16 April 2019, Tuesday

കെ കുഞ്ഞമ്മത്

Malayalam

പേരാമ്പ്ര സ്വദേശി. 61 വയസ്. പേരാമ്പ്ര എംഎല്‍എ. സിപിഐ എം ജില്ലാകമ്മിറ്റി അംഗം.  കെ എസ് ‌വൈ എഫിലൂടെ രാഷ്ട്രീയജീവിതം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 35 വര്‍ഷത്തോളം അധ്യാപകനായും സേവനമനുഷ്ഠിച്ചു. ദീര്‍ഘകാലം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റായിരുന്നു.


പേരാമ്പ്രയിൽ നിന്ന് കുഞ്ഞമ്മദിനൊപ്പം

 
പേരാമ്പ്ര: ജനകീയ എംഎല്‍എയും പതിവുപോലെ കോട്ടയത്ത്നിന്നെത്തിയ സ്ഥാനാര്‍ഥിയും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണയും പേരാമ്പ്രയില്‍. സിറ്റിങ് എംഎല്‍എയും മണ്ഡലത്തിന്റെ ഊടുവഴികള്‍പോലും പരിചിതനുമായ എല്‍ഡിഎഫിലെ കെ കുഞ്ഞമ്മദ് രണ്ടാം അങ്കത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. മാണി കോണ്‍ഗ്രസിലെ കോട്ടയം കങ്ങഴ സ്വദേശി അഡ്വ. മുഹമ്മദ് ഇക്ബാലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഉജ്വല പോരാട്ടങ്ങളിലൂടെ ചരിത്രത്തിലിടം നേടിയ പ്രദേശമാണ് പേരാമ്പ്ര. 
 
ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണാകയ സ്വാധീനമുള്ള മണ്ണ്.1957ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പു മുതല്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ പത്തുതവണയും വിജയം ഇടതുപക്ഷത്തിനായിരുന്നു. എം കുമാരന്‍മാസ്റ്റര്‍, വി വി ദക്ഷിണാമൂര്‍ത്തി, എ കെ പത്മനാഭന്‍, എ കെ രാധ, ടി പി രാമകൃഷ്ണന്‍, കെ കുഞ്ഞമ്മത് എന്നിവരാണ് ഇവിടെനിന്നും വിജയിച്ചത്. 1980നുശേഷം എല്‍ഡിഎഫ് മാത്രമേ ജയിച്ചിട്ടുള്ളു. ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്, മേപ്പയൂര്‍, ചെറുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍, തുറയൂര്‍ എന്നീ പത്ത് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനു നിര്‍ണായകസ്വാധീനമുണ്ട്. നാലരപതിറ്റാണ്ടായി പൊതുരംഗത്ത് സജീവസാന്നിധ്യമായ കുഞ്ഞമ്മതിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു. ദീര്‍ഘകാലം ജില്ലയിലെ പുരോഗമന വിപ്ളവ യുവജന സംഘടനയുടെ നെടുനായകത്വം വഹിച്ച ഇദ്ദേഹം ഇന്നും പോര്‍മുഖങ്ങളില്‍ ജ്വലിക്കുന്ന ആവേശമാണ്. 35 വര്‍ഷത്തെ അധ്യാപകവൃത്തിക്കിടയില്‍ എണ്ണമറ്റ ശിഷ്യസമ്പത്തിനുടമയായ ഇദ്ദേഹം 12 വര്‍ഷം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലയില്‍ ഭരണപാടവം തെളിയിച്ചു. കഴിഞ്ഞതവണ 10,640 വോട്ടിന്റെ ചരിത്രഭൂരിപക്ഷം നേടിയാണ് നിയമസഭയിലെത്തിയത്. 
 
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കൈവരിച്ച അഭൂതപൂര്‍വമായ വികസനമുന്നേറ്റത്തിലൂടെ പേരാമ്പ്ര മണ്ഡലം ശ്രദ്ധേയമായി. സമ്പൂര്‍ണവൈദ്യുതീകരണം, പേരാമ്പ്ര താലൂക്കാശുപത്രി, മലബാര്‍ വന്യജീവി സങ്കേതം, പെരുവണ്ണാമുഴി കക്കയം ഇക്കോ ടൂറിസം പദ്ധതി, കുറ്റ്യാടി ജലസേചനപദ്ധതിയുടെ നവീകരണം തുടങ്ങി ഒട്ടേറെ വികസന നേട്ടവുമായാണ് വീണ്ടും ജനവിധി തേടുന്നത്. 
 
അഡ്വ. മുഹമ്മദ് ഇക്ബാലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനെതിരായ പ്രതിഷേധം ശക്തമാണ്. സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് തെരുവിലറങ്ങി പ്രകടനം നയിക്കാനും കോണ്‍ഗ്രസുകാര്‍ മടിച്ചില്ല. കേരളകോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വാഴൂര്‍ ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 1980 മുതല്‍ 2006വരെ നിയമസഭയിലേക്ക് നടന്ന ഏഴു തെരഞ്ഞെടുപ്പിലും പേരാമ്പ്രയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോറ്റ ചരിത്രമാണുള്ളത്. ഇത്തവണ കേരള കോണ്‍ഗ്രസില്‍നിന്ന് സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ നിരാശയിലാണ് കോണ്‍ഗ്രസുകാര്‍. ബിജെപി സംസ്ഥാന സമിതിയംഗവും മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും വടകര ഗായത്രി വിദ്യാഭവനില്‍ അധ്യാപികയുമായ പി ചന്ദ്രികയാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ഥിയും രംഗത്തുണ്ട്. 
 
ഇ ബാലകൃഷ്ണന്‍
വർഷം: 
2011

Comments

Dear Comrade, വീണ്ടുമൊരിക്കല്‍കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പേരാമ്പ്രയില്‍ നിയോഗിക്കപ്പെട്ടുവെന്നറിഞ്ഞതിലുള്ള സന്തോഷം പങ്ക് വയ്ക്കാനീയവസരം വിനിയോഗിക്കട്ടെ.വീണ്ടുമൊരു ഇടത് സര്‍ക്കാര്‍ എന്ന ജനാഭിലാഷം പൂവണിഞ്ഞുകാണാനുള്ള വര്‍ത്തമാനകാല കേരളരാഷ്ട്രീയ സാഹചര്യത്തില്‍ താങ്കളുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കും മുന്നണിക്കും മുതല്‍കൂട്ടാകുമെന്നതില്‍ സംശയമില്ല.എല്ലാവിധ ഭാവുകങ്ങളും വിജയാശംസകളും നേര്‍ന്ന് കൊണ്ട്, ദോഹ ഖത്തറില്‍ നിന്നും, ഹംസ.വി..കോട്ടപ്പള്ളി

All the best.