20 August 2017, Sunday

കുണ്ടറ

കാര്‍ഷികസമൃദ്ധിയില്‍ സംസ്ഥാനം അംഗീകരിച്ച മികവും വ്യവസായപ്പെരുമയും കശുവണ്ടി-മത്സ്യ സമൃദ്ധിയും ഒത്തുചേര്‍ന്ന് തൊഴിലാളികളുടെ കരുത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗമായ കുണ്ടറ തെരഞ്ഞെടുപ്പിന് സജ്ജമായി. 2008ലെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷം പഴയ കുണ്ടറ മണ്ഡലത്തില്‍ നിലനിര്‍ത്തിയ കുണ്ടറ, പെരിനാട്, പേരയം പഞ്ചായത്തുകള്‍ക്കൊപ്പം ഇരവിപുരം മണ്ഡലത്തിലെ തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, കൊറ്റങ്കര പഞ്ചായത്തുകളും ചാത്തന്നൂര്‍ മണ്ഡലത്തിലെ നെടുമ്പനയും ചേര്‍ന്നതാണ് പുതിയ കുണ്ടറ മണ്ഡലം.

അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ കശുവണ്ടിഗ്രാമങ്ങള്‍ ഒന്നുചേര്‍ന്നതോടെ മണ്ഡലം പൂര്‍ണമായും ചുവപ്പണിഞ്ഞു. സമഗ്ര കാര്‍ഷികവല്‍ക്കരണത്തിലൂടെ 2009ലും 10ലും സംസ്ഥാനത്തെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുത്ത നെടുമ്പനയും സംസ്ഥാനത്ത് ശ്രദ്ധേയമായ വികസനപദ്ധതികള്‍ നടപ്പാക്കിയ മറ്റ് ആറു പഞ്ചായത്തുകളും തുടര്‍ച്ചയായ ഇടതുപക്ഷഭരണത്തില്‍ ആര്‍ജിച്ച നേട്ടങ്ങള്‍ പുതിയ കുണ്ടറ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അധീശത്വം പൂര്‍ണമാക്കി. പഴയ കുണ്ടറ മണ്ഡലത്തില്‍ ഉണ്ടായിരുന്ന കിഴക്കേ കല്ലടയും മണ്‍ട്രോത്തുരുത്തും കുന്നത്തൂര്‍ മണ്ഡലത്തിലേക്കും തൃക്കരുവ, പനയം പഞ്ചായത്തുകള്‍ കൊല്ലം മണ്ഡലത്തിലേക്കും കൂടുമാറി.

2006ല്‍ നടന്ന പോരാട്ടത്തില്‍ സിപിഐ എമ്മിലെ എം എ ബേബി 14869 ന്റെ ചരിത്ര ഭൂരിപക്ഷം നേടി കടവൂര്‍ ശിവദാസനെ തറപറ്റിച്ചു. ഒരിക്കല്‍ തോറ്റും പിന്നെ പകരംവീട്ടിയും വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സ്ഥിരതയില്ലാതെനിന്ന കുണ്ടറ മണ്ഡലം മൂന്നായി വിഭജിച്ച് കുന്നത്തൂര്‍, കുണ്ടറ, കൊല്ലം മണ്ഡലങ്ങളുടെ ഭാഗമായതോടെ പുതിയ ചരിത്രത്തിന് വഴിതുറക്കുകയായി. പരമ്പരാഗത വ്യവസായത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തിയ ജാഗ്രതയും കുണ്ടറയുടെ നഷ്ടപ്പെട്ടുപോയ വ്യവസായപ്പെരുമ വീണ്ടെടുത്തതും ഏഴ് പഞ്ചായത്തിലും നിലനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ അടിത്തറയും എല്‍ഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാണ്.

 


കുണ്ടറയില്‍ വിജയിക്കുന്ന കക്ഷി കേരളം ഭരിക്കുമെന്നാണ് മുന്‍ തെരഞ്ഞെടുപ്പുകളിലെ ചരിത്രം. അങ്ങനെയെങ്കില്‍ ഇക്കുറിയും ഭരണം എല്‍ഡിഎഫിനു തന്നെയെന്ന് ഉറപ്പിക്കുന്നവരില്‍ യുഡിഎഫുകാരുമുണ്ട്. വിളംബരത്തിന്റെ നാട്ടില്‍ വികസനവിപ്ളവം സൃഷ്ടിച്ച വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രി എം എ ബേബിയുടെ വിജയം ജനങ്ങള്‍ നേരത്തെതന്നെ ഉറപ്പിച്ചുകഴിഞ്ഞു. മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ പോരായ്മ പറയാന്‍ യുഡിഎഫുകാര്‍ പോലും തയ്യാറാകാത്ത അവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടാന്‍ എല്‍ഡിഎഫ് കരുതലോടെ മുന്നേറുന്നു. വൈകിവന്ന എതിരാളി ഇനിയും രംഗത്തിറങ്ങാന്‍ അറച്ചുനില്‍ക്കുമ്പോള്‍ മണ്ഡലത്തിലെ തൊഴില്‍മേഖലകളിലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വോട്ട് അഭ്യര്‍ഥിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെത്തി. ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രചാരണം ദിവസങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയായി. പഞ്ചായത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയായി. 

'കുണ്ടറയില്‍ ഇങ്ങനെയൊരു വികസനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. ഇത്രകാലവും കോണ്‍ഗ്രസിനല്ലാതെ വോട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഇത്തവണ എല്‍ഡിഎഫിനാണ് വോട്ട്' എന്നൊക്കെയുള്ള വോട്ടര്‍മാരുടെ ആവേശകരമായ പ്രതികരണങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഐഎന്‍ടിയുസിയില്‍പ്പെട്ട കശുവണ്ടിത്തൊഴിലാളികളും തങ്ങളുടെ തൊഴിലും കൂലിയും നിലനിര്‍ത്താന്‍ ഇത്തവണ വോട്ട് എല്‍ഡിഎഫിനു തന്നെയെന്ന് വാക്കുനല്‍കുന്നു. കുണ്ടറയില്‍ എവിടെയും എല്‍ഡിഎഫ് തരംഗം ദൃശ്യമാണ്. 
 
ടെക്നോപാര്‍ക്കും ഫാഷന്‍ ഇന്‍സ്റിറ്റ്യൂട്ടും നെടുമ്പനയില്‍ സ്ഥാപിക്കുന്ന മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റിറ്റ്യൂട്ടും എംബിഎ കോളേജും ഒന്നും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നില്ല. ശിലാഫലകങ്ങളില്‍ വികസനമൊതുങ്ങിയ കുണ്ടറയില്‍ പുതിയ ചരിത്രമാണ് എം എ ബേബി എഴുതിച്ചേര്‍ത്തത്. ഇതിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച അലിന്‍ഡ് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. 
 
ജില്ലയിലെ 10 മണ്ഡലത്തിലും യുഡിഎഫില്‍ സ്ഥാനാര്‍ഥിമോഹികളുടെ നീണ്ടനിരയുണ്ടായപ്പോഴും കുണ്ടറ ആരും താല്‍പ്പര്യപ്പെട്ടില്ല. ഒടുവില്‍ കരുനാഗപ്പള്ളി സ്വദേശിയായ സി ആര്‍ മഹേഷിനെ രമേശ് ചെന്നിത്തല സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. മഹേഷിനെ സ്വാഗതം ചെയ്ത് യുഡിഎഫുകാര്‍  ബാനര്‍ കെട്ടി. ഫ്ളക്സ് ബോര്‍ഡും പോസ്ററും തയ്യാറാക്കി കാത്തിരുന്ന യുഡിഎഫുകാരെ ഇളിഭ്യരാക്കി ഉമ്മന്‍ചാണ്ടിയുടെ നോമിനി ജര്‍മിയാസ് രംഗത്തെത്തി. മണ്ഡലത്തിലെ താമസക്കാരനും കെ കരുണാകരന്റെ അനുയായിയുമായ കെ കരുണാകരന്‍പിള്ളയെ മത്സരിപ്പിക്കണമെന്നായിരുന്നു ഏഴില്‍ അഞ്ച് മണ്ഡലം കമ്മിറ്റിയുടെയും ആവശ്യം.
 
ജര്‍മിയാസിനെ ഉള്‍ക്കൊള്ളാന്‍ അവരാരും തയ്യാറല്ല. മഹേഷിനെയും കരുണാകരന്‍പിള്ളയെയും സ്വാഗതം ചെയ്യുന്ന ബാനറുകള്‍ നീക്കംചെയ്തുവേണം ഇനി തേവലക്കാരന്‍ ജര്‍മിയാസിന് മണ്ഡലത്തിലേക്ക് പ്രവേശിക്കാന്‍. ആകെ 1,76,839 വോട്ടര്‍മാരാണുള്ളത്.  93,352 സ്ത്രീകളും 83,487 പുരുഷന്മാരും.
Malayalam
ജില്ല: