിന്റെ ഭാഗമായിരുന്ന മുതുകുളം പുനര്‍നിര്‍ണയത്തില്‍ ഹരിപ്പാട് മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഭരണിക്കാവും ചെട്ടികുളങ്ങരയും കായംകുളത്തോടും ചേര്‍ന്നു. കായംകുളം നഗരസഭ കൂടാതെ ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം, പത്തിയൂര്‍, ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകള്‍ ചേരുന്നതാണ് പുതിയ കായംകുളം മണ്ഡലം.

കേരളപ്പിറവിക്കുശേം 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഐഷാബായിയാണ് മണ്ഡലത്തില്‍ ആദ്യവിജയം നേടിയത്. കോണ്‍ഗ്രസിലെ സരോജിനിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഐഷബായി അന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായി. 1960ലും ഐഷാബായി വിജയംആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഹേമചന്ദ്രനായിരുന്നു എതിരാളി. 1965ല്‍ സിപിഎമ്മിലെ എസ് സുകുമാരന്‍ ഇവിടെ നിന്ന് വിജയംകണ്ടു. 1967ല്‍ എസ്എസ്പിയിലെ പി കെ കുഞ്ഞും കായംകുളത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. തച്ചടിപ്രഭാകരനായിരുന്നു അന്ന് എതിരാളി. 1970ല്‍ കോണ്‍ഗ്രസിലെ തുണ്ടത്തില്‍ കുഞ്ഞുകൃഷ്ണപിള്ള സിപിഎമ്മിലെ പി ആര്‍ വാസുവിനെ തോല്‍പിച്ചു. 77ലും കുഞ്ഞുപിള്ള വിജയം ആവര്‍ത്തിച്ചു. ജനതാപാര്‍ട്ടിയിലെ പി എ ഹാരിസായിരുന്നു എതിരാളി. 1980ലും 82ലും കോണ്‍ഗ്രസിലെ തച്ചടി പ്രഭാകരന്‍ കായംകുളത്ത് വിജയക്കൊടി നാട്ടി. കുഞ്ഞുകൃഷ്ണപിള്ളയും എം കെ രാഘവനുമായിരുന്നു എതിരാളികള്‍.

1987ല്‍ കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎമ്മിലെ എം ആര്‍ ഗോപാലകൃഷ്ണന്‍ ഇവിടെ വിജയംകണ്ടു. കോണ്‍ഗ്രസിലെ അഡ്വ. കെ ഗോപിനാഥനായിരുന്നു എതിരാളി. 91ല്‍ ഗോപാലകൃഷ്ണനെ തോല്‍പിച്ച് മണ്ഡലം തിരികെ പിടിച്ചു. 1996ല്‍ സിപിഎമ്മിലെ ജി സുധാകരന്‍ തച്ചടിയെ തോല്‍പിച്ചു. മണ്ഡലം ഇടതുചേരിയിലേക്ക് അടിപ്പിച്ച്‌നിര്‍ത്തി. എന്നാല്‍ 2001ല്‍ കോണ്‍ഗ്രസിലെ എം എം ഹസന്‍ ജി സുധാകരനെ തോല്‍പിച്ചു.

 2006ല്‍ കോണ്‍ഗ്രസിലെ അഡ്വ. സി ആര്‍ ജയപ്രകാശിനെ 5832 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഎമ്മിലെ സി കെ സദാശിവന്‍ വിജയംകുറിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കായംകുളം നഗരസഭയ്ക്ക് പുറമെ ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം പഞ്ചായത്തുകള്‍ യുഡിഎഫ് നേടിയപ്പോള്‍ പത്തിയൂര്‍, ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നും. 1,77,222 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 96,563 സ്ത്രീകളും 80,659 പുരുഷന്‍മാരുമാണ്.

Malayalam
ജില്ല: