30 April 2017, Sunday

നേമം

നഗരത്തിന്റെ കിഴക്കേ അറ്റത്തെ നിയമസഭാ മണ്ഡലമായ നേമം എല്‍ഡിഎഫിന്റെ ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്. നഗരസഭയുടെ 22 വാര്‍ഡും ഒരു വാര്‍ഡിന്റെ മുക്കാല്‍ പ്രദേശവും ഉള്‍ക്കൊണ്ടിരിക്കുന്നു. പഴയ നേമം, കോവളം, തിരുവനന്തപുരം ഈസ്റ്, നോര്‍ത്ത്, വെസ്റ് മണ്ഡലങ്ങളിലെ വാര്‍ഡുകള്‍ ചേര്‍ത്താണ് നേമം മണ്ഡലം രൂപീകരിച്ചിട്ടുള്ളത്. നോര്‍ത്തില്‍നിന്നുള്ള തിരുമല, ഈസ്റില്‍നിന്നുള്ള തൃക്കണ്ണാപുരം, പുന്നയ്ക്കാമുകള്‍, പൂജപ്പുര, മുടവന്‍മുകള്‍, കരമന, നെടുങ്കാട്, കാലടി, കളിപ്പാന്‍കുളം, അമ്പലത്തറ, ആറ്റുകാല്‍ വാര്‍ഡും നേമത്തുണ്ടായിരുന്ന പാപ്പനംകോട്, എസ്റ്റേറ്റ്, നേമം, പൊന്നുമംഗലം, മേലാങ്കോട്, വെസ്റിലുണ്ടായിരുന്ന കമലേശ്വരം, പുത്തന്‍പള്ളി, മുട്ടത്തറ വാര്‍ഡിന്റെ ഒരുഭാഗം കോവളം മണ്ഡലത്തലുണ്ടായിരുന്ന പുഞ്ചക്കരി, പാച്ചല്ലൂര്‍, വെള്ളാര്‍, പുങ്കുളം എന്നീ വാര്‍ഡുകളാണ് മണ്ഡലത്തിലുള്ളത്.

പഴയ നേമം മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകള്‍ കാട്ടാക്കട, കോവളം മണ്ഡലങ്ങളിലേക്ക് പോയി. തിരുവനന്തപുരം നഗരത്തില്‍ ഏറ്റവുമധികം വികസനപ്രവര്‍ത്തനം നടന്ന ഭാഗമാണ് ആറ്റുകാല്‍ മേഖല. തിരുവനന്തപുരം ഈസ്റ്റിന്റെ ഭാഗമായിരുന്ന ആറ്റുകാല്‍ ഇപ്പോള്‍ നേമം മണ്ഡലത്തിലാണ്. നീറമണ്‍കര എന്‍എസ്എസ് കോളേജ്, പാപ്പനംകോട് ആര്‍ആര്‍എല്‍, കൈമനം ആര്‍ടിടിസി, പാപ്പനംകോട് കെഎസ്ആര്‍ടിസി ബോഡി ബില്‍ഡിങ് യൂണിറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ മണ്ഡലത്തിന് മുതല്‍ക്കൂട്ടാണ്. ആകെ വോട്ടര്‍മാര്‍- 1,69,283. പുരുഷന്മാര്‍- 81,747, സ്ത്രീകള്‍- 87,536.

 


പുനസംഘടനയില്‍ പൂര്‍ണമായും മുഖച്ഛായ മാറിയ മണ്ഡലമാണ് നേമം നിയോജകമണ്ഡലം. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. പുനസംഘടനയില്‍ ഗ്രാമപഞ്ചായത്തുകള്‍ മാറുകയും നഗരസഭ വാര്‍ഡുകള്‍ ഉള്‍പ്പെട്ടതുമാണ് നിലവിലുള്ള നേമം നിയോജകമണ്ഡലം.

1957 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ഥി എ സദാശിവനെ വിജയിപ്പിച്ച് മണ്ഡലം അതിന്റെ ഇടത് ആഭിമുഖ്യം തെളിയിച്ചു. പി എസ് പിയിലെ വിശ്വംഭരനെയാണദ്ദേഹം പരാജയപ്പെടുത്തിയത്. 1960 ല്‍ വിശ്വംഭരന്‍ വിജയം നേടി. 1965 ല്‍ സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച എം സദാശിവനെ കോണ്‍ഗ്രസിലെ നാരായണന്‍ നായര്‍ പരാജയപ്പെടുത്തി.
എന്നാല്‍ നിയമസഭ നിലവില്‍ വന്നില്ല. 1967 ലെ തിരഞ്ഞെടുപ്പില്‍ എം സദാശിവന്‍ വീണ്ടും വിജയം നേടി.

1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി എസ് പി സ്ഥാനാര്‍ഥി കുട്ടപ്പന്‍ സദാശിവനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിച്ചു. 1977 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് വരദരാജന്‍ നായരാണിവിടെ വിജയിച്ചത്. പള്ളിച്ചല്‍ സദാശിവനെയാണദ്ദേഹം പരാജയപ്പെടുത്തിയത്. 1980 ല്‍ ഇന്ദിരാ കോണ്‍ഗ്രസിലെ ഇ രമേശന്‍ നായര്‍ വരദരാജന്‍ നായരെ പരാജയപ്പെടുത്തി.1982 ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ഇവിടെ വിജയിച്ചു. പി ഫക്കീര്‍ഖാനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മാളയിലും നേമത്തും വിജയിച്ചതിനെ തുടര്‍ന്ന് കരുണാകരന്‍ നേമം മണ്ഡലത്തില്‍ നിന്നും രാജിവച്ചു. തുടര്‍ന്ന് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ പരാജയപ്പെട്ടു. എല്‍ ഡി എഫിലെ വി ജെ തങ്കപ്പനാണ് വിജയിച്ചത്.

1987 ല്‍ വി എസ് മഹേശ്വരപിള്ളയെയും 1991 സ്റ്റാന്‍ലി സത്യനേശനെയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി ജെ തങ്കപ്പന്‍ പരാജയപ്പെടുത്തുകയായിരുന്നു. 1996 ല്‍ വെങ്ങാന്നൂര്‍ ഭാസ്‌കരന്‍ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി. തുടര്‍ന്ന് 2001 ലും 2006 ലും ഇടതുമുന്നണിയിലെ വെങ്ങാനൂര്‍ ഭാസ്‌കരനെ പരാജയപ്പെടുത്തി എന്‍ ശക്തന്‍ മണ്ഡലം കോണ്‍ഗ്രസ് പക്ഷത്ത് എത്തിച്ചു.

പുനഃസംഘടനയില്‍ നേമം മണ്ഡലത്തില്‍ മുമ്പുണ്ടായിരുന്ന മലയിന്‍കീഴ്, മാറനല്ലൂര്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകള്‍ പുതുതായി രൂപപ്പെട്ട് കാട്ടാക്കട മണ്ഡലത്തില്‍ ഉള്‍പ്പെട്ടു. നഗരസഭയിലെ 37 മുതല്‍ 39 വരെയും 48 മുതല്‍ 58 വരെയും 61 മുതല്‍ 68 വരെയും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ നേമം നിയോജകമണ്ഡലം. ഇവിടെ ഇടതുപക്ഷത്തിനുള്ള വ്യക്തമായ അടിത്തറ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന് കണക്കാക്കപ്പെടുന്നത്.

Malayalam