18 March 2019, Monday

പീരുമേട്

ആവേശത്തിരകളിളക്കി എല്‍ ഡി എഫ് വിജയം സുനിശ്ചിതമാക്കി മുന്നേറുകയാണ് പീരുമേടിന്റെ പ്രിയപുത്രിയായി മാറിയ ഇ എസ് ബിജിമോള്‍. കഴിഞ്ഞ തവണ ബിജിമോളോട് 5304 വോട്ടിന് പരാജയപ്പെട്ട കോണ്‍ഗ്രസിലെ ഇ എം ആഗസ്തിയാണ് മുഖ്യ എതിരാളി. ഇടതുപക്ഷജനാധിപത്യമുന്നണി ഒറ്റക്കെട്ടായി ശക്തമായ പ്രതിരോധനിര സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പോള്‍ കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും കലഹത്തില്‍ ആടിയുലയുകയാണ് യു ഡി എഫ്.

പീരുമേട് മണ്ഡലം രൂപീകരിച്ച 1965 മുതല്‍ നടന്ന 11 തിരഞ്ഞെടുപ്പുകളില്‍ ഏഴ് മത്സരങ്ങളിലും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥികളാണ് ഇവിടെ നിന്നും ജയിച്ചിട്ടുള്ളത്. 1965, 67, 70 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ കെ കെ തോമസും 2001 ഇ എം ആഗസ്തിയും പീരുമേടിനെ പ്രതിനിധീകിരിച്ചു.

തോട്ടം കാര്‍ഷിക മേഖലകള്‍ ഇടകലര്‍ന്ന പീരുമേട് നിയോജകമണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ട്. 2006 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 17 തോട്ടങ്ങള്‍ അടഞ്ഞുകിടക്കുകയും കാര്‍ഷിക പ്രതിസന്ധി മൂലം കര്‍ഷകര്‍ ആത്മഹത്യാമുനമ്പിലെത്തി നില്‍ക്കുകയുമായിരുന്നു. എന്നാല്‍ ഇടതുപക്ഷസര്‍ക്കാരിന്റെയും ഇ എസ് ബിജിമോളുടെയും ശക്തവും സമയോചിതവുമായ ഇടപെടലുകളിലൂടെ 15 തോട്ടങ്ങള്‍ തുറപ്പിക്കുന്നതിനും പ്രതിസന്ധിയിലായിരുന്ന സമസ്ത മേഖലകളിലെയും ജനങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുവാന്‍ കഴിഞ്ഞു.

സ്വപ്നപദ്ധതിയായ ഹെലിബറിയ കുടിവെള്ള പദ്ധതി നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. അഞ്ച് പഞ്ചായത്തുകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വാഗമണ്‍-കോലാഹലമേട് ഹൈ-ടെക് ഡയറിഫാമിലൂടെ 100 കണക്കിന് തൊഴില്‍ നല്‍കുന്നതിനും പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കഴിഞ്ഞു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് ഗതാഗതയോഗ്യമായ റോഡുകള്‍ ഉണ്ടായിരുന്നില്ല. പൊതുജനങ്ങള്‍ക്ക് വേണ്ടി എസ്റ്റേറ്റ് റോഡുകള്‍ തുറന്നുകൊടുക്കുവാന്‍ മാനേജ്‌മെന്റ് തയാറായിരുന്നില്ല. എന്നാല്‍ എം എല്‍ എയുടെ നിരന്തരശ്രമഫലമായി താറുമാറായിക്കിടന്നിരുന്ന എസ്റ്റേറ്റ് റോഡുകള്‍ തുറന്ന് സഞ്ചാരയോഗ്യമാക്കി. തോട്ടംതൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയിട്ടുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇതിനുമുന്‍പ് മറ്റൊരു സര്‍ക്കാരും നടത്താത്തത്ര വിപുലമാണ്.

പീരുമേടിന്റെ വികസനം ഒന്നൊന്നായി ജനങ്ങളെ ഓര്‍മ്മപ്പെടുത്തി എല്‍ ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പുരംഗം കൈപ്പിടിയിലൊതുക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അമ്പരന്ന് നില്‍ക്കുകയാണ് ആഗസ്തിയും അനുയായികളും. 2001-ല്‍ പീരുമേടിനെ പ്രതിനിധീകരിച്ചു എന്നത് തന്നെയാണ് ഇ എം ആഗസ്തിക്ക് ഏറെ വിനയായിത്തീര്‍ന്നിരിക്കുന്നത്. തേയില തോട്ടങ്ങള്‍ അടച്ചുപൂട്ടിയതടക്കം നിയോജകമണ്ഡലം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ നാളുകളില്‍ ആഗസ്തി ഒന്നും ചെയ്തില്ലെന്ന ആക്ഷേപമാണ് ഇപ്പോഴും മണ്ഡലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നത്.

ആഗസ്തിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസില്‍ ഉണ്ടായ പടപ്പുറപ്പാട് ഓരോ ദിവസവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ആഗസ്തിയ്‌ക്കെതിരെ പ്രകടനം നടത്തുന്നതിനും കോലം കത്തിക്കുന്നതിനും ആഗസ്തിയെ അംഗീകരിക്കാത്ത ഒരു പ്രബല വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിരുന്നു. പ്രചരണ രംഗത്തുനിന്നും അവരെല്ലാം വിട്ടുനില്‍ക്കുകയാണ്.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഒന്നാംഘട്ടമണ്ഡലം പര്യടനം വിജയകരമായി പൂര്‍ത്തീകരിച്ചു. സ്‌നേഹോഷ്മളമായ സ്വീകരണമാണ് മണ്ഡലത്തിലുടനീളം ഇ എസ് ബിജിമോള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പഴയ പീരുമേട് നിയോജക മണ്ഡലത്തോട് ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ചക്കുപള്ളം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളും ഇടുക്കി നിയോജക മണ്ഡലത്തിലെ കണ്ണംപടി ആദിവാസി മേഖല പൂര്‍ണമായും കൂട്ടിച്ചേര്‍ത്ത് മണ്ഡലപുനര്‍നിര്‍ണയം നടത്തിയപ്പോള്‍ ജില്ലയിലെ ഏറ്റവും വലിയ നിയോജക മണ്ഡലമായി പീരുമേട് മാറിയിരിക്കുകയാണ്. 164938 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.  
തൊടുപുഴ സ്വദേശിയും ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡന്റുമായ പി പി സാനുവാണ് ബി ജെ പി സ്ഥാനാര്‍ഥി.

Malayalam
ജില്ല: