22 March 2019, Friday

കാസറഗോഡ്

സ്ഥാനാർത്ഥി

എന്നും ത്രികോണ മത്സരത്തിന് വേദിയാകുന്ന കാസര്‍കോട് ഇത്തവണ പോരാട്ടം പഴയ സഹപ്രവര്‍ത്തകര്‍ തമ്മില്‍. വനിതയെ ഇറക്കി ബിജെപിയും ബലപരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് തവണ എല്‍ഡിഎഫ് പിന്തുണയില്‍ മത്സരിച്ച് ഒടുവില്‍ മറുകണ്ടം ചാടിയ എന്‍ എ നെല്ലിക്കുന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തുവന്നപ്പോള്‍ അവസരവാദ രാഷ്ട്രീയത്തിനില്ലെന്ന പ്രഖ്യാപനവുമായി നാഷണല്‍ യൂത്ത് ലീഗ് നേതാവ് അസീസ് കടപ്പുറം എല്‍ഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചോര്‍ന്നുപോയ വോട്ട് തിരിച്ച് പിടിക്കാന്‍ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി എന്‍ ഭട്ടിനെയാണ് ബിജെപി രംഗത്തിറക്കിയിട്ടുള്ളത്. മൂന്നുപതിറ്റാണ്ട് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും നഗരത്തിന്റെ കുടിവെള്ള പ്രശ്നംപോലും പരിഹരിക്കാന്‍ കഴിയാത്ത മുസ്ളിംലീഗിനെതിരെ ശക്തമായ പ്രതിഷേധം മണ്ഡലത്തിലുണ്ട്. ഒപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയും യുഡിഎഫിനെ കുഴക്കുന്നു. കാസര്‍കോടിനെ പിടികൂടിയ വികസന മുരടിപ്പിനും വര്‍ഗീയതക്കും തടയിടാന്‍ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്്. കഴിഞ്ഞ അഞ്ചാണ്ടില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അയല്‍ മണ്ഡലങ്ങളില്‍ വികസന മുന്നേറ്റമുണ്ടായപ്പോള്‍ യുഡിഎഫിന്റെ കഴിവുകേടില്‍ പിന്നിലായ മണ്ഡലത്തിന്റെ തലവിധി ഇത്തവണ തിരുത്തുമെന്ന ദൃഢ നിശ്ചയത്തിലാണ് വോട്ടര്‍മാര്‍. ഐഎന്‍എല്‍ വിട്ട് ലീഗിലെത്തിയ എന്‍ എ നെല്ലിക്കുന്നിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ ലീഗ് അണികള്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ കൊള്ളരുതായ്മകളും വികസന മുരടിപ്പും പ്രസംഗിച്ച് നടന്ന നെല്ലിക്കുന്നിന് ഇപ്പോള്‍ മുമ്പ് പറഞ്ഞതൊക്കയും വിഴുങ്ങേണ്ടി വരും. ലീഗ് ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന ചെര്‍ക്കളയില്‍ സ്ഥാനാര്‍ഥിക്കെതിരെ കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിച്ചായിരുന്നു അണികളുടെ പ്രതിഷേധം. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം (46) യുവത്വത്തിന്റെ പ്രസരിപ്പുമായാണ് മത്സര രംഗത്തുള്ളത്. അധികാരം മോഹിച്ച് ചില നേതാക്കള്‍ യുഡിഎഫുമായി ചങ്ങാത്തം കൂടിയപ്പോള്‍ തങ്ങളുടെ നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ട് കാണിച്ച ആദര്‍ശമാണ് മുഖ്യമെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്ന അസീസിന് അണികളുടെ ശക്തമായ പിന്‍ബലമുണ്ട്. എന്‍വൈഎല്‍ സംസ്ഥാന ട്രഷറര്‍ കൂടിയായ അസീസ് നാട്ടിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നു. ഏരിയാല്‍ ജമാഅത്ത് കമ്മിറ്റി വൈസ്പ്രസിഡന്റാണ്. മൊഗ്രാല്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ കെ അബ്ബാസിന്റെയും മുന്‍ പഞ്ചായത്തംഗം ആയിഷയുടെയും മകനായ അസീസ് പതിറ്റാണ്ടുകളായി കാസര്‍കോടിന്റെ സാമൂഹ്യ- പൊതുപ്രവര്‍ത്തന രംഗത്ത് തിളക്കമാര്‍ന്ന മുഖമാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: അജ്മലാ ഫര്‍ഹത്ത്, അന്‍സാഫ്, അഫ്സര്‍. എംഎസ്എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ എന്‍ എ നെല്ലിക്കുന്ന് (57) ഐഎന്‍എല്‍ സംസ്ഥാന ട്രഷററും ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഒരുമാസം മുമ്പ് ലീഗില്‍ ചേര്‍ന്നു. ബിരുദധാരിയാണ്. കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കാലങ്ങളായി കിണഞ്ഞ് ശ്രമിക്കുന്ന ബിജെപി കണ്ണുനട്ടിരിക്കുന്ന മണ്ഡലമാണ് കാസര്‍കോട്. സ്ഥാനാര്‍ഥി ജയലക്ഷ്മി എന്‍ ഭട്ട് (53) ബിജെപി ജില്ലാ പ്രസിഡന്റ് നാരായണ ഭട്ടിന്റെ ഭാര്യയാണ്. കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റാണ് ഇവര്‍. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്.കേരളത്തിൻറെ വടക്കെ അറ്റത്ത് മഞ്ചേശ്വരത്തിനു ശേഷം സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ നിയമസഭാ മണ്ഡലമാണ് കാസർഗോഡ്. കാസർഗോഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിൽ ഒരു മുനിസിപ്പാലിറ്റിയും മൂന്ന് പഞ്ചായത്തുകളും ആറു ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നു . കാസർഗോഡ് മുനിസിപ്പാലറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക, മുളിയാർ, മൊഗ്രാൽ പുത്തൂർ, മധൂർ എന്നീ ഗ്രാമപഞ്ചായത്തുകളുമാണിവ.

യു.ഡി.എഫ് ശക്തി കേന്ദ്രം എന്നതിലുപരി ലീഗിന് കാര്യമായ വേരോട്ടം ഉള്ള പ്രദേശമാണിത്. അതേ സമയം ബി.ജെ.പിക്കും ശക്തമായ സാന്നിധ്യമുണ്ട് ഈ പ്രദേശത്ത്. ഇടതുപക്ഷം/സി.പി.ഐ.എം സാന്നിധ്യം ഉണ്ടെങ്കിലും നിയമസഭാ തിരെഞ്ഞെടുപ്പിൽ വിജയം എന്നും അകലെയാണ്.

മണ്ഡലത്തിൻറെ ചരിത്രം നോക്കുകയാണെങ്കിൽ സ്ഥിരമായി യു.ഡി.എഫ് ജയിച്ചു വരുന്ന പ്രദേശമാണിത്. മേൽപറഞ്ഞത് പോലെ അടുത്ത കാലത്തായി കാര്യമായ ബി.ജെ.പി സാന്നിധ്യം ദൃശ്യമാണ്. യു.ഡി.എഫ് കാസര്‍ഗോഡ് സീറ്റ് ലീഗിന് കൊടുക്കാറുള്ളത് പോലെ ഐ.എൻ.എലിനാണ് എൽ.ഡി. എഫ് സീറ്റ് കൊടുക്കുന്നത്. മുൻമന്ത്രി സി. ടി. അഹമ്മദ് അലി തുടര്‍ച്ചയായി ഏഴു തവണ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ ഇപ്രകാരമാണ്.

കാര്യമായ ഇടതുപക്ഷ വോട്ടുകൾ ഐ.എന്‍.എല്‍ സ്ഥാനാർത്ഥിക്ക് നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വോട്ടുകളിലെ വ്യത്യാസം കണ്ടാലറിയാം.

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ കിട്ടിയ വോട്ടുകൾ ഇപ്രകാരമാണ്.

2014 ലോകസഭാ തെരെഞ്ഞെടുപ്പിലും കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ് എത്തിയത്, അതും വളരെ കുറഞ്ഞ വോട്ടിന്. ഇതുവരെയുള്ള കണക്കുകൾ വച്ച് നോക്കിയാൽ കാസർഗോഡ് മണ്ഡലം ഇടതിന് ബാലികേറാമലയാണ്. മഞ്ചേശ്വരം തിരിച്ചു പിടിക്കാൻ ശ്രമം നടത്തിയാൽ വിജയസാധ്യതയുണ്ടെകിലും കാസർഗോഡ് മണ്ഡലത്തിൽ തീരെ പ്രതീക്ഷയില്ല എന്ന് വേണം കരുതാൻ. അത്രമാത്രം ബി.ജെ.പി വോട്ടുകൾ അവിടെ സമാഹരിക്കപ്പെടുന്നു എന്ന് വിലയിരുത്താം. ബി.ജെ.പി നിയമസഭയിൽ അക്കൌണ്ട് തുറക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന മണ്ഡലങ്ങളിൽ ഒന്നായി ഇതിനെയും കൂട്ടാമെങ്കിലും സാധ്യത കൂടുതൽ ലീഗിന് തന്നെയാണ്.

2015 പഞ്ചായത്തു തിരെഞ്ഞെടുപ്പം ഫലം ഒറ്റനോട്ടത്തിൽ വിലയിരുത്തിയാൽ ഇതിൻറെ കുറച്ച് കൂടി വ്യക്തമായ ചിത്രം ലഭിക്കും.

 

Malayalam
ജില്ല: