21 March 2019, Thursday

കൊച്ചി

സംസ്ഥാനത്തെ ഏറ്റവും ചെറിയ മണ്ഡലമായ മട്ടാഞ്ചേരി ചരിത്രത്തിലേക്ക് മാഞ്ഞപ്പോള്‍ പകരം രൂപീകൃതമായ കൊച്ചി മണ്ഡലം ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന നിരവധി വിഷയങ്ങളാണ് കൊച്ചിയിലുള്ളത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വന്നതോടെ കൊച്ചി തുറമുഖത്തെ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. കൊച്ചി തുറമുഖം ഇപ്പോള്‍ എറണാകുളം മണ്ഡലത്തിലാണ്. എങ്കിലും അവിടെ തൊഴിലെടുക്കുന്നവരില്‍ ഭൂരിഭാഗവും കൊച്ചി മണ്ഡലത്തില്‍നിന്നുള്ളവരാണ്. വല്ലാര്‍പാടം വന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടാല്‍ കൊച്ചി തുറമുഖത്തെ തൊഴില്‍ സംരക്ഷിക്കാനാകും. എന്നാല്‍ അതിനായി യാതൊരു ഇടപെടലും പഴയ മട്ടാഞ്ചേരി മണ്ഡലത്തിലെ ജനപ്രതിനിധിയായ വി കെ ഇബ്രാഹിംകുഞ്ഞോ, കേന്ദ്രമന്ത്രി കെ വി തോമസോ നടത്താത്തത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകും.

പഴയ മട്ടാഞ്ചേരി മണ്ഡലത്തില്‍നിന്ന് തുറമുഖവും വാത്തുരുത്തിയും പോയപ്പോള്‍ പഴയ പള്ളുരുത്തി മണ്ഡലത്തിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തും കൊച്ചി നഗരസഭയിലെ 17 ഡിവിഷനുകളുംകൂടി ചേര്‍ന്നതാണ് പുതിയ കൊച്ചി മണ്ഡലം. തുടര്‍ച്ചയായി രണ്ടുതവണ മട്ടാഞ്ചേരിയില്‍നിന്ന് ജയിച്ചുവന്ന യുഡിഎഫിലെ വി കെ ഇബ്രാഹിംകുഞ്ഞ് മണ്ഡലത്തിന്റെ വികസനത്തിനായി കാര്യമായൊന്നും ചെയ്തില്ല. ബൗണ്ടറി കനാല്‍ നവീകരണത്തിനും ഫോര്‍ട്ട്‌കൊച്ചി കടപ്പുറം സൗന്ദര്യവല്‍ക്കരണത്തിനുമായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ശരിക്കും വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. മട്ടാഞ്ചേരിയിലെ വിഷയമായ ചേരിനിര്‍മാര്‍ജനത്തിനായി ഒന്നുംചെയ്യാന്‍ കഴിയാത്തതും വിഷയമാകും. ബഹുകുടുംബപദ്ധതിയും എല്‍ഡിഎഫ് നഗരസഭ ഭരിക്കുമ്പോള്‍ നടപ്പാക്കിയ പദ്ധതികളാണ്. ഫിഷറീസ് ഹാര്‍ബറിന്റെ ശോച്യാവസ്ഥയും മട്ടാഞ്ചേരി ബസാറിന്റെ തകര്‍ച്ചയും യുടിഎഫിന് വിനയാകും.

അതേസമയം സി എം ദിനേശ്മണി എംഎല്‍എ പള്ളുരുത്തി നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫിന് ഗുണംചെയ്യും. പള്ളുരുത്തി കച്ചേരിപ്പടിയിലെ കടലാക്രമണഭീഷണി നേരിടുന്നതിനായി നിര്‍മിച്ച പുലിമുട്ടുകള്‍, ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍, തീരദേശ റോഡ് എന്നിവ എടുത്തുപറയേണ്ടതാണ്.കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകള്‍ ഇപ്പോള്‍ ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തുകളാണിത്. നഗരസഭാ ഡിവിഷനുകളില്‍ ഭൂരിഭാഗവും കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പല്‍ യുഡിഎഫിനൊപ്പംനിന്നെങ്കിലും  ഇവ ഇടതുപക്ഷത്തിന് ശക്തമായ സാന്നിധ്യമുള്ള ഡിവിഷനുകളാണ്.

മുന്നണികളെ മാറിമാറി തുണയ്ക്കുന്ന രീതിയാണ് പഴയ മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ ഇവ ഉള്‍പ്പെട്ട കൊച്ചി മണ്ഡലം ആരെ തുണയ്ക്കുമെന്നത് പ്രവചനാതീതമാണ്. പഴയ മട്ടാഞ്ചേരി മണ്ഡലം ലത്തീന്‍ കത്തോലിക്കാവിഭാഗത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ്. കൊച്ചി മണ്ഡലമായപ്പോള്‍ ഇതിനു മാറ്റംവന്നില്ലെന്നുമാത്രമല്ല ലത്തീന്‍വിഭാഗത്തിന് മുന്‍തൂക്കം വര്‍ധിക്കുകയും ചെയ്തു. ഇത് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ഈഴവ മുസ്ലീം വിഭാഗത്തിന്റെ നിലപാട് നിര്‍ണായകമാകും.  ലത്തീന്‍വിഭാഗമൊന്നടങ്കം യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ്.

അതേസമയം ജാതിഭേദമെന്യേ എല്ലാവരും എല്‍ഡിഎഫിനെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. സീറ്റിനായി കോണ്‍ഗ്രസും ലീഗുംതമ്മില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്‍പെ തര്‍ക്കംതുടങ്ങിയതാണ്. സീറ്റ് കോണ്‍ഗ്രസ് ലീഗില്‍നിന്നും പിടിച്ചെടുക്കാനുള്ള നീക്കവുമുണ്ട്. രൂപതയും ലീഗിന് കൊച്ചി സീറ്റ് നല്‍കുന്നതില്‍ എതിര്‍ക്കുന്നുണ്ട്. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം യുഡിഎഫിന് തലവേദനയാകും. സോഷ്യലിസ്റ്റ് ജനതയും സീറ്റിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ 15,3215 വോട്ടര്‍മാരാണുള്ളത്. ഇതിനുപുറമെ പുതിയ വോട്ടര്‍മാരുടെ നിലപാടും നിര്‍ണായകമാകും.

Malayalam
ജില്ല: