19 March 2019, Tuesday

തൃപ്പൂണിത്തുറ

സ്ഥാനാർത്ഥി

ചരിത്രനഗരമെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയുടെ രാഷ്ട്രീയചിത്രം പ്രവചനാതീതമാക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്. അഞ്ചുവട്ടം ഇടതുപക്ഷത്തെയും ആറുപ്രാവശ്യം യുഡിഎഫിനെയും തുണച്ച രാഷ്ട്രീയചരിത്രമാണ് തൃപ്പൂണിത്തുറയുടേത്. പുതിയ പ്രദേശങ്ങളിലേക്കു വ്യാപിച്ച് പുത്തന്‍ മുഖഛായയോടെ 14-ാം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മണ്ഡലം രാഷ്ട്രീയനിരീക്ഷകരിലും കൌതുകമുണര്‍ത്തുന്നു.

മണ്ഡലാതിര്‍ത്തി പുനഃക്രമീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ തൃപ്പൂണിത്തുറയുടെ മുഖഛായയില്‍ വലിയ മാറ്റമുണ്ടായിരിക്കുന്നു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും തൃക്കാക്കര, ചേരാനല്ലൂര്‍, ഉദയംപേരൂര്‍ പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ ഭാഗമായ വെണ്ണല, പാലാരിവട്ടം, ഇടപ്പള്ളി പ്രദേശങ്ങളും ചേര്‍ന്നതാണ് പഴയ മണ്ഡലം. പുതിയ അതിര്‍ത്തിപ്രകാരം തൃക്കാക്കര, ചേരാനല്ലൂര്‍ പഞ്ചായത്തുകള്‍ ഒപ്പമില്ല. പകരം കുമ്പളം പഞ്ചായത്തും മരട് നഗരസഭയും കൊച്ചി കോര്‍പറേഷനിലെ പള്ളുരുത്തി, ഇടക്കൊച്ചി പ്രദേശത്തെ 11 മുതല്‍ 18 വരെ ഡിവിഷനുകളും ഒപ്പംചേരുന്നു. ആകെ വോട്ടര്‍മാര്‍ 1,69,845. ഇതില്‍ 83,574 പുരുഷന്മാരും 86,271 സ്ത്രീകളുമാണ്.

1965ലാണ് മണ്ഡലം രൂപീകൃതമായത്. ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള വലുപ്പമേറിയ മണ്ഡലം തൃപ്പൂണിത്തുറയായിരുന്നു. മണ്ഡല പുനര്‍നിണയത്തോടെ ആ സ്ഥാനം പിറവത്തിനായി. മൂവായിരത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞു. ഭൂമിശാസ്ത്രപരമായ പ്രത്യേകത പരിശോധിച്ചാല്‍ സ്വാഭാവികമായും തൃപ്പൂണിത്തുറയോടു ചേരേണ്ട പ്രദേശങ്ങളാണ് ഇപ്പോള്‍ മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ളത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ തുടങ്ങി കുമ്പളം പഞ്ചായത്ത്, മരട് നഗരസഭ എന്നിവയിലൂടെ പള്ളുരുത്തി തെക്കും വടക്കും പ്രദേശങ്ങളും സമീപത്തെ ഇടക്കൊച്ചി പ്രദേശവും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ കാര്‍ഷികപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന തീരദേശഗ്രാമമായ ഉദയംപേരൂര്‍കൂടി ഉള്‍പ്പെടുന്നതോടെ പുതിയ ചിത്രം പൂര്‍ത്തിയാകുന്നു. കൊച്ചി നഗരത്തോടു ചേര്‍ന്ന് പാര്‍പ്പിടകേന്ദ്രവും ഉപഗ്രഹനഗരവുമായി വളരുന്ന പ്രദേശങ്ങളാണിത്. നഗരത്തിലും സമീപ മണ്ഡലമായ തൃക്കാക്കര ആസ്ഥാനമായ കാക്കനാട്ടും പൂര്‍ത്തിയാകുന്ന വന്‍കിട വികസനപദ്ധതികള്‍ക്കൊപ്പം വളര്‍ച്ച നേടാന്‍ ഈ മണ്ഡലത്തിനാകും.

കൊച്ചി രാജ്യത്തിന്റെ ആസ്ഥാനവും കാര്‍ഷിക-വ്യവസായ-മത്സ്യബന്ധന മേഖലയും ഏറ്റവും വിലയേറിയ പാര്‍പ്പിടകേന്ദ്രവുമായ തൃപ്പൂണിത്തുറ മണ്ഡലം ഇതുവരെ നാലു മന്ത്രിമാരെ സംഭാവന ചെയ്തിട്ടുണ്ട്. മണ്ഡലത്തിലെ ആദ്യ പ്രതിനിധി സിപിഐ എമ്മിലെ ടി കെ രാമകൃഷ്ണനായിരുന്നു. സിപിഐ എം നേതാവായിരുന്ന വി വിശ്വനാഥമേനോനും കോണ്‍ഗ്രസിലെ പോള്‍ പി മാണിയും എന്‍ഡിപിയിലെ കെ ജി ആര്‍ കര്‍ത്തായും മണ്ഡലത്തില്‍ നിന്നു ജയിച്ച് ഓരോവട്ടം മന്ത്രിമാരായി. നാലുതവണവീതം ടി കെയും കോണ്‍ഗ്രസിലെ കെ ബാബുവും മണ്ഡലത്തിന്റെ പ്രതിനിധിയായി. 2006ലെ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ കെ എന്‍ രവീന്ദ്രനാഥിനെ പരാജയപ്പെടുത്തിയാണ് കെ ബാബു വിജയിച്ചത്.

മൂന്നര പതിറ്റാണ്ടത്തെ തുടര്‍ച്ചയായ എല്‍ഡിഎഫ് ഭരണത്തിനു വിരാമമിട്ട് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി നേരിയ ഭൂരിപക്ഷത്തോടെ ഇപ്പോള്‍ യുഡിഎഫ് പക്ഷത്താണ്. കുമ്പളം പഞ്ചായത്തും മരട് നഗരസഭയും യുഡിഎഫ് ഭരണത്തില്‍. ഉദയംപേരൂര്‍ എല്‍ഡിഎഫിനൊപ്പവും. വന്‍ വികസനപദ്ധതികളുടെ കേന്ദ്രമായി മാറുന്ന കൊച്ചിയുടെയും പുതിയ കൊച്ചിയെന്നറിയപ്പെടുന്ന തൃക്കാക്കരയുടെയും സമീപ മണ്ഡലമെന്ന നിലയില്‍ തൃപ്പൂണിത്തുറയിലും വികസനപ്രശ്നങ്ങള്‍തന്നെയാകും വരുന്ന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക. ഉദയംപേരൂര്‍ സുന്നഹദോസ് പള്ളി, ശ്രീപൂര്‍ണത്രയീശ ക്ഷേത്രം, ദക്ഷിണേന്ത്യയിലെ ശാന്തിനികേതന്‍ എന്നറിയപ്പെടുന്ന ആര്‍എല്‍വി കോളേജ് തുടങ്ങി എണ്ണമറ്റ ചരിത്രശേഷിപ്പുകളുടെ പെരുമ പേറുമ്പോഴും അടിസ്ഥാനസൌകര്യങ്ങളുടെ പോരായ്മ വികസനമുരടിപ്പ് ഉണ്ടാക്കുന്നു. കിഴക്കിന്റെ കവാടമായ തൃപ്പൂണിത്തുറയില്‍ പുതിയ റോഡുകളും അനുബന്ധ സൌകര്യങ്ങളും ഇനിയും ഉണ്ടായിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍ വികസനവും കടലാസില്‍മാത്രം.

Malayalam
ജില്ല: