30 April 2017, Sunday

പിറവം

പതിനൊന്ന് കാര്‍ഷിക പഞ്ചായത്തുകളും വന്‍കിട വ്യവസായ സ്ഥാപനങ്ങളുള്ള പഴയ തിരുവാങ്കുളം പഞ്ചായത്തും ഉള്‍പ്പെട്ട മണ്ഡലമാണ് പിറവം. വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും ജില്ലയില്‍ പിറവത്തിനാണ് ഒന്നാംസ്ഥാനം.

പിറവം മണ്ഡലം നിലവില്‍ വരുമ്പോള്‍ 10 പഞ്ചായത്തുകളാണുണ്ടായിരുന്നത്. പിറവം, തിരുമാറാടി, പാമ്പാക്കുട, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി, മണീട്, ചോറ്റാനിക്കര, തിരുവാങ്കുളം (ഇപ്പോള്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍), രാമമംഗലം എന്നിവയ്ക്കൊപ്പം കൂത്താട്ടുകുളം, ഇലഞ്ഞി പഞ്ചായത്തുകളും ചേരുമ്പോള്‍ പുതിയ പിറവം മണ്ഡലത്തിന്റെ ചിത്രം പൂര്‍ണം. ഇതില്‍ തിരുവാങ്കുളം ഒഴികെ എല്ലാ പഞ്ചായത്തുകളും പൂര്‍ണമായി കാര്‍ഷിക പ്രാധാന്യമുള്ളവ. കൂത്താട്ടുകുളം, ഇലഞ്ഞി പഞ്ചായത്തുകള്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നാണ് പിറവത്തേക്ക് മാറിയത്. ആകെ വോട്ടര്‍മാര്‍ 1,72,291. മുന്‍ തെരഞ്ഞെടുപ്പില്‍നിന്നുള്ള വോട്ടര്‍മാരുടെ വര്‍ധന 28,319.

ഇതുവരെ മണ്ഡലത്തില്‍ നടന്ന എട്ട് തെരഞ്ഞെടുപ്പുകളില്‍ അഞ്ചുതവണ യുഡിഎഫും മൂന്നുതവണ എല്‍ഡിഎഫും ജയിച്ചു.

മണ്ഡലം രൂപീകൃതമായ 1977ല്‍ ടി എം ജേക്കബ്ബ് ആലുങ്കല്‍ ദേവസിയെ പരാജയപ്പെടുത്തി. 1980ല്‍  എല്‍ഡിഎഫിലെ പി സി ചാക്കോ സി പൌലോസിനെ തോല്‍പ്പിച്ചു. 1982ല്‍ എല്‍ഡിഎഫിലെ രാമന്‍കര്‍ത്തയെ തോല്‍പ്പിച്ച് ബെന്നിബഹനാന്‍ ജയിച്ചു. 1987ല്‍ ഗോപി കോട്ടമുറിക്കല്‍ ബെന്നിബഹനാനെ തോല്‍പ്പിച്ചു. തുടര്‍ന്നുള്ള മൂന്ന് തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പംനിന്ന മണ്ഡലത്തില്‍  2006ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ടി എം ജേക്കബ്ബ് കൊമ്പുകുത്തി. എല്‍ഡിഎഫിലെ എം ജെ ജേക്കബ്ബ് 5,150 വോട്ടിന് വിജയിച്ചു.

അക്കമിട്ട് പറയാവുന്ന വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തില്‍ പൂര്‍ത്തിയായത്. റോഡ്, പാലങ്ങള്‍, ജലസേചന സൌകര്യങ്ങള്‍ എന്നിവയുടെ വികസനത്തില്‍ പിറവം വന്‍ വളര്‍ച്ചനേടി. തീര്‍ഥാടനകേന്ദ്രങ്ങള്‍, ഗ്രാമീണ മേഖലകള്‍ എന്നിവ കോര്‍ത്തിണക്കി ടൂറിസംരംഗത്തും സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞു.

Malayalam
ജില്ല: