കോതമംഗലം
സ്ഥാനാർത്ഥി
മണ്ഡലപുനര്‍നിര്‍ണയത്തോടെ രൂപവും ഭാവവും മാറിയ കോതമംഗലത്ത് തീ പാറുന്ന പോരാട്ടത്തിന് വേദിയൊരുങ്ങി. മണ്ഡലപുനര്ക്രമീകരണത്തില് മൂന്നു പഞ്ചായത്തുകള്‍ കോതമംഗലത്ത് നിന്നും വേര്‍പെട്ടപ്പോള്‍ ഇടതുപക്ഷത്തിന് ഗണ്യമായ സ്വാധീനമുള്ള കുട്ടമ്പുഴ, പഞ്ചായത്ത് കോതമംഗലത്തേക്ക് കൂട്ടി ചേര്‍ക്കപ്പെട്ടതാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ ബലാബലത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കിട വരുത്തിയിരിക്കുന്നത്. കോട്ടപ്പടി, പിണ്ടിമന, നെല്ലിക്കുഴി, കീരംപാറ, വാരപ്പെട്ടി, പല്ലാരിമംഗലം, കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിലും നഗരസഭയുമുള്‍പ്പെടുന്ന മണ്ഡലത്തില്‍ 72,087 പുരുഷവോട്ടര്‍മാരും 69,414 വനിതാ വോട്ടര്‍മാരുമുള്‍പ്പെടെ 1,41,051 വോട്ടര്‍മാരാണുള്ളത്. ഇടതുമുന്നണിയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയായി ജയിച്ച ടി യു കുരുവിളയാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യന്നത്. ജോസഫ് ഗ്രൂപ്പ് മാണി കോണ്‍ഗ്രസില്‍ ലയിച്ചതോടെ ഇടതുപക്ഷത്തിന്റെ ഭാഗമായി വിജയിച്ച കുരുവിള ഐക്യമുന്നണിയുടെ ലാവണത്തില്‍ എത്തുകയായിരുന്നു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോകസഭാ ഇലക്ഷനിലും മോധാവിത്വം നേടി വിജയിച്ച ഐക്യമുന്നണിയില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായഭിന്നത അനുദിനം വര്‍ധിച്ചുവരുന്നത് യു ഡി എഫ് അണികള്‍ക്കിടയില്‍ തന്നെ വന്‍ ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്. പൊതുവേ യു ഡി എഫ് അനുഭാവം പുലര്‍ത്തിവന്ന മണ്ഡലത്തില്‍ 1967 ല്‍ ടി എം മീതിയനും 2006 ല്‍ ടി യു കുരുവിളയും മാത്രമാണ് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് ഇതുവരെ വിജയിച്ചിട്ടുള്ളത്. എങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും വര്‍ഗബഹുജന സംഘടനകളുടെയും ശക്തി തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും ഏറെ ഭിന്നമാണ്. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കോതമംഗലം മെല്ലെ ഇടതുപക്ഷത്തേക്ക് ചായുന്നതിന്റെ സൂചനയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. നിലവില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ പുരോഗമിച്ചതോടെ പ്രാദേശികതലത്തില്‍ യു ഡി എഫ് കക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷം തെരുവിലേക്കെത്തി നില്‍ക്കുകയാണ്. എറണാകുളം ഡി സി സി പ്രസിഡന്റായ വി ജെ പൗലോസിനെ കഴിഞ്ഞതവണ 1814 വോട്ടിന് പരാജയപ്പെടുത്തിയാണ് ടി യു കുരുവിള വിജയിച്ചത്. സിറ്റിംഗ് സീറ്റെന്ന നിലയില്‍ മണ്ഡലം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കേരളകോണ്‍ഗ്രസ് മാണി വിഭാഗം വാദിക്കുമ്പോള്‍ സീറ്റ് വിടുകൊടുക്കില്ല എന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.