29 April 2017, Saturday

ചാത്തന്നൂർ

ചാത്തന്നൂര്‍ എന്ന നിയോജകമണ്ഡലം പിറക്കുന്നത് 1965ലാണ്. ആദ്യം പരവൂരും പിന്നെ ഇരവിപുരവുമായിരുന്നു. 1951ലെ തിരു-കൊച്ചി ലജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പില്‍ പരവൂരില്‍ വിജയിച്ചത് പി രവീന്ദ്രന്‍ എന്ന സ്വതന്ത്രനായിരുന്നു. കോണ്‍ഗ്രസ് നേതാവ് കുഞ്ഞികൃഷ്ണനെതിരെ നേടിയ അട്ടിമറി വിജയം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു.1951 കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മിക്കവാറും ഒളിവിലായിരുന്നു. പാര്‍ട്ടി സംഘടന പൊതുവേ ശിഥിലവും. അതുകൊണ്ട് 51 ലെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി പാര്‍ട്ടി ഏറ്റെടുത്തു. അന്ന് പാര്‍ട്ടി അനുഭാവികളായ ചെറുപ്പക്കാരെ പലയിടത്തും സ്ഥാനാര്‍ഥികളാക്കി. അക്കൂട്ടത്തില്‍ എം എന്റെ കണ്ടെത്തലായിരുന്നു പി രവീന്ദ്രനെന്ന യുവ അഭിഭാഷകന്‍. ആ തിരഞ്ഞെടുപ്പില്‍ പി രവീന്ദ്രന്റെ ഭൂരിപക്ഷം 7790 വോട്ടായിരുന്നു. ആകെ കിട്ടിയ വോട്ട് 16772. എതിര്‍ സ്ഥാനാര്‍ഥി കുഞ്ഞികൃഷ്ണന് (കോണ്‍ഗ്രസ്) കിട്ടിയത് 8982 വോട്ടും.

1954 ലെ തിരഞ്ഞെടുപ്പിലും വിധി ആവര്‍ത്തിച്ചു. ആ തിരഞ്ഞെടുപ്പില്‍ പി രവീന്ദ്രന്‍ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തിലാണ് മത്സരിച്ചത്. ഭൂരിപക്ഷം 3878 വോട്ട്. 15551 വോട്ട് പി രവീന്ദ്രന് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി കെ എന്‍ ഗോപാലപിള്ള (കോണ്‍ഗ്രസ്) യ്ക്ക് 11673 വോട്ട് ലഭിച്ചു.ഐക്യകേരളം രൂപംകൊണ്ടശേഷം ആദ്യം നടന്ന 57 ലെ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ ഉള്‍പ്പെട്ട പ്രദേശം ഇരവിപുരമായി മാറി. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി രവീന്ദ്രന്‍ 10360 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പി എസ് പിയിലെ കുഞ്ഞികൃഷ്ണപിള്ള (8762 വോട്ട്), ആര്‍ എസ് പിയിലെ കെ ബാലകൃഷ്ണന്‍ (5197 വോട്ട്), കോണ്‍ഗ്രസിലെ പി രാമചന്ദ്രന്‍ (7467 വോട്ട്) എന്നിവരായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍. പി രവീന്ദ്രന് ലഭിച്ചത് 19122 വോട്ടായിരുന്നു.

1960 ലെ രണ്ടാംനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും ഇരവിപുരത്ത് പി രവീന്ദ്രന്‍ തന്നെയാണ് വിജയിച്ചത്. വിമോചനസമരം കഴിഞ്ഞുള്ള ഈ തിരഞ്ഞെടുപ്പില്‍ പി രവീന്ദ്രന് 255480 വോട്ടും പി എസ് പിയിലെ ഭാസ്‌ക്കരന്‍പിള്ളയ്ക്ക് 23689 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 1859 വോട്ട്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിന് ശേഷം നടന്ന 65 ലെ തിരഞ്ഞെടുപ്പില്‍ പുതുതായി രൂപംകൊണ്ട ചാത്തന്നൂര്‍ സീറ്റില്‍ തങ്കപ്പന്‍പിള്ള(സ്വതന്ത്രന്‍) 768 വോട്ടിന് വിജയിച്ചു. തൊട്ടടുത്ത് സി പി ഐയിലെ പി രവീന്ദ്രന് 16695 വോട്ടും കോണ്‍ഗ്രസിലെ സി വി പത്മരാജന് 8804 വോട്ടും സി പി എമ്മിലെ എ ഹരിദാസന് 4627 വോട്ടും ലഭിച്ചു.

മൂന്നാം നിയമസഭയിലേക്കുള്ള 1967ലെ തിരഞ്ഞെടുപ്പില്‍ പി രവീന്ദ്രന്‍ 11209 വോട്ടിന് കേരളാ കോണ്‍ഗ്രസിലെ എസ് ടി പിള്ളയെ തോല്‍പ്പിച്ചു. പി രവീന്ദ്രന് 27181 വോട്ടും എസ് ടി പിള്ളയ്ക്ക് 15972 വോട്ടും കോണ്‍ഗ്രസിലെ കെ എന്‍ ജി കുറുപ്പിന് 6271 വോട്ടുമാണ് ലഭിച്ചത്.1970 ലും പി രവീന്ദ്രന്റെ വിജയം ആവര്‍ത്തിച്ചു. ഭൂരിപക്ഷം 13948 വോട്ട്. അദ്ദേഹത്തിന് 28730 വോട്ടും കേരളാ കോണ്‍ഗ്രസിലെ എസ് തങ്കപ്പന്‍ പിള്ളയ്ക്ക് 14782 വോട്ടും ഐ എസ് പിയിലെ വരിഞ്ഞം വാസുപിള്ളയ്ക്ക് 12912 വോട്ടും ലഭിച്ചു.

1977 ല്‍ സി പി ഐയിലെ ജെ ചിത്തരഞ്ജനായിരുന്നു സ്ഥാനാര്‍ഥി. 18771 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. അദ്ദേഹത്തിന് 38787 വോട്ടും എതിര്‍സ്ഥാനാര്‍ഥി ബി എല്‍ ഡിയിലെ വരിഞ്ഞം വാസുപിള്ളയ്ക്ക് 20016 വോട്ടുമാണ് ലഭിച്ചത്. 1980 ലും ചിത്തരഞ്ജന്റെ വിജയം ആവര്‍ത്തിച്ചു. ഭൂരിപക്ഷം 15,367. ചിത്തരഞ്ജന് 34087 വോട്ടും വരിഞ്ഞം വാസുപിള്ളയ്ക്ക് (ജനത) 28670 വോട്ടും ലഭിച്ചു. 1982 ല്‍ ജെ ചിത്തരഞ്ജനെ കോണ്‍ഗ്രസിലെ സി വി പത്മരാജന്‍ 5802 വോട്ടിന് തോല്‍പ്പിച്ചു. പത്മരാജന് 37811 വോട്ടും ചിത്തരഞ്ജന് 32009 വോട്ടുമാണ് ലഭിച്ചത്.

1987 ല്‍ എട്ടാം നിയസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പി രവീന്ദ്രന്‍ 2456 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. പി രവീന്ദ്രന് 46501 വോട്ടും സി വി പത്മരാജന് 44045 വോട്ടുമാണ് ലഭിച്ചത്.

91 ല്‍ സി വി പത്മരാജന്‍ വിജയിച്ചു. ഭൂരിപക്ഷം 4511. എതിര്‍സ്ഥാനാര്‍ത്ഥി പി രവീന്ദ്രന് 49244 വോട്ടും പത്മരാജന് 53725 വോട്ടും ലഭിച്ചു. 96ലെ തെരഞ്ഞെടുപ്പില്‍ പി രവീന്ദ്രന്‍, സി വി പത്മരാജനെ വീണ്ടും തോല്‍പ്പിച്ചു.പി രവീന്ദ്രന് 49083 വോട്ടും സി വി പത്മരാജന് 46969 വോട്ടുമാണ് ലഭിച്ചത്. ഭൂരിപക്ഷം 2115. പി രവീന്ദ്രന്റെ മരണത്തെ തുടര്‍ന്ന് 98ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഐയിലെ എന്‍ അനിരുദ്ധനാണ് വിജയിച്ചത്. സി വി പത്മരാജനെ 3938 വോട്ടിന് അദ്ദേഹം തോല്‍പ്പിച്ചു.

2001 ല്‍ ജി പ്രതാപവര്‍മ്മ തമ്പാന്‍ (കോണ്‍ഗ്രസ്) 547 വോട്ടിന് എന്‍ അനിരുദ്ധനെ തോല്‍പ്പിച്ചു. തമ്പാന് 53304 വോട്ടും അനിരുദ്ധന് 52757 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ 2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ അനിരുദ്ധന്‍ 23180 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പ്രതാപവര്‍മ്മതമ്പാനെ തോല്‍പ്പിച്ചു. അനിരുദ്ധന് 59,379 വോട്ടും തമ്പാന് 36199 വോട്ടുമാണ് ലഭിച്ചത്.

മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് പരവൂര്‍ നഗരസഭയിലെ 29 ഡിവിഷനുകളില്‍ ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, പൂതക്കുളം, നെടുമ്പന, ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു. ഇപ്പോള്‍ പരവൂര്‍ നഗരസഭ, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, പൂതക്കുളം, ഇല്ലാതായ നെടുവത്തൂരിലെ പൂയപ്പള്ളി പഞ്ചായത്തുമാണ് ഉള്‍പ്പെടുന്നത്

Malayalam
ജില്ല: