12 December 2017, Tuesday

തൃക്കാക്കര

പുതിയതായി രൂപംകൊണ്ട നിയമസഭാ മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധനേടുന്ന മണ്ഡലമാണ് തൃക്കാക്കര. കേരളം മുഴുവന്‍ ചര്‍ച്ചചെയ്യുംചെയ്യപ്പെടുന്ന വികസനസ്വപ്‌നമായ സ്മാര്‍ട്ട്‌സിറ്റിയുടെ തട്ടകം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തവണയും ഒരുപോലെ കേരളം ചര്‍ച്ചചെയ്യുന്ന സ്മാര്‍ട്ട്‌സിറ്റിയുടെ മണ്ണില്‍ കന്നിപോരാട്ടമാണ്. വികസനത്തിന്റെ രാഷ്ട്രീയം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വാഗ്ദാനങ്ങളുടെ സഫലീകരണത്തിന്റെ ഓരോ ഘട്ടത്തില്‍ സാക്ഷിയാണ് ഈ ഐടി ഹബ്ബ്. 

കേരളത്തിന്റെ ഐടിസ്വപ്‌നമായ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് തുടക്കംകുറിക്കാന്‍കഴിഞ്ഞതും ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ആരംഭംകുറിച്ചതുമെല്ലാം  ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. സംസ്ഥാനത്തിന് കൈവിട്ടുപോകുമെന്ന് വിചാരിച്ചിരുന്ന ഇന്‍ഫോപാര്‍ക്കിന്റെ വന്‍കുതിപ്പിന് കളമൊരുക്കിയത്. ഇടതുമുന്നണിയുടെ സന്ദര്‍ഭോചിതമായ ഇടപെടലുകളാണ് മറ്റൊരു ഐടി അധിഷ്ഠിത പദ്ധതിയായ സൈബര്‍സിറ്റി പദ്ധതിയും വരുന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ പരിധിയിലാണ് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ കരാറില്‍ ഒപ്പിടാന്‍കഴിഞ്ഞത്. ഇടതുമുന്നണിയുടെ പ്രതിഛായ മണ്ഡലത്തില്‍ ഏറെ വര്‍ധിപ്പിച്ചിരിക്കുകയാണ്.
 
ജില്ലാആസ്ഥാനമായ കലക്ടറേറ്റ് സ്ഥിതിചെയ്യുന്ന തൃക്കാക്കര മണ്ഡലം പഴയ തൃപ്പൂണിത്തുറ വിഭജിച്ച് രൂപംകൊണ്ടതാണ്. തൃക്കാക്കര നഗരസഭയ്‌ക്കൊപ്പം കൊച്ചിന്‍ കോര്‍പ്പറേഷന്റെ 16 ഡിവിഷനുകള്‍കൂടി അടങ്ങിയതാണ് പുതിയ മണ്ഡലം. നേരത്തെ തൃപ്പുണിത്തുറ മണ്ഡലത്തിലായിരുന്ന ചേരാനല്ലൂര്‍ പഞ്ചായത്ത് തൃക്കാക്കരയില്‍നിന്ന് വേര്‍പ്പെടുത്തപ്പെട്ടതോടെ നഗരസഭാ ഡിവിഷനുകള്‍ അടങ്ങുന്ന മണ്ഡലമെന്ന പ്രത്യേകതകൂടി തൃക്കാക്കര നേടുകയാണ്. തൃക്കാക്കര നഗരസഭയിലെ 43 വാര്‍ഡുകളും കൊച്ചി കോര്‍പ്പറേഷന്റെ 31, 33, 34 ഡിവിഷനുകളും 36 മുതല്‍ 51 വരെയുള്ള ഡിവിഷനുകളുമാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, പൊന്നുരുന്നി, കടവന്ത്ര, വൈറ്റില എന്നീ പ്രധാനപ്പെട്ട കോര്‍പ്പറേഷന്‍ മേഖലകള്‍ വരുന്നതോടെ മണ്ഡലത്തിന്റെ ചിത്രം വിപുലമാകുകയാണ്. സാധാരണക്കാര്‍ക്കൊപ്പം രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ചേക്കേറിയ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മണ്ഡലത്തിലെ നിര്‍ണായകഘടകങ്ങളാണ്.ആകെയുള്ള 157456 വോട്ടര്‍മാരില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 80346 സ്ത്രീവോട്ടര്‍മാരും 77110 പുരുഷവോട്ടര്‍മാരും മണ്ഡലത്തിന്റെ ഭാഗധേയം നിശ്ചയിക്കാനുണ്ട്.
 
യുഡിഎഫിന് മേല്‍കൈ ഉണ്ടായിരുന്ന പ്രദേശങ്ങളുടെ രാഷ്ട്രീയാവസ്ഥയ്ക്കു മണ്ഡലപുനര്‍നിര്‍ണയം വന്നതോടെ മാറ്റംവന്നിരിക്കുകയാണ്. ഇതാണ് യുഡിഎഫിനെ ഏറെ ഭയപ്പെടുത്തുന്നത്. തൃപ്പൂണിത്തുറ നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നപ്പോള്‍ തൃക്കാക്കര മണ്ഡലത്തിലുണ്ടായിരുന്ന ഡിവിഷനുകള്‍ക്ക് പുനര്‍വിഭജനത്തില്‍ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ഇതില്‍ 18 ഡിവിഷനുകളില്‍ ഭൂരിപക്ഷവും കഴിഞ്ഞ 30 വര്‍ഷമായി ഇടതുപക്ഷത്തിന് മേല്‍കൈയുള്ളതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി തൃക്കാക്കര ഗ്രാമപഞ്ചായത്ത് ഭരിച്ചുവന്നതും ഇടതുമുന്നണിയാണ്. അതുകൊണ്ടുതന്നെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഐടിമേഖലയിലെ വികസനങ്ങള്‍ക്കൊപ്പം അടിസ്ഥാനസൗകര്യങ്ങളുടെ വികസനങ്ങളും ഇടതുസ്ഥാനാര്‍ഥികള്‍ക്ക് അനുകൂലസാഹചര്യമൊരുക്കുകയാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് നേടാനായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും നേടാന്‍കഴിയുമെന്നാണ് പൊതുവെ വിലയിരുത്തല്‍.
Malayalam
ജില്ല: