18 November 2017, Saturday

തോമസ് ചാണ്ടി

Malayalam

കുട്ടനാട് എംഎല്‍എയായ തോമസ്ചാണ്ടി ഇത് മൂന്നാം തവണയാണ് കുട്ടനാട്ടില്‍നിന്ന് ജനവിധി തേടുന്നത്. ആദ്യം ഡിഐസി സ്ഥാനാര്‍ഥിയായും പിന്നീട് എന്‍സിപിയിലൂടെ എല്‍ഡിഎഫ് പാനലിലും മത്സരിച്ച് വിജയിച്ചു. ഒരു പതിറ്റാണ്ടിനിടെ കുട്ടനാട്ടില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ നേട്ടവുമായാണ് ഇക്കുറി വീണ്ടും ജനകീയാംഗീകാരം തേടുന്നത്. കുട്ടനാട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി സ്വന്തം പണം ചെലവിട്ട് സ്ഥലംവാങ്ങി നല്‍കിയതുള്‍പ്പെടെ എടുത്തുപറയത്തക്ക നിരവധി നേട്ടങ്ങള്‍ തോമസ് ചാണ്ടിയുടേതായുണ്ട്.  

പുരാതനമായ കല്ലേകടമ്പില്‍ തറവാട്ടു ശാഖയായ വെട്ടിക്കാട് കളത്തില്‍ പറമ്പില്‍ വി സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ആഗസ്ത് 29ന് ചേന്നങ്കരിയിലാണ് ജനനം. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേക്കു കടന്നു വന്ന ഈ അറുപത്തിമൂന്നുകാരന്‍ കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, കാര്‍ഷിക, ടൂറിസം വ്യവസായ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്.

പ്രാഥമിക വിദ്യാഭ്യാസം ചേന്നങ്കരി ദേവമാതാ സ്കൂളിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കൈനകരി സെന്റ് മേരീസ് ഹൈസ്കൂള്‍, ആലപ്പുഴ ലീയോ തേര്‍ട്ടീന്ത് സ്കൂളിലും പൂര്‍ത്തിയാക്കി. മദ്രാസില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷനില്‍ ഡിപ്ളോമ നേടി.

ദീര്‍ഘകാലമായി ആലപ്പുഴ നെഹ്റുട്രോഫി വള്ളംകളിയുടെ മുഖ്യ സംഘാടകനാണ്. കുട്ടനാട്ടിലെ വള്ളംകളി മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കി.

മൂന്ന് പതിറ്റാണ്ടായി ഇദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടി. കുവൈറ്റ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള തോമസ് ചാണ്ടി, കുവൈറ്റ് യുദ്ധകാലത്ത് ഇവാക്യുവേഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു. എന്‍സിപിയുടെ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. മാര്‍ത്തോമാ സഭാ കൌണ്‍സില്‍ അംഗവുമാണ്. ചേന്നങ്കരി വടക്കേകളം കുടുംബാംഗമായ മേഴിസി ചാണ്ടിയാണ് ഭാര്യ. മക്കള്‍: ബെറ്റി ചാണ്ടി (അമേരിക്ക), ഡോ. റ്റോബി ചാണ്ടി, ടെസ്സി ചാണ്ടി. മരുമക്കള്‍: ലൈനി മാത്യു. ഡോ. അന്‍സു സൂസന്‍ സണ്ണി.

വർഷം: 
2016